- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളുടെ ടവർ ലൊക്കേഷൻ മാഞ്ഞാലികുളത്തുള്ള യൂണിയൻ ഓഫിസ് പരിസരം; പക്ഷേ അറസ്റ്റു ചെയ്യാനുള്ള രാഷ്ട്രീയ അനുമതി പൊലീസിനില്ല; കാട്ടക്കടയിലെ ക്രൂരതയിൽ പ്രേമനനെ പീഡനക്കേസിൽ കുടുക്കി തടിയൂരാനും യൂണിയനിൽ ആലോചന; അതു വെറുമൊരു 'തള്ളൽ' എന്നും വാദം; ആ അച്ഛനും മകൾക്കും നീതി അകലെയാകുമ്പോൾ
കാട്ടാക്കട: 'നിങ്ങളെ പോലുള്ള ജീവനക്കാർ ഉള്ളതു കൊണ്ടാണ് കെഎസ്ആർടിസി നന്നാവാത്തത്' എന്ന് ആരെങ്കിലും പറഞ്ഞാൽ അത് കെ എസ് ആർ ടി സി ജീവനക്കാർക്ക് കൊള്ളും. ഇതാണ് പ്രേമനനും മകൾക്കും വിനയായത്. കാട്ടക്കടയിലെ ക്രൂരതയിൽ 5 ജീവനക്കാരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. കേസ് ഇനി ബാക്കിയാണ്. പ്രേമനനനെതിരെ അപവാദ പ്രചാരണവുമായി തൊഴിലാളി യൂണിയന്റെ തലമുതിർന്ന നേതാക്കൾ തന്നെ രംഗത്തു വന്നതും വിവാദമായിരുന്നു. പ്രതികൾ ആരും അറസ്റ്റിലായതുമില്ല.
ആമച്ചൽ സ്വദേശി പ്രേമനൻ ബിരുദ വിദ്യാർത്ഥിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൺസഷൻ പുതുക്കി നൽകാൻ കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഇല്ലെന്നിരിക്കെ അതു കൂടിയേ കഴിയൂ എന്ന ജീവനക്കാരുടെ വാശിയും അതു പ്രേമനൻ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കേറ്റവുമാണ് അച്ഛനും മകൾക്കും ക്രൂര മർദനമേൽക്കുന്നതിലേക്കു നയിച്ചത്. ഈ കേസിലാണ് പ്രതികളെ പിടിക്കാതെ പൊലീസിന്റെ കള്ളക്കളി. കൺസഷൻ ടിക്കറ്റ് രേഷ്മയുടെ വീട്ടിലെത്തിച്ചു നൽകി കെഎസ്ആർടിസി തെറ്റു തിരുത്തി. എന്നാൽ പ്രതികളെ പിടിക്കേണ്ട പൊലീസ് ഒന്നും ചെയ്യുന്നില്ല.
കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനായ പ്രേമനൻ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പ്രതികളുടെ വാദം. പ്രശ്‌നമുണ്ടാക്കാനും ദൃശ്യങ്ങൾ പകർത്താൻ ആളെയും കൂട്ടിയാണ് പ്രേമനൻ എത്തിയത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.
എന്നാൽ, പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ചവരാണ് പ്രതികൾ. പ്രചരിക്കുന്ന ദൃശ്യങ്ങളും ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കും. നിലവിൽ കേസിലെ പ്രതികളായ അഞ്ച് കെഎസ്ആർടിസി ജീവനക്കാരും സസ്‌പെൻഷനിലാണ്.
കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ മർദ്ദനത്തിനിരയായ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമ വകുപ്പ് ചുമത്തണമെന്ന് പ്രേമനൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ വിഷയത്തെ ന്യായീകരിച്ച് സിഐടിയു രംഗത്ത് വന്നിരുന്നു. പ്രേമനനെതിരെ സ്ത്രീ പീഡന കേസ് കൊടുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തിൽ എസ് സി-എസ് ടി വകുപ്പ് നിലനിൽ്കും. അതു പൊലീസ് ചെയ്യാത്തതും രാഷ്ട്രീയ സമ്മർദ്ദത്തിന് തെളിവാണ്. ഇത് തന്നെയാണ് സിഐടിയു നേതാവിന്റെ വാക്കുകളിലുമുള്ളത്.
കാട്ടാക്കടയിലെ അക്രമസംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാർ ആരേയും മർദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആർടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കാട്ടാക്കടയിൽ യാത്രാ കൺസെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് വരെ പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു.
ആര്യനാട് സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്,കാട്ടാക്കട ഡിപ്പോയിലെ സുരക്ഷ ജീവനക്കാരൻ എസ്.ആർ.സുരേഷ് കുമാർ,കെഎസ്ആർടിഇഎ സിഐടിയു കാട്ടാക്കട യൂണിറ്റ് സെക്രട്ടറിയായ കണ്ടക്ടർ എൻ.അനിൽകുമാർ, ഓഫിസ് അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് നേരത്തെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ തുടർന്ന് കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് സസ്‌പെൻഷനിലായ 5 പേരും.
കേസിൽ ഒരു പ്രതിയേയും അറസ്റ്റ് ചെയ്യാത്തതിൽ വിവിധ സംഘടകളുടെ പ്രതിഷേധം തുടരുകയാണ്.പ്രതികൾക്ക് അഭയമേകി സിഐടിയു രംഗത്ത് ഉള്ളതാണ് അറസ്റ്റ് നടക്കാത്തതിനു കാരണമെന്നാണ് ആക്ഷേപം. പ്രതികളുടെ ടവർ ലൊക്കേഷൻ മാഞ്ഞാലികുളത്തുള്ള യൂണിയൻ ഓഫിസ് പരിസരമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ അറസ്റ്റ് വേണ്ടെന്നും പ്രതികളെ ഞങ്ങൾ ഹാജരാക്കാന്നും സിപിഎം നേതൃത്വവും സിഐടിയു നേതൃത്വവും ഉറപ്പ് നൽകിയിരുന്നതായി പറയപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ