- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാന്‍; വിവാഹമോചനം നേടിയാല്‍ സ്വത്ത് പോകുമെന്നും ഭയന്ന് പ്ലാനിംഗ് നടത്തി; പെണ്‍സുഹൃത്തുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കുറ്റം സമ്മതിച്ചു ഭര്‍ത്താവ് മഹേന്ദ്ര; ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവങ്ങള്‍ പുറത്ത്
കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാന്‍
ബെംഗളൂരു: ബെംഗളുരുവിലെ യുവഡോക്ടറെ അനസ്തീഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മറ്റൊരു യുവതിയുമായുള്ള ബന്ധം തുടരാനും സ്വത്ത് നഷ്ടമാകാതിരിക്കാനും വേണ്ടിയാണ് ഭര്‍ത്താവ് മഹേന്ദ്ര അരുംകൊല നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. വിവാഹമോചനം നേടിയാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നു. കൃതികയ്ക്ക് കാന്‍സറാണെന്ന് അറിഞ്ഞതും കൊലയ്ക്ക് കാരണമായി. രോഗവിവരം കൃതികയുടെ മാതാപിതാക്കള്‍ മറച്ചുവച്ചുവെന്നും ഡോ മഹേന്ദ്രയുടെ മൊഴിയുണ്ട്.
മരിക്കുന്നതിന് തലേദിവസം കൃതികയ്ക്ക് 15എംഎല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരിക്കുകയാണ് ഡോ. മഹേന്ദ്ര റെഡ്ഡി. വാട്‌സാപ്പ് ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തതിന് പിന്നാലെയാണ് മഹേന്ദ്രയുടെ കുറ്റസമ്മതം. കൃതികയെ കൊന്നു എന്ന് പെണ്‍സുഹൃത്തിന് അയച്ച സന്ദേശമാണ് പൊലീസ് വീണ്ടെടുത്തത്. ഇതില്‍ കൊലപാതക ഗൂഢാലോചനയുടെ വിവരങ്ങള്‍ വ്യക്തമാണ്.
ബെംഗളൂരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ദീര്‍ഘനാളത്തെ ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡോക്ടര്‍ കൃതികയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അനസ്‌തേഷ്യ ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി വാങ്ങിയത് സ്വന്തം കൈപ്പടയില്‍ എഴുതിയ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി. ഭാര്യയെ ഡോക്ടര്‍ മഹേന്ദ്ര എന്തിന് കൊലപ്പെടുത്തി എന്നതില്‍ അവ്യക്തത തുടരുന്നതിനിടെ മകള്‍ക്കായി നിര്‍മിച്ച് നല്‍കിയ മൂന്ന് കോടിയുടെ വീട് ഡോക്ടര്‍ കൃതിക റെഡ്ഡിയുടെ മാതാപിതാക്കള്‍ ദാനം ചെയ്തു. ആ വീട് ഞങ്ങള്‍ അവള്‍ക്കായി ഉണ്ടാക്കിയതാണ്. അവിടെ അവളില്ല. കൃതികയില്ലാത്ത ആ വീട്ടിലേക്ക് ഇനി ഞങ്ങളില്ല. അതുകൊണ്ട് ആ വീട് ഇസ്‌കോണ്‍ ട്രസ്റ്റിന് നല്‍കിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
മകളുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന ബെംഗളൂരു അയ്യപ്പ ലേ ഔട്ടിലെ വീട്. ആ വീടിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ അകാലത്തില്‍ പൊലിഞ്ഞ ഡോക്ടര്‍ കൃതിക എം.റെഡ്ഡിയുടെ മാതാപിതാക്കള്‍. മകളും ഭര്‍ത്താവും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുമെന്ന് കരുതി നിര്‍മിച്ച് നല്‍കിയ വീട് ഇസ്‌കോണ്‍ ക്ഷേത്രം ട്രസ്റ്റിന് മുനി റെഡ്ഡിയും ഭാര്യ സൗജന്യയും കൈമാറി. 3 കോടിയോളം രൂപ വില വരുന്ന വീടിന് മുന്നില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചു. ഇന്‍ മെമ്മറി ഓഫ് ഡോക്ടര്‍ കൃതിക റെഡ്ഡി എന്ന്.
മഹേന്ദ്ര കൃതികയെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലപ്പെടുത്താന്‍ ഉപയോഗിച്ച അനസ്‌തേഷ്യ ഡ്രഗ്ഗായ പ്രോപ്പോഫോള്‍ മഹേന്ദ്ര വാങ്ങിയത് സ്വന്തം കൈപ്പടയില്‍ എഴുതിയ പ്രിസ്‌ക്രിപ്ഷന്‍ കാണിച്ചാണ്. മരുന്ന് നല്‍കാന്‍ മെഡിക്കല്‍ ഷോപ്പുടമ വിസമ്മതിച്ചപ്പോഴായിരുന്നു ഇത്. കൃതികയെ നേരത്തെ മുതല്‍ ഗാസ്ട്രിക് പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നത് മനസിലാക്കിയ മഹേന്ദ്ര സമര്‍ത്ഥമായി കരുക്കളെല്ലാം നീക്കി. അവളെ ഭൂമുഖത്ത് നിന്നൊഴിവാക്കി.
ഏപ്രില്‍ 21നായിരുന്നു ചര്‍മരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ ബെംഗളൂരു മുന്നെക്കൊല്ലാലയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി കൃതികയെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്തിരുന്നു. ഈ അന്വേഷണത്തിലാണ് കൊലപാതക ഗൂഢാലോചനകള്‍ പുറത്തു വന്നത്.




