- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കായുള്ള ട്രഷറി നിക്ഷേപവും കൈവെച്ചു സർക്കാർ; ഖജനാവിലേക്ക് മുതൽ കൂട്ടിയത് നെല്ലിക്കാല ഗവ.എൽ.പി.എസിലെ പിടിഎ ഫണ്ട് അരലക്ഷം രൂപ; ഇത് പതിവ് നടപടി ക്രമമെന്ന് ട്രഷറി അധികൃതർ; പരാതി നൽകിയാൽ ഏതെങ്കിലും കാലത്ത് തിരിച്ചു കിട്ടിയേക്കുമെന്നും വിശദീകരണം
പത്തനംതിട്ട: സംസ്ഥാന സർക്കാർ ഇത്രത്തോളം ഗതികേടിലാണോ? പാവപ്പെട്ടവരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിൽ നിന്നുള്ള പിടിഎ ഫണ്ട് ട്രഷറി നിക്ഷേപമാക്കിയപ്പോൾ ആരോടും ചോദിക്കാതെ അത് ഖജനാവിലേക്ക് മുതൽ കൂട്ടി. ചോദിച്ചു ചെന്നപ്പോൾ പരാതി നൽകൂ തിരിച്ചു കിട്ടുന്ന കാര്യം പരിഗണിക്കാമെന്ന് അഴകൊഴമ്പൻ മറുപടി.
ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിലുള്ള നെല്ലിക്കാല ഗവ.എൽ.പി സ്‌കൂളിലെ കുരുന്നുകളുടെ പഠന സഹായത്തിനായി വിരമിച്ചതും നിലവിലുള്ളതുമായ അദ്ധ്യാപകരും പിടിഎയും ചേർന്ന് സമാഹരിച്ച് കോഴഞ്ചേരി സബ് ട്രഷറിയിൽ നിക്ഷേപിച്ച പണമാണ് സർക്കാർ ആരെയും അറിയിക്കാതെ സ്വന്തമാക്കിയിരിക്കുന്നത്. സ്‌കൂളിലെ ആവശ്യത്തിനായി പണമെടുക്കാൻ ചെന്നപ്പോഴാണ് നിങ്ങൾക്കിവിടെ പണമൊന്നുമില്ലെന്ന് ട്രഷറി ജീവനക്കാർ അറിയിച്ചിരിക്കുന്നത്.
ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ് നെല്ലിക്കാലായിലേത്. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയ്ക്ക് അരികിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളലിൽ ഇരുനൂറിലധികം കുരുന്നുകളാണ് പഠിക്കുന്നത്. അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെയും മാതൃസമിതിയുടെയും പൂർവ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം സ്‌കൂളിന്റെ നടത്തിപ്പിനുണ്ട്. ഈ പ്രവർത്തന മികവ് കൂടി പരിഗണിച്ചാണ് വിരമിച്ച അദ്ധ്യാപകരുടെ കൂടി സഹായത്താൽ അരലക്ഷം രൂപ സമാഹരിച്ച് സ്ഥിര നിക്ഷേപം ഏർപ്പെടുത്തിയത്.
ഓരോ വിദ്യാലയ വർഷത്തിലും ഇതിന്റെ പലിശഉപയോഗിച്ചു് കുട്ടികൾക്ക് ആവശ്യമായ സാഹായം നൽകുക ആയിരുന്നു ലക്ഷ്യം. എൻഡോവ്മെന്റിലേക്ക് സമാഹരിച്ച അര ലക്ഷം രൂപ തൊട്ടടുത്തുള്ള ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. ഇക്കാലത്തുണ്ടായ പ്രളയവും കോവിഡും പഠന ക്രമം തെറ്റിച്ചു. യഥാ സമയം പലയിടത്തും സ്‌കൂൾ വാർഷികം നടത്തുന്നതിനോ സഹായങ്ങൾ നൽകുന്നതിനോ കഴിഞ്ഞില്ല. ഇതിനിടയിൽ എൻഡോവ്മെന്റ് ഫണ്ട് സംബന്ധിച്ചു് സർക്കാർ പുതിയ
ഉത്തരവും ഇറക്കി.
പതിനായിരത്തിൽ അധികം വരുന്ന തുക ബന്ധപ്പെട്ട സബ് ട്രഷറികളിൽ നിക്ഷേപിക്കാനായിരുന്നു ഉത്തരവ്. ഇതനുസരിച്ച് നെല്ലിക്കാല സ്‌കൂൾ പിടിഎയും തുക കോഴഞ്ചേരി സബ് ട്രഷറിയിലേക്ക് മാറ്റി. ഈ തുകയുടെ പലിശ എടുക്കാനായി ബന്ധപ്പെട്ടവർ ട്രഷറിയിൽ എത്തിയപ്പോൾ പലിശ നല്കാൻ കഴിയില്ലെന്ന് കഴിഞ്ഞ വർഷം അറിയിച്ചു. കോവിഡ് കാലത്ത് കുട്ടികളെ സഹായിക്കുക ആയിരുന്നു അന്നത്തെ ആവശ്യം. ഇത് ലഭിക്കാതെ വന്നതോടെ പിടിഎ നിരാശയിലായി. ഇവർ തന്നെ തുക കണ്ടെത്തി കുട്ടികൾക്ക് അവശ്യ സഹായങ്ങൾ നൽകി. ഇപ്പോൾ പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ തങ്ങളുടെ അക്കൗണ്ടിലെ തുകയുടെ പലിശ തുക പിൻവലിക്കാൻ അധികൃതർ ട്രഷറിയെ സമീപിച്ചു. അപ്പോഴാണ് എൻഡോവ്മെന്റ് നിക്ഷേപം ട്രഷറിയിൽ തന്നെ ഇല്ലെന്നറിയുന്നത്. ഈ തുക സർക്കാർ ഖജനാവിലേക്ക് മുതൽ കൂട്ടി എന്നാണ് അധികൃതർ പറയുന്നത്.
ഇതൊരു നടപടി ക്രമം മാത്രമാണെന്നും എല്ലാ വർഷവും മാർച്ച് അവസാനം വലിയ തുക ആവശ്യമായി വരുമ്പോൾ ഇത്തരം നിക്ഷേപങ്ങളിൽ കൈവയ്ക്കാറുണ്ടെന്നും ട്രഷറി അധികൃതർ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് വഴി ധന വകുപ്പിനെ സമീപിച്ചാൽ നിക്ഷേപം തിരികെ ലഭിക്കാൻ സാധ്യത ഉണ്ടെന്നും ഇവർ പറയുന്നു. എന്നാൽ സർക്കാരിന്റെ ധനസ്ഥിതി അനുസരിച്ചാകും ഇത്. മുൻ കാലങ്ങളിൽ നാട്ടിലെ സഹകരണ ബാങ്കുകളിലും എസ് ബി ഐ അടക്കമുള്ള ദേശസാൽകൃത ബാങ്കുകളിലും ആയിരുന്നു സ്‌കൂളുകളിലെ ഇത്തരം നിക്ഷേപങ്ങൾ ഉണ്ടായിരുന്നത്.
എന്നാൽ നിലവിലെ നിയമ പ്രകാരം ഇത് സർക്കാർ ട്രഷറിയിൽ തന്നെ നിക്ഷേപിക്കണം. സർക്കാർ തങ്ങളുടെ ഫണ്ട് കൈയിട്ടു വാരിയതറിഞ്ഞ് പിടിഎ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ചേർന്ന യോഗം പണം തിരികെ കിട്ടാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്