തിരുവനന്തപുരം: ഷാരോൺ കേസിന് സമാനമായ പരാതികൾ കൂടി വരുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ തന്നെ ഭാര്യ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കാമുകനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്സിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായാണ് നെയ്യാറ്റിൻകര സ്വദേശി രംഗത്തുവന്നത്. ഈ പരാതിയിൽ പൊലീസ് കേസെടുത്തു.

2018 ജൂലൈയിലാണ് കൊലപ്പെടുത്താൻ ഭാര്യ ഹോർലിക്സിൽ വിഷം നൽകിയതെന്നാണ് പരാതി. കെഎസ്ആർടിസി ഡ്രൈവറായ സുധീർ ആണ് ഭാര്യ ശാന്തിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പാറശ്ശാല പൊലീസിന് ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ലെന്ന് യുവാവ് പറയുന്നു. പാറശ്ശാല ഷാരോൺ വധത്തിന് പിന്നാലെ സുധീർ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഭാര്യ ശാന്തിയും കാമുകൻ മുരുകനും തമിഴ്‌നാട് ശിവകാശി സ്വദേശികളാണ്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങൾക്ക് ശേഷം വസ്ത്രങ്ങൾ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്. നേരത്തെ ശാന്തി നൽകിയ ഹോർലിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

തുടർന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടുന്നതായും സുധീർ പറയുന്നു. അലുമിനിയം ഫോസ്ഫെയ്ഡ് ശരീരത്തിൽ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ് സുധീറിന് ഉണ്ടായിരുന്നതെന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളും യുവാവിന്റെ പക്കലുണ്ട്.

തന്നെ കൊല്ലാനായി വിഷവും മറ്റു ഉപകരണങ്ങളും മുരുകൻ കൊറിയറായി തമിഴ്‌നാട്ടിൽ നിന്നയച്ചു നൽകിയതാണെന്നും സുധീർ ആരോപിക്കുന്നു. ഇതിനുള്ള തെളിവുകളുമായി പാറശ്ശാല പൊലീസിനെ ആറുമാസം മുമ്പ് സമീപിച്ചെങ്കിലും, അന്നത്തെ സിഐ ഗൗരവത്തിലെടുത്തില്ലെന്ന് സുധീർ പറയുന്നു.