കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. കുസാറ്റിലെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോൡവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളക്കിടെയായിരുന്നു അപകടം ഉണ്ടായത്.

സ്‌കൂൾ ഓഫ് എൻജിനീയറിംഗിലെ  വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പാസ് നൽകിയാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്.  നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മറ്റു ഡിപ്പാർട്ട്‌മെന്റുകളിലെ വിദ്യാർത്ഥികൾ പരിപാടി കാണാൻ എത്തിയിരുന്നു. ഇതിനിടെയാണ് മഴ പെയ്തത്. മഴ എത്തിയതോടെ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലേക്ക് ആളുകൾ ഓടിക്കൂടി. ഇതോടാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും താഴെ വീണുവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനമായിരുന്നു ഗാനമേള നടന്നത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

പൊതുജനങ്ങൾക്കടക്കം ആർക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് കുസാറ്റ് കാമ്പസ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേർന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കൂടുതൽ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികൾക്കും സജ്ജമാകാൻ നിർദ്ദേശം നൽകി. മതിയായ കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകി.