- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'പാളയം' തർക്കത്തിൽ ഡ്രൈവറെ അകത്താക്കി ജോലി കളയിക്കാൻ നീക്കം സജീവം
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്. യദു നൽകിയ പരാതിയിൽ കോടതി ഇടപെടൽ കാരണം മേയർക്കും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. യദുവിനെ കെ എസ് ആർ ടി സിക്ക് തിരിച്ചെടുക്കേണ്ട സാഹചര്യവും ഇത് മൂലം ഉണ്ടാകുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് യദുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുക്കുന്നത്.
യദുവിനെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാണ് നീക്കം. നേരത്തെ ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന പരാതിയിൽ യദുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലേക്ക് എത്തിക്കാനുള്ള തെളിവുകളൊന്നും കിട്ടിയില്ല. യദുവിനൊപ്പം ബസിലെ കണ്ടക്ടറേയും സ്റ്റേഷൻ മാസ്റ്ററേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ലൈംഗിക അധിക്ഷേപ കേസിൽ മേയറുടെ മൊഴി രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് മേയർ നൽകിയിട്ടുള്ള മൊഴി. ഈ കേസിൽ മേയർ പൊലീസിനെ പരാതി അറിയിച്ചു. തുടർന്ന് യദുവിനെ അറസ്റ്റു ചെയ്തു. അന്ന് ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയത്. അതിന് ശേഷം വിവാദം ആളിക്കത്തി. മേയർ പ്രതിസ്ഥാനത്ത് എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
സംഭവ ദിവസം രാത്രി മേയർ നൽകിയ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തർക്കത്തിന് കാരണം ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല എന്നും സ്ത്രീകളോട് മോശമായി പെരുമാറിയതാണെന്നും അതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണെന്നും മേയർ വ്യക്തമാക്കിയിരുന്നു. ഈ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിലും മേയർ ആവർത്തിക്കും. നിലവിൽ ജാമ്യമില്ലാ കേസിലെ പ്രതിയാണ് മേയർ. ആ മേയർ എങ്ങനെ അറസ്റ്റ് വരിക്കാതെ മൊഴി നൽകാൻ എത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
നേരത്തേ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതടക്കം കമ്മീഷണർക്ക് യദു നൽകിയ പരാതിയിൽ പൊലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. ഇതോടെ ഡ്രൈവർ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയൽ ജില്ലാ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്. ഈ കേസിൽ മേയറെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവുമുണ്ട്.
കഴിഞ്ഞ ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്തുവച്ചായിരുന്നു തർക്കമുണ്ടായത്. തൽകാലം കെ എസ് ആർ ടി സിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ് യദുവിനെ. സ്ത്രീയെ അപമാനിച്ചതിന് ജാമ്യമില്ലാ കേസു വന്നാൽ യദുവിനെ കെ എസ് ആർ ടി സി ജോലിയിൽ നിന്നും പുറത്താക്കും.