കണ്ണൂർ: കണ്ണൂർ ജില്ലയെ നടുക്കിയ വയോധികയുടെ അരുംകൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇനിയും കണ്ടെത്താനാവാതെ പൊലീസ് ഇരിക്കൂർ സിദ്ദിഖ് നഗറിലെ കുഞ്ഞാമിനയെന്ന വയോധിക അരും കൊല ചെയ്തിട്ടു ഏഴുവർഷങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം കേസ് ഉപേക്ഷിച്ച മട്ടാണ്.

ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തിന്റെ ഭാര്യ സബീന മൻസിലിൽ കുഞ്ഞാമിന കവർച്ചയ്ക്കിടെയാണ് അതിദാരുണമായി കൊല്ലപ്പെടുന്നത്. ഏപ്രിൽ 30ന് ഏഴുവർഷം പിന്നിടുമ്പോഴും വിവിധ അന്വേഷണ ഏജൻസികൾ മാറി മാറി അന്വേഷിച്ചിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്തു തന്നെയാണ്.

കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന രണ്ടു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ മൂന്നു പേരാണ് കേസിലെ പ്രതികൾ. ആദ്യനാളുകളിൽ ജില്ലാ പൊലിസ് ചീഫിന്റെ സ്‌ക്വാഡിന്റെ സഹായത്തോടെ അന്വേഷണം നടത്തി. പതിനാലു സംസ്ഥാനങ്ങളിൽ പൊലിസ് പ്രതികൾക്കായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയായതോടെ നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും പ്രക്ഷോഭമാരംഭിക്കുകയും കേസ് 2021- ജൂണിൽ സംസ്ഥാനസർക്കാർ ക്രൈം ബ്രാഞ്ചിന് വീടുകയും ചെയ്തു. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ. എസ്. പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയ്ക്ക് ഉൾപ്പെടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല.

2016- ഏപ്രിൽ 30 നാണ് കവർച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. വയറിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി 19 കുത്തുകളേറ്റിരുന്നു. കുഞ്ഞാമിനയുടെ ദേഹത്തുണ്ടായിരുന്ന പത്തുപവനോളം സ്വർണാഭരണങ്ങളും നഷടപ്പെട്ടിരുന്നു. ഇവരുടെ ക്വാർട്ടേഴ്സിൽ ഒരു മാസം മുൻപ് വാടകയ്ക്കു താമസിക്കാനെത്തിയ ഇതരസംസ്ഥാനക്കാരായ മൂവർ സംഘം അന്ന് രാവിലെ ഒൻപതരയ്ക്ക് ക്വാർട്ടേഴ്സ് ഒഴിഞ്ഞു പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

രാവിലെ എട്ടുമണിക്കും ഒൻപതരയ്ക്കുമിടെയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിരുന്നു. മൂവരും വ്യാജപേരും മേൽവിലാസവുമാണ് ഇവിടെ നൽകിയതെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞാമിന കൊല്ലപ്പെട്ട സ്ഥലത്തു നിന്നും ഇവർ അപ്രത്യക്ഷമായതോടെ മൂവർ സംഘം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലസ് സ്ഥിരീകരിച്ചു.

കൊലനടന്ന ദിവസം ഇരിക്കൂറിൽ നിന്ന് ഓട്ടോറിക്ഷയിൽ രാവിലെ 10.45ന് എത്തിയ സംഘം ഇവിടെ പ്രകാശ് ജങ്ഷനിൽ നിൽക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം സംഘം മഹാരാഷ്ട്രയിലേക്ക് പോയതെന്നായിരുന്നു ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലിസീന് വ്യക്തമായത്. തുടർന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി. ഇവിടെ നിന്നും രാജസ്ഥാനിലെ അജ്മീറിലെത്തിയ 21 മുതൽ വീണ്ടും റായ്ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം ഇവർ എങ്ങോട്ടു പോയതെന്നതിനെ കുറിച്ചു വ്യക്തമായ വിവരമൊന്നും പൊലിസിന് ലഭിച്ചിട്ടില്ല.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘം ഉപയോഗിച്ചിരുന്ന സിംകാർഡിലെ മേൽവിലാസം കർണാടക ഗുണ്ടൽ പേട്ടിലെ സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊലിസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവർ ഇവിടെ വാടകയ്ക്കു താമസിച്ചപ്പോൾ അയൽവാസിയായ യുവതിക്ക് മാക്സി വിൽപന നടത്തി സിംകാർഡ് കൈവശപ്പെടുത്തിയതാണെന്നു വ്യക്തമായിരുന്നു.

കണ്ണൂർ ജില്ലയിലെ ചെങ്കൽ,കരിങ്കൽ മേഖലയായ ഇരിക്കൂറിൽ ആയിരക്കക്കണിന് ഇതരസംസ്ഥാനതൊഴിലാളികളാണ് കഴിയുന്നത്. പെരുവളത്ത് പറമ്പിൽ ദൃശ്യം മോഡലിൽ സഹപ്രവർത്തകരെ ഇതരസംസ്ഥാന തൊഴിലാളികൾ കൊലപ്പെടുത്തി കുഴിച്ചിട്ടു അതിനു മുകളിൽ കോൺക്രീറ്റു ചെയ്തതും നാടിനെ ഞെട്ടിച്ചിരുന്നു. കുഞ്ഞാമിന വധക്കേസിലെ പ്രതികളെ കണ്ടെത്താൻ പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ചെയ്തിട്ടില്ല. ഇവർ രാജ്യം തന്നെ വിട്ടുപോയോയെന്നും പൊലിസിന് സംശയമുണ്ട്.