കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുകേസിലെ മുഖ്യപ്രതി തൃശൂർ സ്വദേശിയായ ആന്റണി സണ്ണി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ നാടകീയമായി കീഴടങ്ങി. കേസിലെ രണ്ടാംപ്രതിയായ ആന്റണി സണ്ണി വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ആന്റണിയെ ചോദ്യം ചെയ്താൽ കോടികളുടെ കുംഭകോണം നടന്ന അർബൻനിധി നിക്ഷേപതട്ടിപ്പിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി ആന്റണി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പൊലിസ് തെരച്ചിൽ ശക്തമാക്കിയതോടെ ഗത്യന്തരമില്ലാതെ കീഴടങ്ങുകയായിരുന്നു. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി. എ ബിനുമോഹന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് ബിനുമോഹൻ അറിയിച്ചു.

കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻനിധി ബാങ്ക് തട്ടിപ്പു പുറത്തുവന്നതോടെ ആന്റണി സണ്ണിയെന്ന തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ഒളിവിലായിരുന്നു. നേരത്തെ ഇയാൾ തലശേരി സെഷൻസ് കോടതി മുഖേനെ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ആന്റണി സമാന്തര സാമ്പത്തിക സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമുള്ള പബ്ളിക് പ്രൊസിക്യൂട്ടർ അജിത്ത് കുമാറിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അർബൻനിധിയുടെ ഡയറക്ടറായ ആന്റണി ഇതിനു സമാന്തരമായി തുടങ്ങിയ എനി ടൈം മണിയെന്ന സ്ഥാപനം വഴി പതിനേഴുകോടിയോളം രൂപ വെട്ടിച്ചുവെന്നു നേരത്തെ അറസ്റ്റിലായ ഡയറക്ടമാരായ തൃശൂർ ചങ്ങരംകുളം സ്വദേശി ഷൗക്കത്തലിയും കൂട്ടുപ്രതി ഗഫൂറും മൊഴി നൽകിയിരുന്നു. ഏകദേശം അഞ്ഞൂറ് കോടിയുടെ വെട്ടിപ്പ് അർബൻനിധിയുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കണ്ണൂർ ജില്ലയിൽ 350 ഓളം പരാതികളാണ് അർബൻനിധിക്കെതിരെ നിക്ഷേപകർ നൽകിയിട്ടുള്ളത്. നേരത്തെ കണ്ണൂർ അർബൻനിധി നിക്ഷേപതട്ടിപ്പു കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറിയത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന പൊലിസ് മേധാവി അനിൽകാന്താണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂർ റെയ്ഞ്ച് എസ്‌പി. എം പ്രദീപ് കുമാറിനാണ് മേൽനോട്ടചുമതല നൽകിയത്.

തൃശൂർ സ്വദേശികളായ ഗഫൂർ, ഷൗക്കത്തിലി, കണ്ണൂർ ആദികടലായി സ്വദേശിനി കെ.വി ജീന, ആന്റണി എന്നിവരുടെ പേരിൽ സ്വത്തുക്കളില്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാമെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി മുന്നൂറിലേറെ കേസുകളാണ് പൊലിസ് അർബൻ ബാങ്ക്, എനി ടൈം ഡയറക്ടർമാർക്കെതിരെ പൊലിസ് രജിസ്റ്റർ ചെയ്തത്. ഏകദേശം അഞ്ഞൂറു കോടിരൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ കേസിലെ മുഖ്യപ്രതികളായ ഗഫൂർ, ഷൗക്കത്തലി, കെ.വി ജീന എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇപ്പോൾ കേസിലെ മുഖ്യപ്രതിയായ എർണാകുളം സ്വദേശി ആന്റണിയെ പിടികൂടാൻ കഴിഞ്ഞത് കേസിലെ വഴിത്തിരിവാണെന്നാണ് പൊലിസ് പറയുന്നത്.

അർബൻ നിധിയുടെ 17-കോടിരൂപ എനി ടൈംമണിയിലേക്ക് വകമാറ്റുകയും ആ പണം വകമാറ്റുകയും ചെയ്തത് ആന്റണിയാണെന്നു ഷൗക്കത്തലി, ഗഫൂർ, ജീനഎന്നിവർ പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. ഇതോടെയാണ് സ്ഥാപനത്തിന്റെ തകർച്ച തുടങ്ങിയതെന്നാണ് ഇവരുടെ വാദം. ആന്റണി കീഴടങ്ങിയതോടെ ഈക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ആന്റണിക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനമാകെ തെരച്ചിൽ നടത്തിവരികയായിരുന്നു. വിമാനത്താവളങ്ങൾ വഴി ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാനായി ജാഗ്രത ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി ആന്റണി കീഴടങ്ങിയത്.

കണ്ണൂർ കോർപറേഷൻ പരിധയിലെ ഒരു സ്ത്രീയുടെ ഒരുകോടിരൂപ അർബൻനിധിയിൽ നിക്ഷേപമായി നൽകിയതിനു ശേഷം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവരുടെയടക്കം പണം ഏജന്റുമാർ മുഖേനെ സമാഹരിച്ചത്. കണ്ണൂർ സ്വദേശിനിയും അർബൻ നിധി അസി.മാനേജരുമായി ജീനയുടെ നേതൃത്വത്തിലാണ് ഏജന്റുമാർ മുഖേനെയാണ് ഓരോരുത്തരിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചത്. പന്ത്രണ്ടു മുതൽ പതിനാലു ശതമാനം വരെയാണ് ഇവർ നിക്ഷേപത്തിന് പലിശയായി വാഗ്ദാനം ചെയ്തിരുന്നത്.

ഇതിനു പുറമെ വൻതുക നിക്ഷേപമായി നൽകുന്നവർക്ക് ഉയർന്ന പലിശയും അതിനൊപ്പം അവർക്കോ ബന്ധുക്കൾക്കോ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇങ്ങനെ കെണിയിൽ വീണവരിൽ അധികവും വീട്ടമ്മമാരാണ്. എന്നാൽ കോടികളുടെ വെട്ടിപ്പുനടന്ന അർബൻനിധിക്കേസിൽ നിക്ഷേപകരിൽ നിന്നും സമാഹരിച്ച കോടികൾ എങ്ങോട്ടുപോയെന്നതിനെ കുറിച്ചുള്ളവിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ആന്റണിയെ ചോദ്യം ചെയ്താൽ ഈക്കാര്യത്തെ കുറിച്ചുവിശദവിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘം പറയുന്നത്.