- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്ന് ഒച്ചവെക്കാൻപോലുമാകാതെ അമ്മ തൊട്ടപ്പുറത്തെ മുറിയിൽ വെട്ടേറ്റ് ജീവൻവെടിയുമ്പോൾ മക്കൾ മൂന്നുപേരും ഉറക്കത്തിൽ; ഭാര്യയെ കൊന്ന് മക്കളെ വകവരുത്താൻ കൃഷ്ണദാസൻ ശ്രമിച്ചതിന് കാരണം ആർക്കും അറിയില്ല; വിഷാദം പ്രശ്‌നമായെന്ന് സംശയം; കോതക്കുറിശ്ശി ഗ്രാമം ഉത്തരം തേടുമ്പോൾ
ഒറ്റപ്പാലം: കൃഷ്ണദാസന് എന്തുപറ്റി? കോതകുറിശ്ശി ഗ്രാമത്തിന് ഉത്തരം കിട്ടേണ്ടത് ഈ ചോദ്യത്തിനാണ്. ഭാര്യയേയും സ്വന്തം മകളേയും വെട്ടിയ ക്രൂരത. ഇതിൽ ഭാര്യയുടെ മരണം ഉറപ്പാക്കുകയും ചെയ്തു. കോതക്കുറിശ്ശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ച സംഭവത്തിന്റെ കാരണം നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ലെന്നതാണ് വസ്തുത. കോതക്കുറിശ്ശി സ്വദേശി കിഴക്കേപ്പുരയ്ക്കൽ രജനി (37) യാണ് മരിച്ചത്. ഭർത്താവ് കൃഷ്ണദാസിനെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
ഒന്ന് ഒച്ചവെക്കാൻപോലുമാകാതെ അമ്മ തൊട്ടപ്പുറത്തെ മുറിയിൽ വെട്ടേറ്റ് ജീവൻവെടിയുമ്പോൾ മക്കൾ മൂന്നുപേരും ഉറക്കത്തിലായിരുന്നു. പിന്നീട് അച്ഛൻ കൊലക്കത്തിയുമായി മക്കളേയും വകവരുത്താൻ എത്തി. രജനിക്ക് വെട്ടേൽക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയിലാണ് ഇളയമക്കളായ അനഘയും ഏഴുവയസ്സുകാരൻ അഭിരാം കൃഷ്ണയും കിടന്നിരുന്നത്. മറ്റൊരുമുറിയിലാണ് മൂത്തമകൻ അഭിനന്ദ് കൃഷ്ണ (16) ഉറങ്ങിയിരുന്നത്. വെട്ടേറ്റ അനഘയുടെ അലർച്ചകേട്ടാണ് ഇരുവരും ഉണർന്നത്. ഇതോടെ, ഇവരും അലറിവിളിച്ചു. ഇതുകേട്ടാണ് അയൽവാസിയായ കൃഷ്ണദാസന്റെ സഹോദരൻ മണികണ്ഠൻ ഓടിയെത്തിയത്. അതുകൊണ്ട് കുട്ടികളുടെ ജീവൻ തിരിച്ചു കിട്ടി.
രജനിയുടെയും കൃഷ്ണദാസന്റെയും കുടുംബത്തിൽ ഇതുവരെ കാര്യമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിശ്വസിക്കാനാവുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽേ പാലും ഇരുവരെയും ക്ഷേത്രത്തിൽ കണ്ടിരുന്നെന്നും കൃഷ്ണദാസൻ ജോലിക്ക് പോയിരുന്നെന്നും അയൽക്കാർ പറയുന്നു. കുറച്ചുകാലംമുമ്പ്, നിർമ്മാണത്തൊഴിലിനിടെ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റശേഷം വിഷാദരോഗത്തിന് സമാനമായ സ്ഥിതിയിലായിരുന്നു കൃഷ്ണദാസ്. ഈ വിഷാദമാകും കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരു പ്രകോപനവുമില്ലാതെ, മുറിയിലെ കട്ടിലിൽ ഉറങ്ങുകയായിരുന്ന രജനിയെ കൃഷ്ണദാസൻ മടവാൾകൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന്, മറ്റൊരുമുറിയിൽക്കിടന്ന മകളെയും വെട്ടി. കുട്ടികൾ നിലവിളിക്കുന്നതുകേട്ട് തൊട്ടടുത്ത് താമസിക്കുന്ന കൃഷ്ണദാസിന്റെ സഹോദരൻ മണികണ്ഠൻ ഓടിയെത്തുകയും മടവാൾ പിടിച്ചുവാങ്ങി പറമ്പിലേക്ക് എറിയുകയും ചെയ്തു. ഇതിനിടെ മണികണ്ഠനും പരിക്കേറ്റു. കഴുത്തിലും കീഴ്‌ത്താടിയിലുമാണ് രജനിക്ക് മുറിവേറ്റത്. മകൾ അനഘയ്ക്ക് തലയിലും കഴുത്തിലും മുറിവുണ്ട്. അനഘ അപകടനില തരണംചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ മടവാൾ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണദാസിന്റെ കൈയ്ക്കും പരിക്കേറ്റു.
ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ഥലത്ത് വിരലടയാളവിദഗ്ധരും സാങ്കേതികവിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കൊലയ്ക്കുപയോഗിച്ച മടവാൾ വീടിന്റെ സമീപത്തുനിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അഭിനന്ദ് കൃഷ്ണ (16), അഭിരാംകൃഷ്ണ (7) എന്നിവരാണ് രജനിയുടെ മറ്റ് മക്കൾ.
മറുനാടന്‍ മലയാളി ബ്യൂറോ