- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുസാറ്റ് ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് നൽകാൻ കുസാറ്റ് വൈസ്ചാൻസലറോടും പ്രിൻസിപ്പലിനോടും ആവശ്യപ്പെട്ടു; മേലിൽ ഇത്തരം അപകടം ഉണ്ടാകാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുമെന്ന് മന്ത്രി ആർ ബിന്ദു; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം
കൊച്ചി: കുസാറ്റിൽ ഉണ്ടായ ദുരന്തത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം. അപകടം ഉണ്ടായത് ഗാനമേളയിലെ ഒരുക്കങ്ങളുടെ കുറവു മൂലമാണെന്ന് വ്യക്തമാണ്. അസംഭവത്തിൽ ഉന്നത വിദ്യാഭ്യസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കുസാറ്റ് വൈസ്ചാൻസലറോടും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനോടും ആവശ്യപ്പെട്ടതായി മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. പ്രാഥമിക റിപ്പോർട്ട് വിസി നൽകി കഴിഞ്ഞു. ഞായറാഴ്ചയോടെ സമ്പൂർണ റിപ്പോർട്ട് അവർ നൽകും. കുട്ടികളുടെ മുഴുവൻ ചികിത്സ ചെലവും സർവകലാശാല വഹിക്കും. ഇനിമേലിൽ ഇത്തരത്തിലൊരു അപകടമുണ്ടാകാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ഉന്നതവിദ്യഭ്യാസ വകുപ്പ് നൽകും. - മന്ത്രി ആർ ബിന്ദു പറഞ്ഞു.
കേരളത്തിൽ ഒരിടത്തും പ്രതീക്ഷിക്കാത്ത സംഭവമാണ് കുസാറ്റിലുണ്ടായത്. നാലു കുട്ടികളെയാണ് നഷ്ടപ്പെട്ടത്. ആരോഗ്യമന്ത്രി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആസ്റ്റർ മെഡിസിറ്റിയിലെ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. എല്ലാവിധത്തിലുള്ള ചികിത്സാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവും വ്യക്തമാക്കി.
മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചതുപോലെ പൊലീസിന്റെ നേതൃത്വത്തിലുൾപ്പടെ സമഗ്രമായ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് നടത്തും. എങ്ങനെയാണ് സംഭവിച്ചതെന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോയെന്നും സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള ആളുകൾ ക്യാമ്പസിലെത്തുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നുമുൾപ്പടെയുള്ളവ പരിശോധിക്കും. ഇത്തരത്തിൽ ആൾക്കൂട്ടമുള്ള പരിപാടികൾ നടക്കുമ്പോൾ നിർബന്ധമായും മുൻകരുതലുകൾ നൽകുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നുണ്ട്.
എല്ലാ തരത്തിലുള്ള ഇടപെടലുകളും പൊലീസും ആരോഗ്യവകുപ്പും സർവകലാശാലയും നടത്തിയിട്ടുണ്ട്. ഒരു തരത്തിലും ചികിത്സ വൈകുന്ന സാഹചര്യം ഉണ്ടാകില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. 9 മണി കഴിഞ്ഞാൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ക്യാമ്പസിൽ പൊതുദർശനത്തിനു ശേഷം നാട്ടിലേക്ക് അയക്കും.- പി. രാജീവ് കൂട്ടിച്ചേർത്തു.
കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആൽവിൻ ജോസഫ് കുസാറ്റിലെ വിദ്യാർത്ഥിയല്ലെന്നാണ് ലഭിക്കുന്ന വിവരം.
സ്‌കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്. അപകടവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്ക് 8590886080, 9778479529 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ 'ധിഷണ'യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. അപകടത്തിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനമായ ശനിയാഴ്ച വൈകീട്ട് നടന്ന ഗാനമേളയ്ക്കിടെയായിരുന്നു അപകടം. ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർത്ഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.
'കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ തിക്കിത്തിരക്കി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. ആളുകൾ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു',
മറുനാടന് മലയാളി ബ്യൂറോ