- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയ ബന്ധുവിൽ നിന്ന് താൻ പണം വാങ്ങിയില്ല; അയൽവാസി 10 ലക്ഷം വാങ്ങിയപ്പോൾ ഇടനിലക്കാരിയായി; ഇതിന്റെ പേരിലാണോ തന്റെ മകനെ കിഡ്നാപ്പ് ചെയ്തതെന്ന് ആഷിക്കിന്റെ അമ്മ
കൊല്ലം: കൊട്ടിയത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ, സാമ്പത്തിക തർക്കത്തെ തുടർന്നുള്ള ക്വട്ടേഷൻ ആണെന്ന് തെളിഞ്ഞിരുന്നു. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങിയെന്നും, തിരികെ നൽകാതെ വന്നതോടെ, പണം വാങ്ങിയെടുക്കാൻ ബന്ധുവിന്റെ മകനായ ബിജു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നുമാണ് വാർത്ത വന്നത്. മർത്താണ്ഡത്ത് ബി ഫാമിന് പഠിക്കുകയാണ് ബിജു. ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്നും വിവരം പുറത്തുവന്നിരുന്നു. എന്നാൽ, ബന്ധുവിൽ നിന്നും താൻ പണം വാങ്ങിയിട്ടില്ലെന്ന് സംഘം തട്ടിക്കൊണ്ടുപോയ 14 കാരൻ ആഷിക്കിന്റെ അമ്മ പറഞ്ഞു. അയൽവാസിയാണ് 10 ലക്ഷം രൂപ വാങ്ങിയത്. താൻ പണം കൊടുക്കുന്നതിന് ഇടനിലക്കാരിയായി നിന്നു എന്നത് സത്യമാണ്. ഇതിൽ ഇപ്പോൾ എന്തുസംഭവിച്ചു എന്നത് തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.
മൂന്നു വർഷം മുമ്പാണ് 10 ലക്ഷം രൂപ അയൽവാസി വാങ്ങിയത്. വായ്പ തിരിച്ചടവിന് വേണ്ടിയാണ് അയൽവാസിയായ സ്ത്രീ തന്നോട് പണം ആവശ്യപ്പെട്ടത്. എന്നാൽ അയൽവാസി ഈ പണം തിരികെ നൽകിയില്ല. ഇതിൽ കേസ് നിലവിലുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
താൻ പണം വാങ്ങിച്ചിട്ടില്ല. തന്റെ ആവശ്യത്തിന് വിനിയോഗിച്ചിട്ടുമില്ല. 2019 ൽ നടന്ന സംഭവമാണിത്. ഈ 10 ലക്ഷത്തിന്റെ പേരിലാണോ തന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്ന് അറിയണമെന്നും അമ്മ ആവശ്യപ്പെട്ടു.
അതേസമയം, തട്ടിക്കൊണ്ടുപോയവർ മയക്കുഗുളിക നൽകി ബോധരഹിതനാക്കിയെന്ന് 14 കാരൻ ആഷിക്ക് പറഞ്ഞു. സഹോദരിയെ അടിച്ചു വീഴ്ത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ തന്നെ വലിച്ചിഴച്ചു. തട്ടിക്കൊണ്ട് പോയവർ സംസാരിച്ചത് തമിഴാണെന്നും ആഷിക്ക് പറഞ്ഞു. അയൽപക്കത്തെ വീട് വാടകയ്ക്ക് കൊടുക്കുമോ എന്ന് ചോദിച്ചാണ് ഒരാൾ വീട്ടിൽ വന്നത്. അതേപ്പറ്റി അറിയില്ലെന്ന് താൻ മറുപടി പറഞ്ഞു. തിരികെ അകത്തേക്ക് പോയ ഉടനെ വീണ്ടും കതകിൽ മുട്ടി. വാതിൽ തുറന്നപ്പോൾ അച്ഛന്റെ ഫോൺനമ്പർ പറയാൻ ആവശ്യപ്പെട്ടു. അതുപറയുന്നതിനിടെ മറ്റൊരാൾ മൂക്കിൽ തുണി അമർത്തിപ്പിടിച്ച് തന്നെ എടുത്തു. തടയാൻ വന്ന സഹോദരിയെ അടിച്ചു വീഴ്ത്തിയെന്നും ആഷിക്ക് പറഞ്ഞു.
കാറിൽ കയറ്റിയശേഷം ഫോണിൽ തന്റെയും സഹോദരിയുടേയും ഫോട്ടോ കാണിച്ചു. ഇത് നീയല്ലേയെന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോൾ, മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി ഗുളിക വായിലിട്ട് തന്ന് കഴിക്കാൻ ആവശ്യപ്പെട്ടു. അതു കഴിച്ചപ്പോഴേക്കും ഓർമ്മ പോയിയെന്ന് കുട്ടി പറഞ്ഞു. വണ്ടി കാട്ടിൽ കൊണ്ടിട്ട് റോഡിൽ കിടക്കുന്നതാണ് ഓർമ്മ വന്നപ്പോൾ കണ്ടതെന്നും ആഷിക്ക് വെളിപ്പെടുത്തി.
ഏതൊക്കെയോ ഊടുവഴിയിലൂടെ തന്നെയും കൊണ്ടുപോയി. മിണ്ടരുതെന്നും നിന്നെ രക്ഷിക്കാമെന്നും അവർ പറഞ്ഞു. പിന്നെ ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോയപ്പോഴാണ് പൊലീസ് പിടികൂടുന്നത്. അപ്പോഴേക്കും ബാഗിട്ട ചേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങിയോടിയെന്നും ആഷിക്ക് പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. മാതാപിതാക്കളില്ലാത്ത സമയത്താണ് ഇവർ എത്തിയത്.
തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ സംഘത്തെ തടഞ്ഞ്, അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കാട്ടുതറ, പുളിയൻവിള തെറ്റയിൽ സോമന്റെ മകൻ ബിജു(30) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കൊട്ടിയം വാലിമുക്കിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനെയാണ് കാറിൽ വന്ന സംഘം ബലമായി വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടുപോയ സംഘത്തിൽ ആകെ ഒൻപതു പേരുള്ളതായി പൊലീസ് കണ്ടൈത്തി. ഇവരിൽ ഒരാളൊഴികെ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. മലയാളം സംസാരിക്കുന്ന ഒരാൾ മാത്രമാണ് സംഘത്തിലുണ്ടായിരുന്നെതന്നാണ് പൊലീസിനു ലഭിച്ച സൂചന.
കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. മറ്റ് പ്രതികൾ രക്ഷപ്പെട്ടെങ്കിലും ഇവർ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് മനസിലാക്കി ജില്ലാ അതിർത്തികളിലും സംസ്ഥാന അതിർത്തികളിലും സന്ദേശം കൈമാറുകയും വാഹനപരിശോധന കർശനമാക്കുകയും ചെയ്തു.
കിഡ്നാപ്പിങ് ദിവസങ്ങളുടെ നിരീക്ഷണത്തിന് ശേഷം
ദിവസങ്ങളുടെ നിരീക്ഷണത്തിനു ശേഷമാണ് ഇവർ തിങ്കളാഴ്ച വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മൂന്നു ദിവസം മുമ്പേ കൊട്ടിയത്ത് ഹോട്ടലിൽ മുറിയെടുത്തു താമസിച്ചിരുന്നതായി വ്യക്തമായി. പിടിയിലായ മാർത്താണ്ഡം സ്വദേശി ബിജുവിനെ ചോദ്യംചെയ്തപ്പോഴാണ് പൊലീസിന് സംഘത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കൊട്ടിയത്തു താമസിച്ച് വീട്ടുകാരുടെ നീക്കങ്ങൾ ഇവരെ പിന്തുടർന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങളിലായി പല തവണ ഇവർ കാറിൽ ഈ റോഡിൽ കറങ്ങിനടന്നിരുന്നു.
പൊലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചിരുന്നു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.
11.30ഓടെ പാറശാല കോഴിവിളക്കു സമീപം പൊലീസ് ഒാട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും മറ്റു രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ