- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ചെയ്തത് ഷൗക്കത്തലി, താൻ വീണത് അയാളുടെ കെണിയിൽ; തന്നെ ചതിക്കാൻ ഗഫൂറും കൂട്ടുനിന്നു; തനിക്ക് അൻപതുകോടിയുടെ കടമുണ്ട്; ജപ്തി ചെയ്താൽ ചാവേണ്ടി വരും; കണ്ണൂർ അർബൻനിധി നിക്ഷേപ തട്ടിപ്പുകേസിൽ നിർണായക വെളിപ്പെടുത്തലുമായി ആന്റണി; പൊളിയുന്നത് ഷൗക്കത്തലിയുടെ നുണകൾ
കണ്ണൂർ: കണ്ണൂർ അർബൻനിധി നിക്ഷേപ തട്ടിപ്പുകേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം. നൂറുകോടിയോളം രൂപ നഷ്ടപ്പെട്ടതായി പ്രാഥമികമായി കരുതുന്ന കണ്ണൂർ അർബൻനിധി തട്ടിപ്പുകേസിന്റെ മുഖ്യസൂത്രധാരൻ അറസ്റ്റിലായ തൃശൂർ ചങ്ങരംകുളം മേലെടത്ത് ഷൗക്കത്തലിയാണെന്ന(43) വ്യക്തമായ സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
അർബൻ നിധി നിക്ഷേപ തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും എനി ടൈം മണിയുടെ ഡയറക്ടറുമായ തൃശൂർ വടക്കേക്കാട് നായരങ്ങാടി വെള്ളറ വീട്ടിൽ ആന്റണി സണ്ണി(40)അറസ്റ്റിലായതോടെയാണ് കേസ് വഴിത്തിരിവിലെത്തിയത്. ഇതുവരെ കേസിലെ മൂന്നാംപ്രതിയായ ഷൗക്കത്തലി അന്വേഷണ സംഘത്തിന് നൽകിയ മൊഴി ആന്റണിയെ പഴി ചാരിയുള്ളതായിരുന്നു. എന്നാൽ ആന്റണി കീഴടങ്ങിയതോടെ ഇയാളെ ഷൗക്കത്തലിയുടെയും ഗഫൂറിന്റെയും കൂടെയിരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഷൗക്കത്തലി പറഞ്ഞു പിടിപ്പിച്ച വ്യാജവാദങ്ങൾ ഓരോന്നായി അഴിഞ്ഞുവീണത്.
കോവിഡ് കാലത്ത് തന്റെ ബിസിനസ് പൊളിഞ്ഞപ്പോൾ തന്നെ ഷൗക്കത്തലി അർബൻ നിധിയിലേക്ക് കൊണ്ടുവന്നു കെണിയിലാക്കുകയായിരുന്നുവെന്നാണ് ആന്റണി പറയുന്നത്. ഷൗക്കത്തലിക്കും ഗഫൂറിനും വിദേശരാജ്യങ്ങളിലെ ചിലരുമായി ബിസിനസ് ബന്ധങ്ങളുണ്ട്. ഇവർ താനറിയാതെ ഗൾഫ് കേന്ദ്രീകരിച്ചു ബിനാമി ബിസിനസുകൾ നടത്തിയതായും ഹവാലപണവുമായി ഇവർക്ക് ബന്ധമുണ്ടെന്നും ആന്റണി ആരോപിക്കുന്നു.
പാക്കിസ്ഥാനിൽ നിന്നും വരെ ഷൗക്കത്തലി പണമിടപാടുകൾ നടത്തിയിരുന്നു. ഷൗക്കത്തലിയുടെയും ഗഫൂറിന്റെയും നീക്കങ്ങൾ ദുരൂഹമായിരുന്നുവെന്നും കമ്പിനിയിൽ നിന്നും താൽക്കാലികമായി അഡ്ജസ്റ്റാക്കാൻ മാത്രമാണ് താൻ പണം വായ്പവാങ്ങിയതെന്നും തന്റെ സ്വത്തുകണ്ടുകെട്ടിയാൽ ആത്മഹത്യയല്ലാതെ മറ്റു മാർഗവുമില്ലെന്നായിരുന്നു ആന്റണി പ്രത്യേക അന്വേഷണസംഘത്തോട് കണ്ണീരൊഴുക്കി കൈകൂപ്പി പറഞ്ഞത്.
നേരത്തെ പലവിധ കേസുകളിൽ ഉൾപ്പെട്ടയാളാണ് ഷൗക്കത്തലി. ഇയാൾക്കെതിരെ നിരവധി ചെക്കുകേസുകളുമുണ്ട്. എന്നാൽ ഷൗക്കത്തലിയുടെ പശ്ചാത്തലം തനിക്കറിയില്ലെന്നായിരുന്നു ആന്റണിയുടെ മൊഴി. ആദ്യമൊക്കെ നല്ല രീതിയിൽപോയ സ്ഥാപനത്തിന്റെ അധ:പതനത്തിനിടയാക്കിയത് താനല്ലെന്നും ഷൗക്കത്തലിയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. നുണകൊണ്ടുള്ള സാമ്രാജ്യമാണ് ഷൗക്കത്തലിയും ഗഫൂറും തീർത്തത്. വഞ്ചനയും കാപട്യവും ദുഷ്ടബുദ്ധിയും ഉപയോഗിച്ചു മറ്റുള്ളവരെ ചതിച്ചുപണമുണ്ടാക്കാനുള്ള വഴികളാണ് അവർ ആലോചിച്ചതെന്നും ആന്റണി പറയുന്നു.
ആന്റണിയെ കുടുക്കി തലയൂരാൻ നോക്കി
കണ്ണൂർ താവക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അർബൻ നിധിനിക്ഷേപസമാഹരണ സ്ഥാപനത്തിന്റെ തകർച്ച തുടങ്ങിയത് ആന്റണി സണ്ണി ഫണ്ടു വകമാറ്റിയതാണെന്ന ഗുരുതരമായ ആരോപണം നേരത്തെ അറസ്റ്റിലായ ഡയറക്ടർമാരായ തൃശൂർ ചങ്ങരംകുളത്ത് ഷൗക്കത്തലിയും കെ. എം ഗഫൂറും പൊലിസിനോട് മൊഴിയായി നൽകിയിരുന്നു. എന്നാൽ ഇതിന്റെ വസ്തുത അറിയുന്നതിനായി മൂന്നുപേരെയും ഒന്നിച്ചിരുത്തി ചോദിച്ചപ്പോൾ ഷൗക്കത്തലിയുടെ ആരോപണത്തിൽ കുറച്ചുമാത്രമേ സത്യമുള്ളുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായത്.
അർബൻനിധിയുടെ നിക്ഷേപത്തിൽ നിന്നും എട്ടുകോടിരൂപ ആന്റണിയുടെ അക്കൗണ്ടിലേക്ക് പോയിരുന്നുവെങ്കിലും ഇതു തനിക്ക് ട്രാൻസ്പോർട്ട് കമ്പിനി നടത്താനായി അഡ്ജറ്റാക്കാൻ തന്ന തുകയാണെന്നായിരുന്നു ആന്റണിയുടെ വാദം. നേരത്തെ സിമന്റ് ബിസിനസും ട്രാൻസ് പോർട്ടു ബിസിനസും നടത്തിവരികയായിരുന്നു ആന്റണി. കോവിഡ് കാലത്ത് അടച്ചുപൂട്ടലുണ്ടായതോടെ ബിസിനസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ഈ സമയം അർബൻ നിധിയുടെ പാർട്ണറായാൽ ബിസിനസ് ആവശ്യത്തിനായി പണം വായ്പയായി നൽകാമെന്നു ഷൗക്കത്തലി ഓഫർ നൽകുകയുമായിരുന്നു. തനിക്ക് അൻപതു കോടിയുടെ കടബാധ്യതയുണ്ടെന്നും മാസത്തിൽ 65 ലക്ഷം ബാങ്ക് വായ്പയുടെ പലിശയായി തന്നെ അടച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ആന്റണി പറഞ്ഞത്. തന്റെയും സഹോദരന്റെയും ഉടമസ്ഥതയിലുള്ള 90 സിമന്റ് ചരക്കു ലോറികളിൽ എഴുപതെണ്ണം സേലത്ത് വിൽപനയ്ക്കുവെച്ചിരിക്കുകയാണെന്നും ബാക്കിയുള്ളവർ കട്ടപ്പുറത്താണെന്നുമാണ് ആന്റണിയുടെ മൊഴി.
കമ്പനി പൊളിയുന്നത് മുൻകൂട്ടി കണ്ടു
എന്നാൽ ആന്റണിയുടെ മൊഴിയെ പ്രത്യേക അന്വേഷണ സംഘം കണ്ണുമടച്ച് വിശ്വസിച്ചിട്ടില്ല. അർബൻ നിധിയുടെ ഡയറക്ടറായതിനു ശേഷം ഗുരുവായൂരിൽ റിസോർട്ടും ബിനാമി പേരുകളിൽ സ്ഥലങ്ങളും ആന്റണിയുടെ പേരിലുണ്ടായിട്ടുണ്ടെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സെന്റ് ആന്റണീസെന്ന പേരിലുണ്ടാക്കിയ കമ്പിനിയുടെ അക്കൗണ്ടിലേക്കാണ് അർബൻ നിധിയിൽ നിന്നും എട്ടുകോടി വകമാറ്റിയത്. ഈ അക്കൗണ്ട് കൈക്കാര്യം ചെയ്തത് മറ്റൊരു ഡയറക്ടറായ ഗഫൂറാണ്. എന്നാൽ ആന്റണി മുഴുവൻ പണമിടപാടുകളും വകമാറ്റിയത് സ്വന്തം അക്കൗണ്ടുവഴിയാണെന്ന വാദം പൊലിസ് അന്വേഷണത്തിൽ സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇതോടെ ബിനാമി പേരിലുള്ള അക്കൗണ്ടിലേക്ക് അർബൻ നിധിയുടെ പണം പണം അടിച്ചുമാറ്റിയ ഷൗക്കത്തലിയും ഗഫൂറുമാണ് കേസിലെ സൂത്രധാരന്മാരെന്ന സൂചനയാണ് പൊലിസിന് ലഭിക്കുന്നത്. കമ്പിനി പൊളിയുന്നത് മുൻകൂട്ടികണ്ടുകൊണ്ടു ഷൗക്കത്തലിയും ഗഫൂറും ബിനാമി പേരുകളുള്ള ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് കോടികൾ ഒഴുക്കിയത്. ഇവർ ആഡംബര വാഹനങ്ങളും മുകൾ നിലയിൽ സ്വിമ്മിങ് പൂളുകളുള്ള കൊട്ടാരസദൃശ്യമായ വീടുകളും നിർമ്മിക്കുകയും ഇതു ബന്ധുക്കളുടെ പേരിൽ ഉടമസ്ഥാതാവകാശമായി എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കമ്പിനി പൊളിയുമെന്നുറപ്പായ ഇവർ ജപ്തിനടപടികളിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിനിടെ അറസ്റ്റിലായ ആന്റണിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ച 350-ഓളം പരാതികളാണ് ലഭിച്ചത്. ഏകദേശം അഞ്ഞൂറുകോടിയോളം പ്രതികൾ തട്ടിയെടുത്തുവെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. ഇതിൽ ഒരു കോടിവരെ നഷ്ടമായ നിക്ഷേപകരുണ്ട്. കണ്ണൂർ നഗരത്തിലെ ഒരു സ്ത്രീക്കാണ് ഒരുകോടി നഷ്ടമായത്.
പ്രതികൾ വീണ്ടും ജയിലിലേക്ക്
നിക്ഷേപ തട്ടിപ്പുകേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ബിനു മോഹൻ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഗഫൂറിനെയും ഷൗക്കത്തലിയെയും കൂട്ടിയാണ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ ഇവരെ വീണ്ടും ജയിലിൽ എത്തിച്ചു. ഗഫൂറും ഷൗക്കത്തലിയും നിക്ഷേപകരുടെ പണമുപയോഗിച്ചു ബന്ധുക്കളുടെ പേരിൽ തൃശൂരിലും മലപ്പുറത്തും സ്വത്തുക്കൾ വാങ്ങികൂട്ടിയതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. കേസിലെ മൂന്നാംപ്രതി ഷൗക്കത്തലിയുടെ മലപ്പുറത്തുള്ള വീട്ടിലും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഇരുവർക്കും വീടിനു പുറമേ ജില്ലയുടെ വിവിധസ്ഥലങ്ങളിൽ സ്ഥലങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയൊക്കെ ജപ്തി നടപടികൾ മുൻകൂട്ടികണ്ടുകൊണ്ടു ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയതായാണ് അന്വേഷണ സംഘം പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്