കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ സംഘർഷത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു. സംഗീത പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കാർണിവലിന്റെ ഭാഗമായി സ്റ്റാളുകൾ നടത്താനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു.

കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ ആയിട്ടുണ്ട്. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. പൊലീസിനെ ആക്രമിച്ചതിനു കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്

വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്‌ഐ.പി.സി.) ആണ് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്. കിടപ്പ് രോഗികൾക്ക് വീൽ ചെയർ വാങ്ങി നൽകുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ മൂന്ന് ദിവസത്തെ കാർണിവൽ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു.

ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകൾ ബീച്ചിലെത്തി. തിരക്ക് കൂടിയതോടെ സംഘടാകർ ടിക്കറ്റ് വിൽപന നിർത്തി വച്ചു. ഇതിൽ പ്രകോപിതരായ ഒരു സംഘം വാക്ക് തർക്കം ഉണ്ടാക്കുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ആയിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പൊലീസുകാരും വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.

അതേ സമയം ബീച്ചിലെ സംഗീത പരിപാടിയിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ മരിച്ചതായും അഭ്യൂഹംപരന്നു. മീഞ്ചന്ത വട്ടക്കിണർ സ്വദേശി കണ്ണാത്തുപറമ്പ് ജിനാസ് മൻസിലിൽ മുസ്തഫ (54) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കുഴഞ്ഞുവീണ മുസ്തഫയെ 7.45-ഓടെ നാട്ടുകാരാണ് ബീച്ച് ഗവ.ആശുപത്രിയിലെത്തിച്ചത്. ഉടനെ മരണവും സംഭവിച്ചു. എന്നാൽ ഈ മരണവും ബീച്ചിലെ സംഘർഷവുംതമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ. ശ്രീനിവാസൻ അറിയിച്ചു. മുസ്തഫ ഹൃദ്രോഗിയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് വെള്ളയിൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസനും പറഞ്ഞു.

പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി '555 ദി റെയിൻ ഫെസ്റ്റ്' കടപ്പുറത്ത് നടക്കുന്നുണ്ട്. നാൽപ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓൺലൈൻവഴി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വിൽപ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാൽ ബീച്ചിൽ കൂടുതൽപ്പേരെത്തിയതും അധിക ടിക്കറ്റുകൾ വിറ്റുപോയതും തിരക്ക് വർധിക്കാൻ ഇടയാക്കി.

ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത്രയുമധികം ആളുകളെ ഉൾക്കൊള്ളാൻ വേദിക്ക് കഴിയാതെവന്നതാണ് സംഘർഷത്തിനിടയാക്കിയത്.

രാത്രി എട്ടോടെയാണ് സംഘർഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവർ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാൻ പൊലീസും വൊളന്റിയർമാരും ശ്രമിച്ചു. എട്ടു പൊലീസുകാരായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പൊലീസിനെ തള്ളിമാറ്റാൻ ശ്രമിച്ചു. പൊലീസുകാർക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. പൊലീസ് ലാത്തിവീശാൻ തുടങ്ങിയതോടെ ജനങ്ങൾ വിരണ്ടോടി.

ബാരിക്കേഡുകൾ തകർത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ തിരക്കിനിടയിൽ വീണുപോയി.

അതിനിടയിൽ പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയർമാരായ വിദ്യാർത്ഥികളെയും ജനക്കൂട്ടം ആക്രമിച്ചു. പിന്നീട് സിറ്റി പൊലീസ് മേധാവി എ. അക്‌ബർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ സിറ്റി കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ എം.സി. കുഞ്ഞുമോയിൻകുട്ടി, മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശൻ, സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.