- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് അപകടം; ബെന്‍സ് കാറോടിച്ച മഞ്ചേരി സ്വദേശി സാബിദ് അറസ്റ്റില്‍; നടപടിയുമായി എം.വി.ഡി; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; വാഹനത്തിന്റെ ആര്‍സി റദ്ദാക്കും
കോഴിക്കോട് യുവാവിന്റെ മരണം: വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍
കോഴിക്കോട്: ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹന അപകടത്തില്‍ ഇരുപതുകാരന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനമോടിച്ചു, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പും (എം.വി.ഡി) നടപടി തുടങ്ങി. വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് അടുത്ത ദിവസം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്ന് എം.വി.ഡി. അറിയിച്ചു. വാഹനത്തിന്റെ ആര്‍സി റദ്ദാക്കാനും നിര്‍ദേശം നല്‍കി.
ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകനായ ആല്‍വിന്‍ (20) മരിച്ചത്. അപകടത്തെ തുടര്‍ന്ന് കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ട് കാറുകള്‍ സമാന്തരമായി അതിവേഗത്തില്‍ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തു നിന്ന് ആല്‍വിന്‍ ചിത്രീകരിക്കുകയായിരുന്നു. കാറുകള്‍ ആല്‍വിന്റെ തൊട്ടു മുന്നില്‍ എത്തുമ്പോള്‍ നിര്‍ത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ കാറുകളുടെ അതിവേഗം കണ്ട ആല്‍വിന്‍ റോഡിന്റെ വശത്തേക്കു മാറുമ്പോള്‍ ഇടിക്കുകയായിരുന്നു. കാര്‍ ആക്‌സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ആണു ചിത്രീകരിച്ചത്.
ഗള്‍ഫില്‍ ബന്ധുവിന്റെ സ്ഥാപനത്തില്‍ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആല്‍വിന്‍. രണ്ട് വര്‍ഷം മുന്‍പു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീല്‍സ് ചെയ്തിട്ടുള്ളതിനാല്‍ നാട്ടിലെത്തിയപ്പോള്‍ അവര്‍ വീണ്ടും വിളിക്കുകയായിരുന്നു. റോഡിന്റെ നടുവില്‍ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആല്‍വിനെ ഒരു കാര്‍ ഇടിച്ചുവീഴ്ത്തി. തെറിച്ചുയര്‍ന്ന് റോഡില്‍ തലയടിച്ചു വീണ ആല്‍വിന് നട്ടെല്ലിനും പരുക്കേറ്റിരുന്നു.
മരിച്ച ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്ത് ബീച്ച് റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനു മുന്നില്‍ ഇറക്കിയ ശേഷം രണ്ടു കാറുകളും മുന്നോട്ടു പോയി തിരിച്ചു വരികയായിരുന്നു.