കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയില്‍ യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി തുരുത്തിയിൽ സ്വദേശി ഷേർളി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ സ്വദേശി ജോബ് സക്കറിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷേർളിയെ കഴുത്തിനു കുത്തിപരുക്കേൽപ്പിച്ചാണ് ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ആറ് മാസം മുൻപാണ് ഷേർളി കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. തുടർന്ന് ഇവർ ജോബ് സക്കറിയയുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് തർക്കങ്ങൾ പതിവായിരുന്നതായും പോലീസ് പറഞ്ഞു. ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജോബ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ഈ വിഷയങ്ങളെച്ചൊല്ലിയുണ്ടായ തർക്കങ്ങളെ തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും സൂചനയുണ്ട്. ഈ തർക്കങ്ങളാണോ ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. നാട്ടുകാരുമായോ അയൽവാസികളുമായോ ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ജോബിനെക്കുറിച്ച് ഭർത്താവ് മരിച്ചെന്നും വിവാഹബന്ധം വേർപ്പെടുത്തിയെന്നും ഉൾപ്പെടെ പല കഥകളും ഷേർളി പലരോടുമായി പങ്കുവെച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഷേർളിയെ ഫോണിൽ ലഭിക്കാതെ വന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. ജോബ് സക്കറിയയെ വീടിന്റെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ആറുമാസം മുൻപാണ് ഷേർളിയും ജോബും കൂവപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. വീട് ഷേർളിയുടെ പേരിലാണ്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറൻസിക് സംഘവും വീട്ടിൽ വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഇരുവരുടെയും ബന്ധുക്കളിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സയന്റിഫിക് വിദഗ്ധരെത്തിയശേഷം കൂടുതൽ പരിശോധനകൾ നടത്തും. ഈ സംഭവം കൂവപ്പള്ളി ഗ്രാമത്തിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.