തിരുവനന്തപുരം: മേയർ-ഡ്രൈവർ തർക്കത്തിൽ നിർണ്ണായക നീക്കവുമായി പൊലീസ്. ബസിലെ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നു. ബസിലെ മെമ്മറി കാർഡ് നഷ്ടമായ കേസിലാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. ഈ മെമ്മറി കാർഡ് ഡ്രൈവർ യദുവാണ് എടുത്തതെന്ന വാദം ചില കോണുകൾ ഉയർത്തിയിരുന്നു. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സംഭവം നടന്നതിന്റെ അടുത്ത ദിവസം യദു എത്തിയെന്ന് പറയുന്നുണ്ടെങ്കിലും അന്ന് ബസ് സർവ്വീസിലായിരുന്നു. അതുകൊണ്ട് തന്നെ യദുവിനെ പൊലീസിന് സംശയമില്ല. ഇതിനിടെയാണ് കണ്ടക്ടറെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്.

മെമ്മറി കാർഡിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ പൊലീസ് നൽകിയിരുന്നു. രാജ്യസഭാ എംപിയും ഡിവൈഎഫ് ഐ നേതാവുമായ പി റഹിമിന്റെ അയൽവാസിയാണ് കണ്ടക്ടർ. മേയറും ഡ്രൈവർ യദുവുമായുള്ള തർക്കത്തിനിടെ റഹിമിനെ കണ്ടക്ടർ വിളിച്ചിരുന്നു. കണ്ടക്ടറെ റഹിമും തിരിച്ചു വിളിച്ചു. അത്തരത്തിലൊരു കണ്ടക്ടറെയാണ് പുലർച്ചെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്തുകൊണ്ടാണ് കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമല്ല. തമ്പാനൂർ പൊലീസാണ് ചോദ്യം ചെയ്യുന്നത്. മെമ്മറി കാർഡ് കാണാത്തതിൽ കെ എസ് ആർ ടി സി തമ്പാനൂർ പൊലീസിന് പരാതി നൽകിയിരുന്നു. കണ്ടക്ടർ സുബിന്റെ മൊഴി ഈ കേസിൽ നിർണ്ണായകമാണ്.

മെമ്മറി കാർഡ് കണ്ടെത്താനുള്ള അന്വേഷണം എങ്ങുമെത്തിയില്ല. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും അപ്പോഴും പിറ്റേന്നും ജോലി ചെയ്തവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും സ്വകാര്യ സ്ഥാപനങ്ങൾ, സ്മാർട്ട് സിറ്റി, പൊലീസ് എന്നിവരുടെ റോഡുകളിലെ ക്യാമറ ദൃശ്യങ്ങളും ശേഖരിക്കുകയാണ്. ഇവയിൽ ചിത്രം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് കണ്ടക്ടറിലേക്ക് അന്വേഷണം എത്തുന്നത്.

കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ക്യാമറയിൽ, പിറ്റേന്ന് യദു ബസിന് സമീപത്ത് കൂടി പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ആ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസം തമ്പാനൂർ പൊലീസും മെമ്മറി കാർഡിനെ പറ്റി യദുവിന്റെ മൊഴിയെടുത്തിരുന്നു. യദുവിന്റെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഉൾപ്പടെ അഞ്ച് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ് വൈകുമെന്നാണ് സൂചന.

സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം ലഭിച്ചാലേ നോട്ടീസ് അയയ്ക്കാവൂ എന്ന് കന്റോൺമെന്റ് പൊലീസിന് നിർദ്ദേശമുണ്ട്. രണ്ട് എഫ്.ഐ.ആറാണ് മേയർക്കും കുടുംബത്തിനുമെതിരെ കന്റോൺമെന്റ് പൊലീസ് ചുമത്തിയിട്ടുള്ളത്. ഒന്നിൽ മാത്രമാണ് ജാമ്യമില്ലാ വകുപ്പ്. മെമ്മറി കാർഡ് മോഷണം അന്വേഷിക്കുന്നത് തമ്പാനൂർ പൊലീസാണ്. കണ്ടക്ടർ സുബിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് ഡ്രൈവർ യദു ആരോപിച്ചിരുന്നു. സച്ചിൻദേവ് എംഎ‍ൽഎ ബസിൽ കയറിയത് കണ്ടില്ല എന്നതടക്കമുള്ള കണ്ടക്ടറുടെ മൊഴി നുണയാണ്. മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയിക്കുന്നതായും ഡ്രൈവർ വ്യക്തമാക്കിയിരുന്നു.

കണ്ടക്ടർ ബസിന്റെ മുമ്പിൽ തന്നെയായിരുന്നു ഇരുന്നത്. തന്റെ മുമ്പിൽ നിന്നാണ് എംഎ‍ൽഎയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നൽകിയത്. എന്നിട്ട് കണ്ടക്ടർ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത് പിൻസീറ്റിലാണ് ഇരുന്നതെന്നാണ്. തന്റെ സഹപ്രവർത്തകനെ താനൊരിക്കലും കുറ്റം പറയില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദമാകാം കാരണമെന്നും ഇക്കാര്യം നിയമം തെളിയിക്കേണ്ടതാണെന്നും യദു മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്.