കൊല്ലം: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിലെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടാനുള്ള പൊലീസ് ശ്രമം കലാശിച്ചത് വെടിവയ്‌പ്പിൽ. പ്രതികൾക്ക് നേരെ പൊലീസ് പ്രാണരക്ഷാർത്ഥം വെടിവച്ചു. പൊലീസിനെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നകതിനിടെയാണ് കൊച്ചി ഇൻഫോ പാർക്ക് എസ്.എച്ച്.ഒ വിബിൻ ദാസ് നാലു റൗണ്ട് വെടിവച്ചത്.

പ്രതികളിൽ ഒരാളെ പിടികൂടിയെങ്കിലും മറ്റു രണ്ടു പേർ കായലിൽ ചാടി രക്ഷപെട്ടു. ലിബിൻ ലോറൻസിനെയാണ് പിടികൂടാൻ കഴിഞ്ഞത്. ആന്റണി ദാസും ലിയോ പ്ലാസിഡുമാണ് രക്ഷപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചങ്ങനാശേരി സ്വദേശിയായ ലിബിനെ തട്ടിക്കൊണ്ടു പോയ കേസിൽ 5 പേരെ ഇൻഫോ പാർക്ക് പൊലീസ് പിടികൂടിയിരുന്നു. ഈ സംഘത്തിലെ മറ്റുള്ളവർ ഒളിവിൽ കഴിയുന്നത് കുണ്ടറയിലെ പടപ്പക്കരയിലാണ് എന്ന് രഹസ്യ വിവരം ലഭിച്ചതോടെ കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ ഇൻഫോ പാർക്ക് എസ്.എച്ച്.ഒ വിബിൻ ദാസും നാലു പൊലീസ് ഉദ്യോഗസ്ഥരും ഇവിടെയെത്തി.

തുടർന്ന് പരിസരം വീക്ഷിച്ച ശേഷം ഇന്ന് പുലർച്ചെ ഒരു മണിയോട് പ്രതികൾ താമസിച്ചിരുന്ന ആളൊഴിഞ്ഞ വീട് വളഞ്ഞു. വാതിൽ മുട്ടി വിളിച്ചതോടെ സംശയം തോന്നിയ പ്രതികൾ വീടിന് പിൻവശത്തെ വാതിൽ വഴി രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് പിന്നാലെ ഓടിയെങ്കിലും ലിബിൻ ലോറൻസിനെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. ഇതിനിടെയാണ് മറ്റു രണ്ടു പേർ വടിവാളുപയോഗിച്ച് പൊലീസിനെ ആക്രമിച്ചത്.

തലങ്ങും വിലങ്ങും വാളു വീശിയതോടെ പൊലീസിന് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെയാണ് എസ്.എച്ച്.ഒ വെടിയുതിർത്തത്. ഈ സമയം രണ്ടു പ്രതികൾ സമീപത്തെ കായലിലേക്ക് ചാടി രക്ഷപെടുകയുമായിരുന്നു. കുണ്ടറ പൊലീസിനെ അറിയിക്കാതെയായിരുന്നു ഓപ്പറേഷൻ. പ്രതികളുടെ പക്കൽ മാരകായുധങ്ങൾ ഉണ്ടാവും എന്ന് പൊലീസ് കുതിയില്ല. മൂന്ന് പേർ മാത്രമാണ് ഇവിടെയുള്ളത് എന്ന കൃത്യമായ വിവരം ലഭിച്ചതിനാലാണ് വലിയ പൊലീസ് സന്നാഹങ്ങളുമായി ഇവിടേക്ക് വരാതിരുന്നത്.

എന്നാൽ പൊലീസിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് പ്രതികൾ വടിവാളു വീശി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ജീവൻ അപകടത്തിലാവും എന്ന് ഉറപ്പായതോടെയാണ് പൊലീസ് വെടിവച്ചത്. വെടിയുതിർത്തില്ലായിരുന്നെങ്കിൽ പൊലീസുകാരുടെ ജീവൻ അപകടത്തിലായേനെ. പിന്നീട് വിവരം കുണ്ടറ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇൻഫോ പാർക്ക് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇവർക്കെതിരെ വധ ശ്രമത്തിന് കുണ്ടറ പൊലീസ് കെസെടുത്തു.

കഴിഞ്ഞ 26 നാണ് വാഹന ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസിൽ അഞ്ചു പേരെ ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. തുവയൂർ സ്വദേശിയായ വിഷ്ണു, ഇയാളുടെ സുഹൃത്തുക്കളായ അക്‌ബർഷാ, പ്രജീഷ്, സുബീഷ്, ലിജോ ജോയി എന്നിവരാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിയായ ലെവിൻ വർഗ്ഗീസിനെയാണ് സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. ലെവിൻ വർഗ്ഗീസ് പ്രതികളിലൊരാളായ വിഷ്ണുവിന്റെ സുഹൃത്തിന്റെ പക്കൽ നിന്നും ഒരു കാർ വാടകയ്ക്ക് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഏറെ നാളായി തുടരുകയായിരുന്നു. ഇതിനിടയിൽ പണം നൽകിയില്ലെങ്കിൽ കാർ തിരികെ വേണമെന്ന് ഉടമ ആവശ്യപ്പെട്ടു. എന്നാൽ ലെവിൻ ഇതിന് തയ്യാറായിരുന്നില്ല. അങ്ങനെയാണ് കാർ തിരികെ എടുക്കാൻ വിഷ്ണുവിന് ക്വട്ടേഷൻ നൽകുന്നത്.

കഴിഞ്ഞ ദിവസം ലെവിൻ വർഗ്ഗീസും ഭാര്യയും ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഗുണ്ടാ സംഘം ഇവരെ വളയുകയും ഭാര്യയെ കാറിൽ നിന്നും ഇറക്കിയ ശേഷം ലെവിൻ വർഗ്ഗീസുമായി കാർ കടത്തിക്കൊണ്ടി പോകുകയായിരുന്നു. സംഘം ഇയാളെ അടൂരിലെത്തിച്ച ശേഷം സർക്കാർ റെസ്റ്റ് ഹൗസിലെ ഒരു മുറിയിൽ അടച്ചിടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനിടയിൽ ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇൻഫോ പാർക്ക് പൊലീസ് ലെവിൻ വർഗ്ഗീസിന്റെ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അടൂരിലുണ്ടെന്ന് മനസ്സിലാക്കി. അടൂരിലെ ഷാഡോ പൊലീസിന് വിവരങ്ങൾ കൈമാറുകയും ഇവർ റെസ്റ്റ് ഹൗസിൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഒരു മുറിയിൽ അവശ നിലയിലായ ലെവിൻ വർഗ്ഗീസിനെയും മൂന്ന് ഗുണ്ടാ സംഘങ്ങളെയും കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തുന്നത് കണ്ട് മുറിക്ക് പുറത്തുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപെട്ടു.

പിന്നീട് സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ പ്രതികളുണ്ട് എന്ന് പൊലീസിന് മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിലാണ് മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. രക്ഷപെട്ട രണ്ടു പേർ കൂടാതെ ഇനിയും പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.