- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കെഎസ്ഐഡിസി ജനറൽ മാനേജറിന് സിഎംആർഎലിലും ശമ്പളം!
തിരുവനന്തപുരം: വീണ വിജയന് മാസപ്പടി നൽകിയ സിഎംആർഎൽ തീരുമാനത്തിൽ കെഎസ്ഐഡിസയുടെ പങ്കും കൂടുതൽ തെളിയുന്നു. ബോർഡ് യോഗങ്ങളിൽ എടക്കം പതിവായി പങ്കെടുക്കുന്ന വ്യക്തിയാണ് സിഎംആർഎല്ലിലെ കെഎസ്ഐഡിസിയുടെ നോമിനി. അതുകൊണ്ട് തന്നെ പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് തന്നെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിലെ സ്വാധീന ശക്തിയായി മാറാൻ സാധിക്കുമെന്ന് വ്യക്തം. മുഖ്യമന്ത്രി പിണറായി വിജയൻ സ്വജനപക്ഷപാതം കാട്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വിധത്തിലേക്ക് കാര്യങ്ങൾ വ്യാഖ്യാനിക്കാൻ ധാരാളമാണ് ഇക്കാര്യം.
സിഎംആർഎലിൽ വ്യവസായ പ്രോത്സാഹനത്തിനായുള്ള ഓഹരി പങ്കാളിത്തം മാത്രമാണുള്ളതെന്നും തങ്ങളുടെ നോമിനിയായ ഡയറക്ടർ ദൈനംദിന പ്രവർത്തനത്തിൽ ഇടപെടാറില്ലെന്നുമുള്ള കെഎസ്ഐഡിസിയുടെ വാദം തെറ്റെന്നു തെളിയിക്കുന്നതാണ് സിഎംആർഎലിന്റെ വാർഷിക റിപ്പോർട്ട്. ഈ വാർഷിക റിപ്പോർട്ട് സർക്കാറിന്റെയും വീണയുടെയും വാദങ്ങളെ പൊളിക്കുന്നതാണ്. കെഎസ്ഐഡിസി നോമിനിയായി വച്ച ഡയറക്ടർ ആർ.രവിചന്ദ്രൻ സിഎംആർഎലിൽ നിന്നു 2022-23 ൽ ശമ്പളമായി 9.21 ലക്ഷം രൂപയും സിറ്റിങ് ഫീസായി 5 ലക്ഷം രൂപയും കൈപ്പറ്റിയെന്നു വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ഇദ്ദേഹം ജനറൽ മാനേജർ (ജിഎം) എന്ന നിലയിൽ കെഎസ്ഐഡിസിയിൽ ശമ്പളം കൈപ്പറ്റുമ്പോൾ തന്നെയായിരുന്നു ഇത്. ഈ വിവരങ്ങൾ പുറത്തുവരുമ്പോൾ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുകയാണ്. മലയാള മനോരമയാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. 2018 ഫെബ്രുവരി 1 മുതൽ 2023 ഓഗസ്റ്റ് 2 വരെയാണ് രവിചന്ദ്രൻ സിഎംആർഎലിൽ നോമിനി ഡയറക്ടറായിരുന്നത്.
2023 മേയിൽ വിരമിച്ചതിനാൽ പകരം നോമിനി ഡയറക്ടറായി ആർ.പ്രശാന്തിനെ കെഎസ്ഐഡിസി നിർദ്ദേശിച്ചു. പ്രശാന്തിനെ ഉൾപ്പെടുത്തിയ ഓഗസ്റ്റ് 14ലെ സിഎംആർഎൽ ബോർഡ് യോഗത്തിൽ രവിചന്ദ്രനെ സ്വതന്ത്ര ഡയറക്ടറാക്കി. സിഎംആർഎലിന്റെ താൽപര്യപ്രകാരം 3 വർഷത്തേക്കാണു നിയമനം. രവിചന്ദ്രനു 2020-21 ൽ 4 ലക്ഷവും 2021-22 ൽ 5 ലക്ഷവും സിറ്റിങ് ഫീസ് നൽകിയിരുന്നു. 2022-23 ൽ സ്വതന്ത്ര ഡയറക്ടർമാർക്കെല്ലാം സിറ്റിങ് ഫീസിനു പുറമേ 9.21 ലക്ഷം രൂപ വീതം വാർഷിക ശമ്പളം കൂടി അനുവദിച്ചപ്പോൾ രവിചന്ദ്രനും അതേ നിരക്കിൽ ശമ്പളം നൽകി.
കെഎസ്ഐഡിസി നോമിനിയായി സിഎംആർഎലിൽ എത്തിയവരിൽ വിരമിച്ചശേഷം സ്വതന്ത്ര ഡയറക്ടർമാരായ എ.ജെ.പൈ, ടി.പി.തോമസുകുട്ടി എന്നിവർക്കു കഴിഞ്ഞ 3 സാമ്പത്തിക വർഷത്തിനിടെ ശമ്പളവും സിറ്റിങ് ഫീസുമായി 36.71 ലക്ഷം വീതം നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തിമാക്കി. സർക്കാറിന്റെ പങ്കാളിത്തവും ഉദ്യോഗസ്ഥർ വിരമിച്ച ശേഷവും സിഎംആർഎല്ലിൽ തുടർന്നതുമെല്ലാം കാര്യങ്ങളെ കൂടുതൽ ദുരൂഹമാക്കുന്നതാണ്.
കഴിഞ്ഞ വർഷങ്ങളിൽ ചേർന്ന എല്ലാ ബോർഡ് യോഗങ്ങളിലും കെഎസ്ഐഡിസിയുടെ നോമിനി പങ്കെടുത്തിരുന്നു എന്നുമാണ് വാർത്തയിൽ വ്യക്തമാകുന്ന കാര്യം. ബോർഡിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗമായിരുന്നുവെന്ന് ഇതിൽനിന്നു വ്യക്തം. ഇത് വീണയുടെ കമ്പനിയുമായുള്ള ഇടപാടും മാസപ്പടിയിലേക്കും എന്ന വ്യാഖ്യാനവും വരുമെന്ന് ഉറപ്പാണ്. കെഎസ്ഐഡിസി നോമിനികൾ വിരമിച്ചശേഷം സിഎംആർഎലിന്റെ സ്വതന്ത്ര ഡയറക്ടർമാരായതിന്റെ വിശദാംശങ്ങൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ശേഖരിച്ചിട്ടുണ്ട്. ഏതാനും വർഷം മുൻപു കെഎസ്ഐഡിസി നിയോഗിച്ച നോമിനി ഡയറക്ടർ, വളരെപ്പെട്ടെന്നു സ്ഥാനം ഉപേക്ഷിച്ച സാഹചര്യവും പരിശോധിക്കുന്നുണ്ട.
അതേസമയം മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണത്തിന് എതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. വീണ വിജയൻ ഉൾപ്പെട്ട കേസിൽ, എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് എക്സാലോജിക്ക് ഹർജി നൽകിയത്. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാകണമെന്നാണ് എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെടുന്നു. അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്.കെ എസ് ഐ ഡി സിയിലെ പരിശോധനയിൽ എസ് എഫ് ഐ ഒ 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് രേഖകളും ആവശ്യമായ ഡിജിറ്റൽ രേഖകളുടെ പകർപ്പും ശേഖരിച്ചു.
വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ എസ് ഐ ഡി സിയെ അറിയിച്ചിരുന്നു. എസ് എഫ് ഐ ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ എസ് ഐ ഡി സി അറിയിച്ചു. ബുധനാഴ്ചയാണ് എസ് എഫ് ഐ ഒ സംഘം കെ എസ് ഐ ഡി സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ് എഫ് ഐ.ഒക്ക് നൽകിയിട്ടുള്ളത്.
വീണ വിജയനെ ചോദ്യം ചെയ്യാനും അന്വേഷണം പിടിമുറുക്കാനും എസ് എഫ് ഐ ഒ തയ്യാറെടുക്കുന്നതിനിടെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാറിനെയും എസ് എഫ ്ഐ ഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്സാലോജിക്കിന്റെ ഹർജി. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ് എഫ് ഐ ഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവും ആർഒസിയുടെ ഗുരുതര കണ്ടെത്തലുകളും വന്നപ്പൊഴൊക്കെ എക്സാലോജിക്ക് മൗനത്തിലായിരുന്നു. 2022 നവംബറിൽ കമ്പനി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും
സംശയങ്ങളും ഒരുപാട് നിലനിൽക്കെയാണ് എക്സാലോജികിന്റെ ഹർജി.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നൽകാനാണ് വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിച്ചത്.
കർണ്ണാടക കോടതിയിൽ ഹർജിയിൽ മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്തു വരുമെന്നാണ് വിലയിരുത്തൽ. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്ഐഒ ക്ക് ലഭിച്ചതായാണ് വിവരം. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.
രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടി. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യാനാണ് പദ്ധതി.