കണ്ണൂർ: കണ്ണൂരിൽ ജോലിക്ക് പോയി മടങ്ങിവരവെ വയോധികനെ കാണാതായത് കുടുംബത്തെ കണ്ണീരിലാഴ്‌ത്തുന്നു. കണ്ണൂർ - അരോളി -വാച്ചാക്കൽ നാദോരൻ വീട്ടിൽ പുഴാതി തെരുസ്വദേശി കുന്നോൻ പത്മനാഭനെയാണ്(62)കഴിഞ്ഞ മെയ് 16ന് വൈകുന്നേരം ആറുമണിയോടെ കാണാതായത്. പുതിയതെരു അപ്പൂസ് ജീവനക്കാരനായ പത്മനാഭൻ ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ മടങ്ങിവരവേയാണ് ഇദ്ദേഹത്തെ കാണാതായത്.

ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപായി എന്തൊക്കെയാണ് സാധനങ്ങൾ വാങ്ങേണ്ടതെന്നു വീട്ടിൽ ഫോൺ വിളിച്ചു ചോദിച്ചതായി ഭാര്യ പറയുന്നു. എന്നാൽ കെ. എൽ 13- എ. എം 5922 സ്‌കൂട്ടിയിലാണ് മടങ്ങിയത്. എന്നാൽ രാത്രിയായിട്ടും വീട്ടിലെത്താത്തിതിനെ തുടർന്നാണ് പത്മനാഭാനായാണ് ബന്ധുക്കൾ തെരച്ചിൽ തുടങ്ങിയത്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടിയും കാണാതായിട്ടുണ്ട്. കുടുംബം വളപട്ടണം പൊലിസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കാണാതായ പത്മനാഭന്റെ മൊബൈൽ ഫോൺസ്വിച്ച് ഓഫാണ്. ഇതുപയോഗിച്ചതിന്റെ അവസാസ ടവർ ലൊക്കേഷൻ പുതിയതെരു തന്നെയാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു. പുതിയ തെരു പ്രദേശത്ത് സ്‌കൂട്ടി കണ്ടെത്താനായി പൊലിസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പുതിയതെരുവിൽ ബേക്കറി ജീവനക്കാരനായ പത്മനാഭൻ ഗൾഫിൽ നിന്നും വന്നതിനു ശേഷം ഇവിടെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യയും വിവാഹിതയായ ഒരു മകളുമുള്ള ഇദ്ദേഹത്തിന് നാടുവി!ടാന്മാത്രം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വീട്ടുകാർ പറയുന്നത്. മകളുടെ വിവാഹം വർഷങ്ങൾക്കു മുൻപ് കഴിഞ്ഞതാണ്. ഇവർനീലേശ്വരത്ത് ഭർത്താവിനൊപ്പമാണ് താമസം. രണ്ടാമത്തെ കുഞ്ഞ് പിറന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്‌ച്ചയായി വീട്ടിൽ തന്നെയുണ്ട്. പറയത്തക്ക സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബപരമായ മാനസിക പ്രയാസങ്ങളോ ഇദ്ദേഹത്തിനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. യാതൊരു ദുശ്ശീലങ്ങളോയില്ലാത്ത വ്യക്തി കൂടിയായ ഇദ്ദേഹം ചിട്ടയാർന്ന ജീവിതമാണ് നയിച്ചുവരുന്നത്. ജോലി കഴിഞ്ഞാൽ കൃത്യസമയത്ത് വീട്ടിലെത്താറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

പോകാൻസാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും കുടുംബാംഗങ്ങളും പൊലിസും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിക്കാത്തതാണ് ഭാര്യയെയും മകളെയും ബന്ധുക്കളെയും ആശങ്കയിലാഴ്‌ത്തുന്നത്. കാണാതായതിനെ തുടർന്ന് ഒരിക്കൽപോലും ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓണാക്കിയിട്ടില്ല. വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും പത്മനാഭനെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ഒരു കുടുംബത്തിനെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

ഇദ്ദേഹത്തെ കുറിച്ചു എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ വളപട്ടണം പൊലിസ് സ്റ്റേഷനിലോ (04972778100)98952955834,9605994882 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.