കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. ഫുട്‌ബോള്‍താരമായ വിദ്യാര്‍ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു.

ചിങ്ങപുരം സികെജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിഡിയോയില്‍ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം എട്ടാം ക്ലാസുകാരന്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ആക്രമണം തുടരുകയായിരുന്നു.

മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മൂന്നു മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു. പൊലീസ് കേസെടുത്തത് എസ് പിക്ക് പരാതി നല്‍കിയ ശേഷമാണെന്നും അമ്മ പറഞ്ഞു.

തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്നാണ് പരാതി. ഈ മാസം ഒന്നിനായിരുന്നു ആക്രമണം. തിക്കോടിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം.