കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. കൊല്ലം കൊട്ടാരക്കര പുലമണില്‍ ഇന്നുരാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് അമിതവേഗത്തിലെത്തിയ സ്‌കോര്‍പിയോ കാര്‍ ബസിന്റെ പിന്‍ഭാഗത്ത് ഡീസല്‍ ടാങ്കിന് സമീപത്തായി ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്നു കാര്‍. ആളപായമില്ല.

എതിര്‍വശത്തുനിന്ന് സ്‌കോര്‍പിയോ അമിതവേഗത്തില്‍ എത്തുന്നതുകണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് വശത്തേയ്ക്ക് ഒതുക്കിയെങ്കിലും കാര്‍ പിന്നിലെ ടയറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആക്സില്‍ അടക്കം നാല് ടയറുകള്‍ വേര്‍പെട്ട് ദൂരേയ്ക്ക് തെറിച്ചുപോയി.

അപകടത്തില്‍ സ്‌കോര്‍പിയോയുടെ മുന്‍ഭാഗവും വലതുവശവും പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്നിലെ ചക്രവും ഊരിത്തെറിച്ചു. ബസ് യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റുവെന്നാണ് വിവരം.

കൊട്ടാരക്കരയില്‍നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ബസ്. കാര്‍ ഇടിച്ചയുടനെ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ബോഡി റോഡില്‍ ഉരഞ്ഞു അല്‍പദൂരം മുന്നോട്ടുപോയാണ് ബസ് നിന്നത്.

രാവിലെയുള്ള ട്രിപ്പായിരുന്നതിനാല്‍ ബസില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, സ്‌കോര്‍പിയോയില്‍ സഞ്ചരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.