തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രതി പിടിയിലാകുമ്പോൾ ചർച്ചയാകുന്നത് സർക്കാരിന്റെ വീഴ്ചകൾ. മലയിൻകീഴ് സ്വദേശി സന്തോഷി (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറാണ് സന്തോഷ് . മ്യൂസിയത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചതും ഇയാൾ തന്നെയാണ്. പ്രതിയെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.

കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ പിടിയിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ തന്റെ പിഎസിന്റെ ഡ്രൈവർ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സന്തോഷ് ജല അഥോറിറ്റിയുടെ കരാർ ജീവനക്കാരനാണ്. ഇതിൽ ഉചിതമായി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും കേസിൽ യാതൊരു തരത്തിലുള്ള ഇടപെടൽ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഏജൻസി നിയമനങ്ങൾ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിന് തെളിവാണ് ഈ ഡ്രൈവറുടേയും നിയമനം.

സന്തോഷ് ജലഅഥോറിറ്റിയുടെ കരാർ ജീവനക്കാരനാണ്. ഇയാളെ കുടുക്കിയത് ജലഅഥോറിറ്റിയുടെ ഇന്നോവ കാറിലെ യാത്രയാണ്. ഈ ഇന്നോവ കാറാണ് സിസിടിവിയിൽ തെളിവായി മാറിയത്. കുറവൻകോണത്ത് ഈ കാറിലെത്തിയാണ് സന്തോഷ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാർ മ്യൂസിയം പരിധിയിലെ സിസിടിവിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തിരിച്ചറിയൽ പരേഡ് നടത്തി വനിതാ ഡോക്ടർ തിരിച്ചറിഞ്ഞാൽ ഈ കേസിലും പ്രതിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടറെ ആക്രമിച്ചയാളും കാറിൽ കയറിയാണ് രക്ഷപ്പെട്ടത്.

കുറവൻകോണത്തെ വീട്ടിലാണ് ബുധനാഴ്ച പുലർച്ചെ ഇയാൾ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവൻകോണത്തെ വീട്ടിലെത്തി വാതിൽ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇന്നോവ കാറിൽ എത്തി കവടിയാർ റോഡിൽ ടെന്നീസ് ക്ലബ്ബിന് സമീപത്ത് നിന്ന് കുറവൻകോണത്തേക്ക് പോകുന്ന വഴിയിൽ പാർക്ക് ചെയ്തശേഷം നടന്നാണ് കുറവൻകോണത്തേക്ക് എത്തിയത്. അവിടെ നിന്ന് തിരിച്ചെത്തി കാർ എടുത്താണ് മ്യൂസിയത്തിലേക്ക് എത്തി വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വണ്ടി നമ്പർ കണ്ടെത്താനായതാണ് കേസിൽ വഴിത്തിരിവായത്.

സർക്കാർ ബോർഡുള്ള ഇന്നോവ കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിനിരയായ വനിത ഡോക്ടർ മൊഴി നൽകിയിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇതേ വാഹനത്തിൽ ടെന്നിസ് ക്ലബിന്? സമീപം ഇയാൾ എത്തിയതായി പൊലീസിന്? ലഭിച്ച വിവരമാണ് നിർണായകമായത്. തുടർന്ന് കുറവൻകോണത്തും മ്യൂസിയത്തും അക്രമം നടത്തിയത് ഒരാൾ തന്നെയെന്ന നിഗമനത്തിലാണ് സന്തോഷിനെ പൊലീസ് ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്തത്.

തുടർന്നുള്ള ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ മൊബൈൽ ടവർ ലൊക്കേഷനും തെളിവായി സ്വീകരിച്ച് പൊലീസ് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിന്നും ആരോഗ്യപരിശോധനക്കു ശേഷം സന്തോഷിനെ രാത്രിയോടെ മ്യൂസിയം സ്റ്റേഷനിലെത്തിച്ചു.