- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിപാടി കാണാൻ പുറത്തുനിന്നുള്ള ആളുകളും തടിച്ചുകൂടി; എല്ലാവരും അകത്തേക്ക് തള്ളിക്കയറിയപ്പോൾ സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ വീണു; മറ്റുള്ളവർ അവരുടെ മീതേക്കും വീണു; കുസാറ്റ് ദുരന്തത്തിൽ സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് പുറത്ത്
കളമശ്ശേരി: കുസാറ്റ് ദുരന്തത്തിൽ അന്വേഷണത്തിന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്ത്. കുസാറ്റിൽ പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
നവംബർ 24, 25,26 തിയതികളിൽ സ്‌ക്കൂൾ ഓഫ് എൻജിനീയറിംങ് വിഭാഗം നടത്തിയ ടെക്‌നിക്കൽ ഫെസ്റ്റിൽ എക്‌സിബിഷൻ, ടെക്‌നിക്കൽ ടോക്‌സ്, എക്ക്സ്പേർട്ട് ലക്‌ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളജുകളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്.
പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചു. പ്രോഗ്രാം തുടങ്ങാറായപ്പോൾ മഴ ചാറി തുടക്കുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. അപ്പോൾ സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ 3 പേർ കുസാറ്റ് വിദ്യാർത്ഥികളാണ്. ഒരാൾ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ സംഘാടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. ഒദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നും തിക്കും തിരക്കും കണ്ടാണ് ഒരു ജീപ്പ് പൊലീസിനെ വിന്യസിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിപാടിയിൽ 1500 പേരെയാണ് പ്രതീക്ഷിച്ചത്, എന്നാൽ അകത്ത് 1000 താഴെ ആളുകളും പുറത്ത് 2000 ത്തിൽ കൂടുതൽ പേരും ഉണ്ടായിയിരുന്നു. ടി ഷർട്ടും, ഐ ഡി കാർഡുമാണ് പ്രാവേശനത്തിന് മാനദണ്ഡമായി വച്ചിരുന്നത്. ഓഡിറ്റോറിയത്തിൽ രണ്ട് ഗേയറ്റുകൾ കൂടി ഉണ്ടായിരുന്നു,
എന്നാൽ തുറക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെയാണെന്നുമാണ് വിവരം. സിന്ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും.
കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർത്ഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർത്ഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്.
മരിച്ച നാല് പേരുടെയും പോസ്റ്റ്മോർട്ടം ഉടൻ പൂർത്തിയായിട്ടുണ്ട്. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളിൽ വിദ്യാർത്ഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ