തിരുവനന്തപുരം: കേരളത്തിൽ വീണ്ടും 'ഫോൺ ചോർത്തൽ' വിവാദം. നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന പ്രതിപക്ഷ വിദ്യാർത്ഥിയുവജന സംഘടനാ നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നുവെന്നാണ് ആരോപണം. ബെംഗളൂരുവിൽനിന്നു ഡ്രോൺ വാങ്ങാൻ അന്വേഷണം നടത്തിയ എൻഎസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിഷയം കോടതിയിൽ ചർച്ചയാക്കാനാണ് കെ എസ് യു തീരുമാനം.

എറിക് ബെംഗളൂരുവിൽ വിളിച്ച 4 ഏജൻസികളെ കണ്ടെത്തിയ പൊലീസ്, ഇദ്ദേഹത്തിനു ഡ്രോൺ വിൽക്കാൻ പാടില്ലെന്ന നോട്ടിസും നൽകി. അതേസമയം, മാർ ഇവാനിയോസ് കോളജിലെ പരിപാടിയുടെ ചിത്രീകരണത്തിനാണു ഡ്രോൺ അന്വേഷിച്ചതെന്ന് എറിക് പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നു വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) അറിയിച്ചതായി എറിക് പറയുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ 'അതൊക്കെ നിങ്ങളോട് എങ്ങനെ പറയും' എന്നായിരുന്നു സിഐയുടെ പ്രതികരണം.

ഫോൺ ചോർത്തിയാണ് ഇത് പൊലീസ് അറിഞ്ഞത് എന്നാണ് എറിക് പറയുന്നത്. അല്ലാതെ കണ്ടെത്താൻ കഴിയില്ല. ഡ്രോൺ വാങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിൽ കേരളം കടന്നുവെന്നാണ് എറിക് പറയുന്നത്. വളരെ നാടകീയമായാണ് എറിക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതിനിടെ കോൺഗ്രസിൽ നിന്ന് തന്നെ ചോർന്നു കിട്ടിയതാണ് വിവരമെന്നും പൊലീസ് സൂചന നൽകുന്നുണ്ട്.

എറിക്, ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽനിന്ന് ഡ്രോൺ വാങ്ങുന്നതിനായി വിവരങ്ങൾ തിരക്കിയിരുന്നു. ഡ്രോൺ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് നിർദ്ദേശത്തെ തുടർന്നാണ് പിടിച്ചു കൊണ്ടു പോയത് . എന്നാൽ തിരുവനന്തപുരത്തെ ക്യാമ്പസുകളിൽ കെ.എസ്.യുവിന്റെ പരിപാടികൾ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഡ്രോണുമായി ബന്ധപ്പെട്ട തിരക്കിയതെന്നാണ് എറിക്കിന്റെ വിശദീകരണം.

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ഇന്നലെ ഡിജിപി ഓഫിസിലേക്കു മാർച്ച് നടത്താനിരിക്കെയാണ് ചൊവ്വാഴ്ച രാത്രി എറിക്കിനെ വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയി പുലർച്ചെ വരെ സ്റ്റേഷനിൽ ഇരുത്തിയത്. ഫോൺ ചോർത്തിയതു കൊണ്ടാണ് ഡ്രോൺ വാങ്ങാനുള്ള ശ്രമം പൊലീസ് അറിഞ്ഞതെന്ന് എറിക് പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഏത് എസ്എച്ച്ഒയ്ക്കും സംശയിക്കുന്നവരുടെ ഫോൺ വിളി വിശദാംശം സൈബർ സെൽ വഴി സർവീസ് പ്രൊവൈഡറോട് ആവശ്യപ്പെടാൻ അനുമതിയുണ്ട്.

ഐജി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് സംശയം തോന്നുന്ന ആരുടെയും ഫോൺ സംഭാഷണം 7 ദിവസം വരെ ചോർത്താം. ആഭ്യന്തര സെക്രട്ടറിക്കാകട്ടെ 2 മാസം വരെ ഫോൺ ചോർത്തലിന് അനുമതി നൽകാം. പലപ്പോഴും 7 ദിവസമെന്നത് ആവശ്യമുള്ള ദിവസം വരെ പല ഉദ്യോഗസ്ഥരും നീട്ടിക്കൊണ്ടുപോകുന്നതായാണു വിവരം. പിന്നീട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച് അനുമതി നേടും. ഇതിവിടേയും സംഭവിച്ചുവെന്നാണ് ആരോപണം.