കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കൾ കീഴടങ്ങി. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം കെ അരുൺ ഉൾപ്പടെയുള്ളവർ കീഴടങ്ങിയത്. പ്രതികളായ അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ.

സംഭവത്തിൽ ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഓഗസ്റ്റ് 31 നാണ് മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരെ ഡിവൈഎഫ്ഐ നേതാക്കൾ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. ആശുപത്രിയുടെ പ്രധാന കവാടത്തിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാർക്കും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവർത്തകനും പരിക്കേറ്റിരുന്നു

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്.

കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾ ഒളിവിൽ കഴിഞ്ഞത് കോഴിക്കോട് നഗരത്തിൽ തന്നെയാണെന്ന് ആരോപണം ഉയർന്നിരുന്നു. ടവർ ലൊക്കേഷൻ വിവരങ്ങൾ പ്രകാരം പ്രതികൾ നഗരത്തിൽ ഉണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. കീഴടങ്ങുമ്പോഴും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ഒത്തുകളി നടന്നു. കീഴടങ്ങുന്ന സ്ഥലം മാധ്യമങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനാണ് ശ്രമം നടന്നത്.

അതേസമയം പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് മർദ്ദനമേറ്റവർ നടത്തുന്നത്. പൊലീസ് പ്രതികൾക്ക് കൂട്ടുനിൽക്കുന്നതായി മർദനമേറ്റ ശ്രീലേഷ് പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മർദനമേറ്റവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റേതെങ്കിലും ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്‌ഐ നേതാക്കൾ ഗുണ്ടാവിളയാട്ടം നടത്തിയത്. മെഡിക്കൽ കോളജിന്റെ പ്രധാന കവാടത്തിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവർത്തകനെയും ക്രൂരമായി മർദ്ദിച്ച സംഘത്തിലെ പ്രധാനി കെ അരുൺ ആരോഗ്യവകുപ്പിനു കീഴിലെ കരാർ ജീവനക്കാരനാണ്.

ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ അരുൺ ആരോഗ്യ വകുപ്പിന് കീഴിൽ മെഡി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിങ് ജീവനക്കാരനായി വർഷങ്ങളായി ജോലി ചെയ്തു വന്ന വ്യക്തിയാണ്. എന്നാൽ ആറു മാസമായി അരുൺ ജോലിക്ക് വരുന്നില്ലെന്നാണ് മാനേജരുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ പട്ടികയിൽ നിന്ന് അരുണിന്റെ പേര് നീക്കിയിട്ടില്ലെന്നും മാനേജർ വ്യക്തമാക്കി.