- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യവിവരം കിട്ടിയത് ബെംഗളൂരു-തലശേരി ബസിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന്; കൂട്ടുപുഴയിൽ പുലർച്ചെ എക്സൈസ് പരിശോധനയിൽ കണ്ടെടുത്തത് കുഴൽപ്പണം; അഞ്ചുപേർ പിടിയിലായത് അരയിൽ പണം കെട്ടി വച്ച നിലയിൽ; ഒന്നേകാൽ കോടി കൊടുവള്ളി ഗോൾഡ് മാഫിയയിൽ നിന്ന് കടത്തുസ്വർണം വാങ്ങാനെന്ന സംശയം
ഇരിട്ടി: കൂട്ടുപുഴയിലെ ചെക്ക് പോസ്റ്റിൽ നിന്നും എക്സൈസ് പിടികൂടിയ ഒന്നേ കാൽ കോടിരൂപ കൊടുവള്ളിയിലെ സ്വർണക്കടത്തു മാഫിയയിൽ നിന്നും കടത്തുസ്വർണം വാങ്ങാനായി കൊണ്ടു പോവുകയായിരുന്ന ബ്ളാക്ക് മണിയെന്ന് സൂചന. കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തി കൊണ്ടുവരികയായിരുന്ന ഒരു കോടി പന്ത്രണ്ടു ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടിയ കേസിൽ പ്രതികളുടെ മൊഴിയാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സ്വർണാഭരണ ജൂവലറികൾക്ക് കടത്തു സ്വർണ ഉരുപ്പടികൾ എത്തിച്ചു കൊടുക്കുന്നത് പിടിയിലായ സംഘമാണെന്നാണ് പ്രാഥമിക പൊലീസ് റിപ്പോർട്ട്. ഇതിനായി പണവുമായി പോകുന്നതിനിടെയാണ് രഹസ്യ വിവരമനുസരിച്ചു എക്സൈസ് റെയ്ഡു നടത്തിയത്. എന്നാൽ ബെംഗളൂരുവിൽ നിന്നും വരുന്ന ടൂറിസ്റ്റ് ബസിൽ കുഴൽപ്പണമല്ല മയക്കുമരുന്നാണ് കടത്തുന്നതെന്നാണ് ഇൻഫോർമർ നൽകിയ വിവരം.
എന്തുതന്നെയായാലും ബസ് അരിച്ചു പൊറുക്കുമ്പോൾ കുഴൽപണം പിടികൂടുമെന്ന വിശ്വാസത്തിലായിരുന്നു ഈ തന്ത്രപരമായ നീക്കം. കൊടുവള്ളി മാഫിയയിലെ ചേരിപ്പോരാണോ ഈ ഒറ്റുകൊടുക്കലിന് പിന്നിൽ പ്രവർത്തിച്ചതെന്ന സൂചനയുണ്ട്. പൊലിസിനെ അറിയിച്ചാൽ വിവരം ചോരുമെന്ന കണക്കുകൂട്ടലിലാണ് വിവരം എക്സൈസിന് കൈമാറിയത്.
ഇതിനിടെ പിടിയിലായ പ്രതികളെ എക്സൈസ് ഇരിട്ടിപൊലിസിന് കൈമാറിയിട്ടുണ്ട്. പിടിച്ചെടുത്ത ഒരു കോടിയിലേറെ രൂപയും പൊലിസ് എണ്ണി തിട്ടപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പ്രതികളെയും ഏറ്റെടുത്തു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ബെംഗളൂരുവിൽ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും മതിയായ രേഖകളില്ലാത്ത പണവുമായി തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേർ പിടിയിലായത്. ഇവരുടെ ദേഹത്ത് വെച്ചു കെട്ടിയ നിലയിലുമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ പണം പിടികൂടിയത്. അരയിൽ നിന്നും എളിയിൽ നിന്നുമെല്ലാം പണം കണ്ടെത്തി.
കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ സ്വർണവ്യാപാരത്തിനായാണ് പണം കൊണ്ടു പോകുന്നതെന്നാണ് പിടിയിലായവർ എക്സൈസിന് നൽകിയ മൊഴി. വിവരമറിഞ്ഞെത്തിയ പൊലിസ് തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരെ ഇതുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കൂട്ടുപുഴചെക്ക് പോസ്റ്റിൽ കുഴൽപണം സഹിതം ഇവർ പിടിയിലായത്. ബെംഗളൂരിൽ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന പി.കെ ട്രാവൽസിലെ യാത്രക്കാരായ സെന്തിൽകുമാർ(42) പളനി(42) വിഷ്ണു(20) ആർ.മുത്തു(42) സുധലി മുത്തു(38) എന്നിവരാണ് അറസ്റ്റിലായത്.
കെ. എൽ 51 എ. എ 1445-ബസിൽ സംശയം തോന്നി എക്സൈസ് സംഘം യാത്രക്കാരെ പരിശോധിക്കുകയായിരുന്നു. തുണിയിൽ പൊതിഞ്ഞു അരയിൽ കെട്ടി വെച്ച നിലയിലായിരുന്നു പണം. തമിഴ്‌നാട്ടിലെ ജൂവൽ ഉടമകളുടെ പണമാണിതെന്നാണ് പറയുന്നത്. പിടിച്ചെടുത്ത കറൻസികളെല്ലൊം അഞ്ഞൂറ് രൂപയുടെതാണ്. എന്നാൽ സ്വർണ ബിസിനസിനായി ഉപയോഗിക്കാൻ കൊണ്ടു പോയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാനോ രേഖകൾ സമർപ്പിക്കാനോ ഇവർ് കഴിഞ്ഞിട്ടില്ല.
എക്സൈസ് ഇൻസ്പെക്ടർ പി.പി യേശുദാസൻ, പ്രിവന്റീവ് ഓഫീസർമാരായ ജോണി ജോസഫ്, നിസാർ, കെ.കെ സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ വിനോദ്,വി.വിനീഷ് എന്നിവരടങ്ങിയ സംഘമാണ് കുഴൽപണം പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അതിർത്തിയിലൂടെയുള്ള ലഹരിക്കടത്ത് തടയുന്നതിനായി പൊലീസും എക്സൈസും അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.