കോട്ടയം : കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സീനിയേഴ്സ് അതിപൈശാചികമായി ഉപദ്രവിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ മുറിയില്‍ മുട്ടു കുത്തിച്ചു നിര്‍ത്തുകയും കവിളത്ത് അടിക്കുകയും ചെയ്തു. പ്രതികളെല്ലാം സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളാണ്. പ്രതികളുടെ മുറിയില്‍ നിന്നും കത്തിയടക്കമുള്ള മാരകായുധങ്ങളും പോലീസ് കണ്ടെത്തി. കരിങ്കല്ലുകളും ഹോസ്റ്റലിലുണ്ട്. ഗുണ്ടാ പ്രവര്‍ത്തനമാണ് അവിടെ നടന്നതെന്ന് വ്യക്തം. സീനിയേഴ്സിനെ കാണുമ്പോള്‍ ബഹുമാന സൂചകമായി തലതാഴ്ത്തി നടക്കണമെന്നും ആജ്ഞാപിച്ചിരുന്നു. പരാതിക്കാരനായ വിദ്യാര്‍ഥിയെ മൃഗീയമായി പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷത്തിനു ചെലവു ചെയ്യാതിരുന്നതിനാലണെന്ന് വിവരമുണ്ട്. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥിയുടെ കൈയില്‍ പണമില്ലാതിരുന്നതിനാല്‍ പണം കൊടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് വയറിലും ശരീരമാസകലവും കുത്തി പരിക്കേല്‍പ്പിച്ച് സീനിയേഴ്സ് പൊട്ടിച്ചിരിച്ച് ആഹ്ളാദിച്ചത്.

ദൃശ്യങ്ങള്‍ മെബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കും. ഇതിനായി കോളജിലും ഹോസ്റ്റലിലും അന്വേഷണസംഘം വിശദമായ പരിശോധന നടത്തും. കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണു പോലീസ് നിഗമനം. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ വ്യക്തത വരുത്തുന്നതിനു പ്രതികളുടെ മെബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയ പരിശോധന നടത്തും. റാഗിംഗിന് വിധേയരായ എല്ലാ വിദ്യാര്‍ഥികളുടെയും വിശദമായ മൊഴി പോലീസ് രേഖപ്പെടത്തിയിട്ടുണ്ട്. വണ്‍, ടു, ത്രീ പറഞ്ഞ് നഗ്‌നരാക്കി കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ചശേഷം കുട്ടികളുടെ ശരീരത്തിലുടനീളം കോമ്പസും ഡിവൈഡറും ഉപയോഗിച്ച് കുത്തിക്കീറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രക്തം വാര്‍ന്നൊഴുകി വേദനകൊണ്ട് വിദ്യാര്‍ഥി കരയുമ്പോള്‍ മുറിവിലേക്ക് ലോഷന്‍ ഒഴിച്ച് ക്രീം തേയ്ക്കും. നിലവിളിക്കുമ്പോള്‍ വീണ്ടും മര്‍ദനം. ഇവയെല്ലാം വീഡിയോയില്‍ റെക്കോഡുചെയ്ത് കണ്ടുരസിക്കുകയും മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്ന ക്രൂരവിനോദം.

പീഡനത്തിനിരയായ വിദ്യാര്‍ഥികളെ പ്രതികള്‍ ബലമായി മദ്യവും കുടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മൊബൈലില്‍ ചിത്രീകരിച്ച മദ്യപാനരംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് നവംബറില്‍ പണപ്പിരിവും പീഡനവും തുടങ്ങിയത്. അര്‍ധരാത്രി പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. എല്ലാ ആഴ്ചകളിലും ജൂനിയര്‍ വിദ്യാര്‍ഥികള്‍ സീനിയേഴ്സിന് 800 രൂപവീതം മദ്യപാനത്തിന് നല്‍കണമായിരുന്നു. ഇതുനല്‍കാത്തവരെയാണ് രാത്രി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പ്രതികള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഗൂഗിള്‍ പേ വഴി പതിവായി പണം വാങ്ങിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചു. പ്രതികള്‍ ആവശ്യപ്പെട്ട തുക നല്‍കാതെ നടത്തിയ ക്രൂരമര്‍ദനം ഒരു വിദ്യാര്‍ഥി വീട്ടിലറിയിച്ചു. ഇതോടെയാണ് വിഷയം പോലീസിന് മുന്നിലെത്തിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പീഡനത്തിന് ഇരയായ വിദ്യാര്‍ഥികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാണ്.

ഇരയാക്കപ്പെട്ട കുട്ടികളുടെ അധ്യയനവര്‍ഷം ആരംഭിച്ച നവംബറില്‍തന്നെ പ്രതികള്‍ റാഗിങ് ആരംഭിച്ചു. ഏവരെയും ഞെട്ടിച്ച ക്രൂരത അരങ്ങേറിയത് ഡിസംബര്‍ 13നാണ്. ഇരകളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിന് പണം കിട്ടാത്തതോടെയായിരുന്നു പീഡനം. ഫെബ്രുവരി ഒമ്പതിനും ആവര്‍ത്തിച്ചു. 11ന് പൊലീസിന് പരാതി ലഭിച്ചയുടന്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു. അതിനിടെ ഗവ. നഴ്‌സിംഗ് കോളജുകളില്‍ ആന്റി റാഗിംഗ് സ്‌ക്വാഡ് സുതാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ഗവ. നഴ്‌സിംഗ് കോളജിലെ റാഗിംഗില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണം. കോളജ് ഹോസ്റ്റലുകളില്‍ 24 മണിക്കൂര്‍ സെക്യൂരിറ്റി, ഹൗസ് കീപ്പര്‍ സേവനം ഉറപ്പാക്കണമെന്നാണ് ആവശ്യം.

കോട്ടയത്തെ കോളജില്‍ കൃത്യമായ ഹൗസ് കീപ്പര്‍, സെക്യൂരിറ്റി സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നഴ്‌സിംഗ് കൗണ്‍സില്‍, ആരോഗ്യ സര്‍വകലാശാല എന്നിവയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതു ഖേദകരമാണ്. കോട്ടയം ഗവ. നഴ്‌സിംഗ് കോളജില്‍ റാഗിംഗിനിരയായ വിദ്യാര്‍ഥികള്‍ക്ക് അസോസിയേഷന്‍ പൂര്‍ണ പിന്തുണ നല്‍കും. കേരളത്തിലെ ഏതെങ്കിലും നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗോ മറ്റു ബുദ്ധിമുട്ടുകളോ വിദ്യാര്‍ഥികള്‍ നേരിടുന്നുണ്ടെങ്കില്‍ അസോസിയേഷന്‍ ഇടപെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അതിനിടെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നത് പോലീസ് തുടരുകാണ്. കോളേജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

കോളേജിന്റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ മാര്‍ച്ച് നടത്തും. കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയനും കോളേജിന് മുന്നില്‍ പ്രതിഷേധിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനായ പ്രിന്‍സിപ്പാള്‍ എം ടി സുലേഖയേയും അസിസ്റ്റന്റ് വാര്‍ഡന്‍ അജീഷ് പി മാണിയേയും സസ്‌പെന്റ് ചെയ്തു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.