കോഴഞ്ചേരി: തിരക്കേറിയ നഗരം സ്തംഭിപ്പിച്ചും ഭീതി പരത്തിയും ഇതര സംസ്ഥാന തൊഴിലാളിയുടെ വിളയാട്ടം. ഗതാഗതം തടസപ്പെട്ടു. യാത്രക്കാരും ഭീതിപൂണ്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടൗണിൽ പൊയ്യാനിൽ പ്ലാസക്ക് സമീപമുള്ള പ്രധാന ബസ് സ്റ്റോപ്പിൽ ബംഗാൾ സ്വദേശിയെന്ന് പറയുന്ന ബിദുപാൽ അക്രമാസക്തനായത്. കൈവശം ഉണ്ടായിരുന്ന ബാഗുകൾ ബസ്ബേയുടെ മധ്യത്തിലിട്ട ശേഷം ആയിരുന്നു തിരുവല്ല-പത്തനംതിട്ട സംസ്ഥാന പാതയിലേക്ക് ഇറങ്ങിയത്. ഏറെ തിരക്കുള്ള റോഡിലേക്ക് കയറി വാഹനങ്ങൾ തടഞ്ഞു തുടങ്ങി.

ഇതും പോരാഞ്ഞ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപം ബസ് ബേക്ക് വേണ്ടി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഇളക്കി പ്രധാന പാതയിലേക്ക് വച്ചു. റോഡിലൂടെ വന്ന് ഇവിടം കടക്കാൻ ശ്രമിച്ചവരെ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. സ്‌കൂട്ടറിൽ കുട്ടിയുമായി വന്ന യുവതിക്ക് നേരെ തട്ടിക്കയറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതോടെ ഇവിടെ ഉണ്ടായിരുന്ന ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ഇയാളെ
പിടിച്ചു നിർത്തി. ഇതോടെ ഇവർക്ക് നേരെയും ഇയാൾ അസഭ്യം പറയുകയും തൊഴിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെ ആറന്മുളയിൽ നിന്നും പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. റോഡിലേക്ക് വച്ച ബാരിക്കേഡുകൾ മാറ്റുകയും ചെയ്തു. അര മണിക്കൂറിന് ശേഷമാണ് സംസ്ഥാന പാതയിലെ ഗതാഗതം പൂർവ സ്ഥിതിയിലായത്. കസ്റ്റഡിയിൽ എടുത്ത ബിദുപാലിനെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇതിനിടെ വിവരം അറിഞ്ഞ പത്തനംതിട്ടയിലുള്ള ഇയാളുടെ ബന്ധുക്കൾ എത്തി. പത്തനംതിട്ടയിൽ നിർമ്മാണ തൊഴിലാളി ആണെന്നും അവിടെ നിന്നും പിണങ്ങി നാട്ടിലേക്ക് തിരിച്ചതാണെന്നും പൊലീസിനോട് പറഞ്ഞു. ബന്ധുക്കളുടെ ഉറപ്പിന്മേൽ ഇയാളെ പിന്നീട് വിട്ടയച്ചു.