കോഴഞ്ചേരി: നാട്ടുകാർക്കു പ്രിയങ്കരരായിരുന്നു ഭഗവൽ സിങ്-ലൈല ദമ്പതികളെങ്കിലും രണ്ട് അരുംകൊലയ്ക്കു കാരണമായ ആഭിചാര കർമ്മങ്ങൾക്ക് പിന്നിലെ കാരണം മറ്റാർക്കും അറിയില്ല. ഭഗവൽ സിങ്ങിന്റെ ആദ്യ ഭാര്യയുടെ മരണത്തിന് ഇടയായത് ആഭിചാര കർമ്മമാണെന്ന സംശയവുമുണ്ട്. മാനസികമായി താളംതെറ്റിയ നിലയിലായിരുന്നു ആദ്യ ഭാര്യയെന്നും അതിനാൽ അവരെ ഒഴിവാക്കുകയായിരുന്നു എന്നാണ നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ആദ്യ ഭാര്യ മരിച്ചതിനെത്തുടർന്നാണ് ലൈലയെ ഇടപരിയാരത്തുനിന്നു വിവാഹം ചെയ്തത്. രണ്ടു കുട്ടികളുണ്ട്. രണ്ടുപേരും വിദേശത്ത്.

മൃദുഭാഷിയും സൗമ്യനുമായ ഭഗവൽ സിങ്ങിനെ അന്ധവിശ്വാസത്തിലേക്ക് നയിച്ചതു ലൈലയാണെന്നും അഭ്യൂഹം ശക്തമാണ്. സാമ്പത്തികമായി മുമ്പു നല്ല നിലയിലായിരുന്നു ഈ കുടുംബം. എന്നാൽ, അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ആഭിചാര കർമ്മത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നും സംസാരമുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷാഫിയുടെ മൊഴിയും ഭഗവൽ സിങ്ങിന്റെ മൊഴിയും ചില സംശയങ്ങൾക്ക് ഇടനൽകുന്നു. ഷാഫിയും െലെലയും തമ്മിൽ മുമ്പു ബന്ധമുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ വീട്ടിൽ നടന്നിട്ടും ഭഗവൽ സിങ്ങിന്റെയോ െലെലയുടെയോ മാനസികനിലയിൽ കാര്യമായ വ്യത്യാസം കണ്ടെത്താൻ സമീപവാസികൾക്കോ അവരുമായി അടുത്തു പെരുമാറിയവർക്കോ കഴിഞ്ഞില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത.

ശരീരമാസകലം മുറിവുണ്ടാക്കിയശേഷം കഴുത്തറുത്തു െപെശാചികമായാണു യുവതികളെ കൊലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ശരീരവും രണ്ടായി വെട്ടിമുറിച്ചിട്ടുമുണ്ട്. കഴുത്തറുത്ത് മാറ്റിയതു ലൈലയാണെന്നാണ് വ്യക്തമാകുന്നത്. കൊലപാതക കൃത്യത്തിൽ ഷാഫിക്കും പങ്കുണ്ടെന്നു പൊലീസ് പറയുന്നു. യുവതികളുടെ ശരീരം കത്തി ഉപയോഗിച്ചു കീറാൻ പ്രേരിപ്പിക്കുകമാത്രമല്ല ഷാഫിയും അതിൽ പങ്കാളിയായിരുന്നു. കൊലപാതക കൃത്യം ഭഗവൽ സിങ്ങിന്റെ അറിവോടെയായിരുന്നെങ്കിലും അയാൾ വെറും കാഴ്ചക്കാരന്മാത്രമായിരുന്നെന്നാണ് സൂചന. ഭഗവൽ സിങ്ങാണ് ആഭിചാര കൃത്യത്തിനു മുൻെകെയെടുത്തതെന്നു വാദിക്കുന്ന ചിലരുണ്ട്. വർഷങ്ങൾ മുമ്പ് ആദ്യഭാര്യയെ ഒഴിവാക്കിയത് ഇത്തരം ആഭിചാര ക്രിയകളിലൂടെയാണെന്ന് ഇപ്പോൾ പറയുന്നവരിൽ ഏറെയും, ആദ്യ ഭാര്യയിലുണ്ടായ പെൺകുട്ടിയുമായി അടുപ്പമുള്ളവരാണ്. കുട്ടി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ആദ്യ ഭാര്യ മരിച്ചത്. അക്കാലത്തു കുട്ടിയുമായി ബന്ധമുണ്ടായിരുന്ന ചിലർ, മരണവുമായി ബന്ധപ്പെട്ടു സംശയങ്ങൾ ഉയർത്തിയിരുന്നു.

കൊലപാതകം നടത്തിയെന്നു പറയപ്പെടുന്ന െലെല പോലും ചിരിച്ചും മറ്റുമാണ് ആളുകളോട് ഇടപെട്ടിരുന്നത്. ഇവരുടെ വീടുകളിൽ പോയവർക്കുപോലും സംശയം ജനിപ്പിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടും ഭഗവൽ സിങ് ആയുർവേദ പഠന ക്്ളാസുകൾക്കു നേതൃത്വം നൽകിയിരുന്നു. ഇതിനായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമസഭകളിലും അയൽക്കൂട്ടങ്ങളിലും എത്തിയിരുന്നു. ഇലന്തൂർ ചന്തയിൽ പഞ്ചായത്ത് കോംപ്ലക്സിൽ നടത്തിയിരുന്ന ഔഷധെത്തെ വിതരണകേന്ദ്രത്തിൽ വന്നവരോടും സൗമ്യമായാണ് ഭഗവൽ സിങ് ഇടപെട്ടിരുന്നത്. വീടിനു സമീപത്തു നടത്തിയിരുന്ന തിരുമ്മു കേന്ദ്രത്തിൽ എത്തിയിരുന്നവർക്കും ദമ്പതികളെപ്പറ്റി നല്ല മതിപ്പായിരുന്നു.

കാടിനാൽ ചുറ്റപ്പെട്ട വളപ്പിനു നടുവിൽ പഴയ തറവാട്. ഒപ്പം ആയുർവേദ വൈദ്യാലയവും തിരുമ്മുകേന്ദ്രവും. കൊട്ടാരം വൈദ്യന്മാർ എന്ന വിശേഷണമുള്ള തറവാട്ടിലെ ഇളംമുറക്കാരനായ ഭഗവൽ സിങ് തികഞ്ഞ മിതഭാഷി. മാന്യമായ പെരുമാറ്റം. മുമ്പ് സിപിഎം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം പ്രവർത്തകനുമാണ്. ഒപ്പം ആയുർവേദ വൈദ്യന്റെ പരിവേഷവും. ഇലന്തൂർ ചന്തയിൽനിന്നു പുന്നയ്ക്കാട്ടേക്കുള്ള റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മാർത്തോമ പള്ളിയായി. അവിടെനിന്നു വലത്തോട്ട് യാത്രചെയ്താൽ തരിയൻ നഗറിലെത്താം. അര കിലോ മീറ്റർ കഴിഞ്ഞാൽ വലതുഭാഗത്ത് നൂറു മീറ്റർ മാറി കാടിനാൽ ചുറ്റപ്പെട്ട ആഞ്ഞിലിമൂട്ടിൽ കടകംപള്ളി വീട് കാണാം. ആദ്യം നടന്നെത്തുന്നത് ആയുർവേദ ചികിത്സയുടെ ഭാഗമായ തിരുമ്മുകേന്ദ്രത്തിലേക്ക്. അത് പിന്നിട്ടാൽ വീടായി. ദിവസവും വിവിധ രോഗങ്ങൾക്ക് ചികിത്സ തേടി ആളുകൾ ഇവിടെ എത്താറുണ്ട്. തിരുമ്മു ചികിത്സയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

ആയുർവേദ ഔഷധത്തോട്ടം നടത്തുന്നതിന് ഇദ്ദേഹത്തിന് പഞ്ചായത്തിൽനിന്നു സഹായം ലഭിച്ചിരുന്നു. വീടിന് ചുറ്റും ഔഷധച്ചെടികൾ തഴച്ചു വളർന്നു നിൽപ്പുണ്ട്. ഇതിനൊപ്പം കാടും പടർന്ന് പന്തലിച്ചു. ആയുർവേദ സസ്യകൃഷി പുഷ്ടിപ്പെട്ടതോടെ ഫേസ്‌ബുക്ക് പേജ് ഇതിനായി ആരംഭിച്ചു. കുട്ടികളിൽ ഐ.ക്യു. വർധിപ്പിക്കാനുള്ള ക്ലാസുകൾ ഭഗവത് സിങ് നടത്താറുണ്ട്. മോട്ടിവേഷൻ ക്ലാസുകളാണ് മറ്റൊന്ന്. ആയുർവേദ മരുന്നുകളുടെ വിൽപ്പനയ്ക്കായി ഔട്ട്ലെറ്റ് തുടങ്ങാനും പഞ്ചായത്ത് ഇദ്ദേഹത്തെ സാഹയിച്ചു.