- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറവൻകോണത്തെ വീട്ടിൽ വീണ്ടും അജ്ഞാതനെത്തി; മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചയാളല്ല കുറവൻകോണത്ത് എത്തിയതെന്ന് പൊലീസ്; ദൃശ്യങ്ങളിൽ ഇരുവരുടെയുയും ശരീരഘടന വ്യത്യസ്തം; മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചത് ഉയരമുള്ള ശാരീരികക്ഷമതയുള്ള ആളെന്ന് പൊലീസ്; കസ്റ്റഡിയിലെടുത്ത ഏഴ് പേരെയും വിട്ടയച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവൻകോണത്ത് വീട്ടിൽ കയറിയതും ഒരാളല്ലെന്ന് വ്യക്തമാക്കി പൊലീസ്. യുവതിയെ ആക്രമിച്ചയാൾ ഉയരമുള്ള ശാരീരികക്ഷമതയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. കുറവൻകോണത്ത് വീട്ടിൽ കയറാൻ ശ്രമിച്ചയാളുടെ ശരീരഘടന വ്യത്യസ്തമാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം.
അതേസമയം കുറവൻകോണത്തെ ആദ്യ ദൃശ്യങ്ങളുമായി പ്രതിക്ക് സാമ്യമെന്നാണ് ആക്രമിക്കപ്പെട്ട യുവതി പറയുന്നത്. മ്യൂസിയത്തിൽ നടന്ന സംഭവത്തിന് തൊട്ടുമുൻപ് പുലർച്ചെയാണ് കുറവൻകോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തത്. യുവതിയുടെ വിദേശത്തുള്ള ഭർത്താവാണ് സിസിടിവി ദൃശ്യങ്ങൾ കണ്ട് വിവരം അറിയിച്ചത്. രാത്രി പലവട്ടം ഒരാൾ വീടിന് സമീപം എത്തി. രാത്രി 11.30ഓടെ എത്തിയ ആൾ പിന്നെ പുലർച്ചെ എത്തി പൂട്ട് തകർത്തു എന്നാണ് കുറവൻകോണത്തെ വീട്ടമ്മ പറയുന്നത്. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുള്ള ആൾക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്നാണ് മ്യൂസിയത്തിന് സമീപം ആക്രമിക്കപ്പെട്ട യുവതി പറയുന്നത്. 3.30 മണിക്ക് ശേഷം അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ വിശദമായാണ് പൊലീസ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവൻകോണത്ത് വീട്ടിൽ കയറിയതും ഒരാളല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. അതേസമയം മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസിൽ കസ്റ്റഡിയിലെടുത്ത ഏഴ് പേരെയും വിട്ടയച്ചു. സംശയം തോന്നിയ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡിന് വിധേയരാക്കി. എന്നാൽ പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. ഇതോടെയാണ് ഇവരെ വിട്ടയച്ചത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടിൽത്തപ്പുകയാണ്.
സംശയമുള്ള ചിലർ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. പരാതിക്കാരിയായ വനിതാ ഡോക്ടറും മ്യൂസിയം സ്റ്റേഷനിലുണ്ട്. കസ്റ്റഡിയിലെടുക്കുന്നവരുടെ തിരിച്ചറിയൽ പരേഡിനായാണ് ഇവരോട് സ്റ്റേഷനിൽ തുടരാൻ പൊലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിടെയാണ് വനിതാ ഡോക്ടർക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്.
കുറവൻ കോണത്ത് നേരത്തെ വന്ന അതേയാൾ തന്നെയാണ് കഴിഞ്ഞ ദിവസവും വന്നത്. പൊലീസ് ഇയാളെ പിടികൂടുമെന്നാണ് വിശ്വാസമെന്നും അശ്വതി മാധ്യമങ്ങളോട് പറഞ്ഞു. മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവൻകോണത്തെ വീട്ടിലെത്തിയതും വ്യത്യസ്ത ആളുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ബ്യൂറോ