- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
കൊല്ലം: കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും. മൈനാഗപ്പള്ളി കണ്ണങ്കര പുത്തൻവീട്ടിൽ ഡാനിയൽ വർഗ്ഗീസി(72)നെയാണ് സിപിഎം തേവലക്കര ബ്രാഞ്ച് സെക്രട്ടറി രാജീവും സുഹൃത്ത് ഹരീഷ് മോഹനും ചേർന്ന് മർദ്ദിച്ചത്. തേവലക്കര കെ.എസ്.എഫ്.ഇ ജീവനക്കാരിയായ മഞ്ജുഷയ്ക്കെതിരെ പരാതി നൽകിയതാണ് മർദ്ദനത്തിന് കാരണം. സിപിഎം ഇടപെടൽ മൂലം രാജീവിനെതിരെ നിസ്സാര വകുപ്പ് ചുമത്തി കേസെടുക്കുക മാത്രമാണ് തെക്കുംഭാഗം പൊലീസ് ചെയ്തതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 19 നാണ് ഡാനിയൽ വർഗ്ഗീസിന് മർദ്ദനമേൽക്കുന്നത്. ഏപ്രിൽ നാലിന് തേവലക്കര കെ.എസ്.എഫ്.ഇയിൽ മകളുടെ പേരിലുള്ള പ്രവാസി ചിട്ടിയുടെ നികുതി സംബന്ധമായ കാര്യങ്ങൾ അന്വേഷിക്കാനെത്തിയപ്പോൾ അക്കാര്യങ്ങൾ അറിയില്ലെന്ന് ജീവനക്കാരിയായ മഞ്ജുഷ ഡാനിയലിനോട് പറഞ്ഞു. ജീവനക്കാർക്ക് അറിയില്ലെന്ന് പറയുന്നത് ശരിയാണോ എന്ന് ചോദിച്ച് ചെറിയ തർക്കമുണ്ടായി. തർക്കം കണ്ടെത്തിയ ബ്രാഞ്ച് മാനേജർ ഡാനിയലിനെ സമാധാനിപ്പിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മഞ്ജുഷയുടെ പെരുമാറ്റത്തിനെതിരെ പരാതി പറഞ്ഞപ്പോൾ മാനേജർ ക്ഷമ പറയുകയും തർക്കം അവസാനിക്കുകയും ചെയ്തു. പിന്നീട് ആറാം തീയതി തേവലക്കര ചന്തയിൽ വച്ച് ഡാനിയലിനെ കണ്ടപ്പോൾ മഞ്ജുഷ ഭർത്താവ് രാജീവിനോട് കെ.എസ്.എഫ്.ഇ മാനേജരോട് തനിക്കെതിരെ പരാതി പറഞ്ഞയാളാമെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ രാജീവ് നീ എന്റെ പെണ്ണു പിള്ളയ്ക്കെതിരെ പരാതി കൊടുക്കുമോടാ എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായ ഡാനിയൽ കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെത്തി പരാതി പറഞ്ഞു. തുടർന്ന് ബ്രാഞ്ച് മാനേജർ പരാതി എഴുതി വാങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണം മഞ്ജുഷയ്ക്കെതിരെ നടന്നു.
19 ന് രാവിലെ ബ്രാഞ്ച് മാനേജരും മറ്റ് ചില ഉദ്യോഗസ്ഥരും ഡാനിയലിന്റെ വീട്ടിലെത്തി പരാതി എങ്ങനെയെങ്കിലും പരിഹരിക്കണമെന്നും അല്ലെങ്കിൽ മഞ്ജുഷയുടെ ജോലി പോകുമെന്നും അറിയിച്ചു. മഞ്ജുഷയെ കൊണ്ട് ക്ഷമ പറയിക്കാമെന്നും അവർ ഉറപ്പ് നൽകിയതോടെ മകളുമായി സംസാരിച്ച ശേഷം പരാതി പിൻവലിക്കാമെന്ന് ഡാനിയൽ അറിയിച്ചു. അന്ന് വൈകുന്നെരമാണ് രാജീവും ഹരീഷ് മോഹനും ചേർന്ന് ഡാനിയലിനെ മർദ്ദിക്കുന്നത്. തേവലക്കര നജ്റാൻ സൂപ്പർമാർക്കറ്റിന് മുന്നിൽ വച്ചായിരുന്നു മർദ്ദനം.
നീ എന്റെ പെണ്ണും പിള്ളയുടെ പേരിൽ പരാതി കൊടുക്കും അല്ലേടാ എന്ന് ചോദിച്ച് തലയ്ക്കടിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച ഡാനിയലിനെ ഇരുവരും തള്ളി താഴെയിട്ടു. പിന്നെ നടന്നത് അതി ക്രൂര മർദ്ദനമായിരുന്നു. അടിവയറ്റിലും കാലുകളിലും ചവിട്ടിയായിരുന്നു മർദ്ദനം. ഡാനിയലിന്റെ ഷർട്ട് വലിച്ചു കീറി പോക്കറ്റിലുണ്ടായിരുന്ന 4,500 രൂപയും കവർന്നെടുത്ത ശേഷം ഇവർ കടന്നു കളഞ്ഞു.
മർദ്ദനമേറ്റ് അവശനായ ഡാനിയൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പാർട്ടി ഇടപെടൽ മൂലം രാജീവിനും ഹരീഷിനുമെതിരെ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. പരാതിയിൽ മഞ്ജുഷയുടെ പേരുണ്ടായിട്ടും കേസിൽ പ്രതി ചേർത്തില്ല. ഇതോടെ കരുനാഗപ്പള്ളി അസി.പൊലീസ് കണ്ണീഷ്ണർക്ക് മുന്നിൽ പരാതി നൽകിയിരിക്കുകയാണ്.
റിട്ട. പൊലീസ് ഉദ്യോഗസ്ഥനായിട്ടും തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലാ എന്ന് ഡാനിയൽ പ്രതികരിച്ചു. പൊലീസ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയില്ലെങ്കിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ഡാനിയൽ പറഞ്ഞു.