- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല ആംഗ്യ കാണിച്ചതും ആക്രമിച്ചതും ഷെഫീറും അസ്ലമും അനസും ചേർന്ന്; അതിക്രൂര സദാചാര ആക്രമണത്തിന് ചുമത്തിയത് ജാമ്യം കിട്ടാവുന്ന ദുർബ്ബല വകുപ്പുകൾ; പ്രതികളെ വിട്ടയയ്ക്കാത്തത് ആശ്വാസം; കോട്ടയത്ത് വിദ്യാർത്ഥിനിയും സുഹൃത്തും ആക്രമിക്കപ്പെട്ടത് വാഹനാപകടത്തിൽ പരിക്കേറ്റ ആശുപത്രിയിലുള്ള സഹപാഠിക്ക് വസ്ത്രങ്ങൾ നൽകി വരുമ്പോൾ
കോട്ടയം: വീണ്ടും സദാചാര പൊലീസ് ചർച്ചകളിലേക്ക് കേരളം. മലയാളിക്ക് അപമാനമാണ് ഇന്നലെ കോട്ടയത്ത് രാത്രിയുണ്ടായ സംഭവം. മറക്കാൻ ആഗ്രഹിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം ഉണ്ടായതെന്ന് കോളേജ് വിദ്യാർത്ഥിനി പറയുന്നു. ശാരീരികമായും മാനസികമായും നേരിട്ട ആഘാതം ഇതുവരെയും വിട്ടുമാറിയിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളതെന്നും വിദ്യാർത്ഥിനി പ്രതികരിച്ചു. മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഐപിസി 323, 354എ, 34വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് പ്രതികളെ കൈയോടെ പിടികൂടിയെന്നാണ് വ്യക്തമാകുന്നത്. എന്നാൽ പൊലീസ് ഇട്ട എഫ് ഐ ആറിൽ പ്രതികൾക്ക് പേരില്ല. ആളറിയാത്ത മൂന്ന് പേർ എന്നാണ് എഫ് ഐ ആറിലുള്ളത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള തന്ത്രമാണോ എന്ന സംശയമാണ് ഉയരുന്നത്. ആശുപത്രിയിൽ കഴിയുന്ന ഇരയുടെ മൊഴി രേഖപ്പെടുത്തിയതെന്നും അതനുസരിച്ചാണ് കേസെടുത്തതന്നും എഫ് ഐ ആറിൽ പറയുന്നു. എഫ് ഐ ആറിലെ വകുപ്പുകളെല്ലാം ജാമ്യം കിട്ടുന്നതാണ്. സാദാചാര ഗുണ്ടായിസത്തിന് അനുയോജ്യമായ വകുപ്പുകളൊന്നും ചേർത്തിട്ടില്ലെന്നതാണ് വസ്തുത.
ക്രൂരമായ ആക്രമണമാണുണ്ടായത്. വധശ്രമത്തിന് സമാനം. എന്നാൽ അതിന് കേസെടുത്തതുമില്ല. ഫലത്തിൽ പ്രതികളെ സഹായിക്കുന്നതാണ് വകുപ്പെല്ലാം. അതിക്രൂരമായ അക്രമാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്. ഷെഫീർ, അസ്ലാം, അനസ് എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചേർത്തിട്ടില്ലെങ്കിലും ഇവർ പൊലീസ് സ്‌റ്റേഷനിൽ തന്നെയുണ്ട്. ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് വിട്ടയയ്ക്കാത്തത്.
'ഞാൻ ആ സമയത്ത് അവിടെ ഇരുന്നതെല്ലാമാണ് അവരെ പ്രകോപിപ്പിച്ചത്. കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. മോശമായി പെരുമാറി. തെറിവിളിച്ചു. എന്നെയാണ് അവർ കളിയാക്കിയത്. ഞാൻ പോടാ എന്ന് വിളിച്ച് പ്രതികരിച്ചതോടെ അവർ തല്ലാൻ തുടങ്ങി. എന്നെ തല്ലാൻ പറ്റാത്തതിന് അവനെയാണ് തല്ലിത്തുടങ്ങിയത്. ഞങ്ങൾ ആരാണെന്നാ വിചാരം എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. മെയിൻ റോഡിലായിരുന്നു എല്ലാം. പത്തുമിനിറ്റോളം ഇത് നീണ്ടുനിന്നു. അവസാനമാണ് പൊലീസ് വന്നത്. എന്റെ തലയ്ക്കും വയറിനും നല്ല വേദനയുണ്ട്. മനസ്സും ശരീരവും ഇതുവരെ ഓക്കെ അല്ല. സുഹൃത്തിനാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്'- പെൺകുട്ടി പറഞ്ഞു.
കഴിഞ്ഞദിവസം ആക്രമണം നടത്തിയ സംഘം കോളേജിലെ മറ്റൊരു കുട്ടിയെ പിറകെനടന്ന് ശല്യപ്പെടുത്തിയിട്ടുണ്ടെന്നും പെൺകുട്ടി ആരോപിച്ചു. രാത്രി പത്തരയോടെയാണ് കോട്ടയം നഗരമധ്യത്തിൽ കോളേജ് വിദ്യാർത്ഥികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥികളെ കാറിൽ പിന്തുടർന്നെത്തിയ മൂന്നംഗസംഘം വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സഹപാഠിക്ക് വസ്ത്രങ്ങൾ നൽകാനായാണ് വിദ്യാർത്ഥികളായ രണ്ടുപേരും സ്‌കൂട്ടറിൽ നഗരത്തിലെത്തിയത്. തുടർന്ന് ഇരുവരും നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി. ഇതിനിടെയാണ് മൂന്നംഗസംഘം ഇരുവർക്കും നേരേ അശ്ലീലകമന്റടി ആരംഭിച്ചത്. വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞ സംഘം, പെൺകുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചു. തുടർന്ന് തട്ടുകടയിൽനിന്ന് സ്‌കൂട്ടറിൽ മടങ്ങിയ വിദ്യാർത്ഥികളെ മൂന്നംഗസംഘം കാറിൽ പിന്തുടർന്നെത്തി വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
പ്രതികളായ മൂന്നുപേരും ചേർന്ന് വിദ്യാർത്ഥികളെ റോഡിലിട്ട് മർദിച്ചു. റോഡിൽ വീണ പെൺകുട്ടിയെ ഇവർ വീണ്ടും ആക്രമിച്ചു. തുടർന്ന് നാട്ടുകാരും നഗരത്തിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘവും എത്തിയാണ് വിദ്യാർത്ഥികളെ രക്ഷിച്ചത്. പ്രതികളായ മൂന്നുപേരെയും കൈയോടെ പിടികൂടി എന്നത് മാത്രമാണ് ആശ്വാസം.
കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഷബീർ, മുഹമ്മദ് അസ്ലം, അഷ്‌കർ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മറുനാടന്‍ മലയാളി ബ്യൂറോ