തിരുവനന്തപുരം: കെടുകാര്യസ്ഥതയും അഴിമതിയും മൂലം കെഎസ്ഇബിക്ക് കെഎസ്ആർടിസിയുടെ അവസ്ഥ വരുമോ എന്ന ഭയത്തിലാണ് കേരള ജനത. ഒരു ന്യായീകരണത്തിന് പോലും സാധ്യമാകാത്ത വിധത്തിൽ ശമ്പളം വർധിപ്പിച്ച നടപടി തന്നെ ബോർഡിനെ വെട്ടിലാക്കിയിരുന്നു. ഇപ്പോഴിതാ വൈദ്യുതി ബോർഡിനെ മറയാക്കി നടക്കുന്ന അഴിമതിയുടെ വിവരങ്ങളും പുറത്തുവരുന്നു.

കെഎസ്ഇബി ലൈനിന്റെ ശേഷി കൂട്ടുന്നതിനുള്ള ടെണ്ടറിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻശിന്റെ കണ്ടെത്തൽ. ടെണ്ടറിൽ ഒന്നാമതെത്തിയ കമ്പനിയെ മറികടന്ന്, രണ്ടാമതെത്തിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ടെണ്ടറിലെ ക്രമക്കേടിലൂടെ കെഎസ്ഇബിക്ക് നഷ്ടമായ പണം ചീഫ് എഞ്ചിനിയർ ഉൾപ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്‌തെങ്കിലും ഇവരെ രക്ഷപെടുത്താൻ ഭരണതലത്തിൽ നീക്കം സജീവമായി നടക്കുന്നുണ്ട്.

ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന ആലപ്പുഴ- പൂപ്പള്ളി 66 കെവി ലൈൻ 110 കെവിയാക്കുന്നതിനാണ് ടെണ്ടർ വിളിച്ചത്. ഇതിലാണ് ക്രമക്കേട് കണ്ടെത്തിയത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ടു ചെയ്യുന്നത്. ടെണ്ടറിൽ നടന്നത് ആസൂത്രിത ക്രമക്കേടെന്നാണ് വിജിലൻസ് പരിശോധനയിൽ വ്യക്തമായത്. ടെണ്ടറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തത നാഗ്പ്പൂരിലെ വി-ടെക് എഞ്ചിനീഴ്‌സാണ് ഒന്നാമതെത്തിയത്. എന്നാൽ, വി-ടെക്കിനെ മറികടന്ന് ടെണ്ടർ പരിശോധിച്ച ഉദ്യോഗസഥ സംഘം ടെണ്ടറിൽ രണ്ടാമതെത്തിയ ഫാത്തിമ എഞ്ചിനിയറിങ് പ്രൈവറ്റ് ലിമിറ്റഡുമായി ചർച്ച തുടങ്ങി.

മുമ്പെടുത്തിട്ടുള്ള കരാറുകളിലെ മെല്ലെപ്പോക്ക് ചൂണ്ടികാട്ടിയായിരുന്നു നടപടി. രണ്ടാമത്തെ കമ്പനിക്ക് തന്നെ കരാർ നൽകണമെന്ന് ചീഫ് എഞ്ചിനീയർ ഫയലിൽ എഴുതി. ഇതിനെതിരെ വി ടെക് ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ ടെണ്ടർ റദ്ദാക്കിയ കെഎസ്ഇബി വീണ്ടും ടെണ്ടർ വിളിച്ചു. അതിൽ പങ്കെടുത്ത ഒരോയൊരു കമ്പനിയായ ഫാത്തിമ എഞ്ചിനീയേഴ്‌സിന് കരാർ നൽകി. തുടർന്ന് വി-ടെക്കിന്റെ പരാതിയിലാണ് കെഎസ്ഇബി വിജിലൻസ് അന്വേഷണം നടത്തിയത്

ടെണ്ടർ നടപടിയിൽ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് പകരം അതിനെക്കാൾ കൂടുതൽ തുക പറഞ്ഞ കമ്പനിക്ക് കരാർ നൽകിയതിലൂടെ കെഎസ്ഇബിക്ക് 34,13,268 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാനദണ്ഡങ്ങൾ മറികടന്നാണ് ടെണ്ടർ നടപടികൾ നടന്നതെന്നും കണ്ടെത്തി. സംഭവത്തിൽ ചീഫ് എഞ്ചിനീയർ സജി പൗലോസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ലീലാമയി, എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീവിദ്യ, സി.എക്‌സിക്യൂട്ടീവ് എഞ്ചിനിയർ നബീസ, അസി.എഞ്ചിനിയർ അരുൺ എന്നിവർക്ക് കെഎസ്എസ്ഇബി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.

കമ്പനിക്ക് നഷ്ടമായ പണം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചുപിടിക്കാനാണ് ശുപാർശ. കാരണം കാണിക്കൽ നോട്ടീസിലും ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്. ചെയർമാന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസ് ഇപ്പോൾ ലീഗൽ സെല്ലിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽ ഒരാൾ ചീഫ് എഞ്ചിനീയറായുള്ള സ്ഥാന കയറ്റ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ മാനദണ്ഡമായത് ഭരണാനുകൂല സംഘടനയെന്നതാണെന്ന വിമർശനവും ഉരുന്നുണ്ട്.

വിജിലിൻസ് റിപ്പോർട്ടുള്ളവർക്ക് എങ്ങനെ സ്ഥാനക്കയറ്റം നൽകുമെന്ന ചോദ്യമാണ് ഉരുന്നത്. അതിനാൽ നടപടികൾ മരിവിപ്പിച്ച് സ്ഥാനകയറ്റം നൽകാനുള്ള അട്ടിമറി നീക്കം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. മന്ത്രിയേക്കാൾ വലിയ അധികാര കേന്ദ്രമായി വിലസുന്ന സിപിഎം അുകൂല നേതാക്കളാണ് അന്വേഷണ അട്ടിമറിക്ക് നീക്കം നടത്തുന്നതെന്നാണ് വിമർശനം ശക്തമാകുന്നത്.