കണ്ണൂർ: കണ്ണൂർ താവക്കരയിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയും മുൻജീവനക്കാരിയുമായ ചിറക്കൽ കൃഷ്ണാഞ്ജലിയിലെ കെ.സിന്ധു വിദേശത്തേക്ക് കടന്നുവോയെന്നു പൊലീസ് അന്വേഷിക്കുന്നു. ഒളിവിൽ കഴിയുന്ന സിന്ധുവിന്റെ അറസ്റ്റു തടയുന്നതിനായി ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് മുൻകൂർ ജാമ്യഹർജി നൽകി. തലശേരി ജില്ലാസെഷൻസ് കോടതിയിൽ സിന്ധുവിന് വേണ്ടി അഡ്വ.കെ.വി മനോജ്കുമാർ, അഡ്വ.വിപിൻ സുരേന്ദ്രൻ, എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

ജൂവലറി മാനേജിങ് പാർട്ണൽ ഡോ. സി.വി രവീന്ദ്രനാഥിന്റെ പരാതിയിൽ ജൂലൈ മൂന്നാം തീയ്യതിയാണ് ഇവർക്കെതിരെ കണ്ണൂർ ടൗൺപൊലിസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളിൽ കൃത്രിമം കാണിച്ചു ഏഴരകോടി തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും പൊലിസിന് പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിനായി തലശേരി കോടതിയെ സമീപിച്ചത്.

എന്നാൽ ഇവർ കേരളത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പൊലിസ് സംശയിക്കുന്നത്. പ്രതിക്കായി ലുക്കൗട്ട് പൊലീസ് ഇറക്കിയിരുന്നുവെങ്കിലും മൂന്നാഴ്‌ച്ചയും ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് രണ്ടു ദിവസത്തിനകം തന്നെ പ്രതി ബംഗ്ളൂര് വഴി വിദേശത്തേക്ക് കടന്നിരുന്നുവെന്നാണ് സൂചന. സിന്ധുവിന് മറ്റുബാങ്കുകളിൽ അക്കൗണ്ടുണ്ടായിരുന്നുവെന്നും പൊലിസ് അന്വേഷണംഘം പരിശോധിച്ചുവരുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സ്ഥാപനത്തിലെ ഓഫീസിലെത്തി ജീവനക്കാരുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ക്രമക്കേട് മാനേജ്മെന്റ് കണ്ടെത്തിയതായി അറിഞ്ഞ സിന്ധു ചില ഫയലുകൾ നശിപ്പിച്ചതായാണ് പറയപ്പെടുന്നത്. സിന്ധുവിന്റെചിറക്കലിലെ വീട് ഇപ്പോഴും അടച്ചുപൂട്ടിയ നിലയിലാണ്. കണക്കുകളിൽ കൃത്രിമം നടത്തിയത് കണ്ടുപിടിക്കാൻ മാനേജ്മെന്റ് നിയമിച്ച ഓഡിറ്റർ 2021-ശേഷമുുള്ള കണക്കുകളും നോക്കി വരികയാണ്.

പരിശോധന പൂർത്തിയാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി കൂടാനും സാധ്യതയുണ്ടെന്നാണ് പൊലിസ് പറയുന്നത്. 2021വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ വെട്ടിപ്പു നടന്നതായി കണ്ടെത്തിയിരുന്നത്. വിറ്റുവരവിന്റെയും നികുതിഅടച്ചതിന്റെയും കൃത്രിമ രേഖകൾ ചമച്ചു വെട്ടിപ്പു നടത്തിയെന്നാണ് പരാതി.

സിന്ധുവിന്റെ ഭർത്താവ് കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരിൽ ഒരാളാണ്. ഈ ബിസിനസിലേക്ക് തട്ടിയെടുത്ത പണം ഒഴുക്കിവിട്ടോയെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്. വിദേശത്ത് ബന്ധുക്കൾ ഇവർക്കുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. അതുകൊണ്ടു തന്നെ ഇവർ ഗൾഫിലേക്ക് കടന്നിരിക്കാമെന്ന നിഗമനവും പൊലിസിനുണ്ട്.