- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 ദിവസത്തെ ദൃശ്യങ്ങളേ ഹാർഡ് ഡിസ്‌കിൽ ഉണ്ടാകൂ എന്നും അതു കഴിഞ്ഞാൽ പഴയവ മാഞ്ഞ് പുതിയ ദൃശ്യങ്ങളാകും പതിയുക എന്നും പ്രിൻസിപ്പൽ; എല്ലാം അറിയാവുന്ന പൊലീസ് ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ വരുത്തിയത് ഗുരുതര വീഴ്ച; ആ ഡിവൈഎഫ് ഐ നേതാക്കൾ രക്ഷപ്പെടുമോ? കോഴിക്കോട് തല്ലുകൊണ്ട സെക്യൂരിറ്റിക്കാരന്റെ വേദന കാണാതെ പോകുമ്പോൾ
കോഴിക്കോട്: ചില കേസുകൾ അങ്ങനെയാണ്. എല്ലാം വൈകിയേ കേരളാ പൊലീസ് ചെയ്യൂ. ഇതാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ആക്രമണത്തിലും പെടുന്നത്. മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായ ദിവസത്തെ സിസി ടിവി ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ നിന്നു നഷ്ടപ്പെട്ടു. 12 ദിവസത്തെ ദൃശ്യങ്ങളേ ഹാർഡ് ഡിസ്‌കിൽ ഉണ്ടാകൂ എന്നും അതു കഴിഞ്ഞാൽ പഴയവ മാഞ്ഞ് പുതിയ ദൃശ്യങ്ങളാകും പതിയുക (ഓവർ റൈറ്റ്) എന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് പൊലീസിനെ അറിയിച്ചിരിക്കുന്നത്.
രണ്ടാഴ്ച മാത്രമേ സിസിടിവി ദൃശ്യങ്ങൾ പരമാവധി സാധാരണ നിലയിൽ ഹാർഡ് ഡിസ്‌കിൽ ഉണ്ടാകാറുള്ളൂ. ഇത് നന്നായി അറിയാവുന്നത് പൊലീസിനാണ്. എന്നിട്ടും മെഡിക്കൽ കോളേജിലെ ദൃശ്യങ്ങൾ പൊലീസ് എടുത്തില്ലെന്നതാണ് വസ്തുത. ഏതായാലും ദൃശ്യങ്ങൾ കിട്ടാത്തതിന്റെ കാരണം പൊലീസ് കുന്നമംഗലം മജിസ്‌ട്രേട്ട് കോടതിയെ അറിയിക്കും. ഇനി പൊലീസിനു ചെയ്യാവുന്നത് ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. അതു ചെയ്യുമോ എന്നതാണ് നിർണ്ണായകം.
അക്രമം നടന്ന ഓഗസ്റ്റ് 31 ന് രാവിലെ 8.30നും 10.30നും ഇടയിലുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് അനുവദിക്കണമെന്ന് മെഡിക്കൽ കോളജ് സിഐ 16ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നു. 31ന് ആക്രമണമുണ്ടായിട്ടും പൊലീസ് ഹാർഡ് ഡിസ്‌ക് പിടിച്ചെടുക്കാൻ വൈകുന്നതു സംബന്ധിച്ച് സുരക്ഷാ ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും പൊലീസ് നിയമ പ്രകാരം സിസിടിവി എടുക്കുന്നതിൽ അലംഭാവം കാട്ടി. വൈറലായ ദൃശ്യങ്ങൾ കോടതിയിൽ വിചാരണയിൽ തെളിവാകില്ല.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ നേരത്തേ പൊലീസ് കോപ്പി ചെയ്ത് എടുത്തിരുന്നു. എന്നാൽ കോടതിയിൽ ഇതു പ്രാഥമിക തെളിവായി നിലനിൽക്കണമെന്നില്ല. അതിനാൽ ഹാർഡ് ഡിസ്‌ക് തെളിവായി പിടിച്ചെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് കാലാവധി മജിസ്‌ട്രേട്ട് കോടതി നീട്ടി. ഇന്നലെ വാദം പൂർത്തിയായ പ്രതികളുടെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി 23 നാണ് വിധി പറയുക. ഈ വിധി അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്
മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരനെ ഡിവൈഎഫ്ഐ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ സിപിഎം രൂക്ഷ പ്രസ്താവനകൾ തുടരുകയാണ്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ളവരെ കേസന്വേഷണത്തിൽ തുടക്കം മുതൽ പരിധിവിട്ടു സഹായിക്കുന്ന നിലപാടായിരുന്നു പൊലീസിന്. പിന്നീട് നിലപാട് മാറ്റി. കോഴിക്കോട് കമ്മീഷണർ അക്‌ബർ നിലപാടുകൾ എടുത്തു. ഇതിനൊപ്പം കോടതിയും ഇടപെട്ടു. തുടക്കത്തിൽ ഔദ്യോഗിക ജോലിക്ക് തടസ്സമാകുന്ന വകുപ്പിട്ടാണ് കേസിട്ടത്. പിന്നീട് അത് പത്തുകൊല്ലം ശിക്ഷ കിട്ടുന്ന വകുപ്പായി. ഇതോടെ സിപിഎമ്മും പോഷകസംഘടനകളും പൊലീസിനെതിരെ പ്രസ്താവനകളും പ്രത്യക്ഷസമരവുമായി ഇറങ്ങി. തുടർനടപടികൾക്കു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
ഒളിവിലാണെന്നു പറഞ്ഞ് പ്രതികളെ പൊലീസ് ദിവസങ്ങളോളം പിടികൂടിയില്ല. ഒടുവിൽ സെപ്റ്റംബർ 5നു സുരക്ഷാ ജീവനക്കാരുടെ സ്വകാര്യ ഹർജിയിൽ കോടതി ഇടപെടുകയും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തതോടെ 6ന് അഞ്ചു പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. സിപിഎം പ്രാദേശിക നേതാവിന്റെ മകനെ തേടി വീട്ടിലും ബന്ധുവീട്ടിലും പൊലീസ് പരിശോധന നടത്തിയതോടെയാണ് പൊലീസിനെതിരെ പാർട്ടി തിരിഞ്ഞത്.
സെക്യൂരിറ്റിക്കാരനെ ചവിട്ടുന്ന വീഡിയോ അക്രമത്തിന്റെ എല്ലാ പരിധിയും ലംഘിക്കുന്നതാണെന്ന നിലപാട് കോഴിക്കോട് കമ്മീഷണർ അക്‌ബർക്കുമുണ്ട്. ഇതാണ് കേസ് കടുക്കാൻ കാരണമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അതിശക്തമായി തന്നെ പ്രതിഷേധം തുടരും. ഏത്രയും വേഗം നേതാക്കൾക്ക് ജാമ്യം ഉറപ്പിക്കാനാണ് നീക്കം. എന്നാൽ അതിന് പൊലീസ് ഇനി വഴങ്ങുമോ എന്ന സംശയവും ശക്തമാണ്. കമ്മീഷണർ നേരിട്ടാണ് കേസ് നടപടികൾ നിരീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ