- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് വി.പി.സിങ് എത്തുംമുൻപ് ഓഡിറ്റോറിയം ഇടിഞ്ഞു വീണു; പുതുക്കിപ്പണിതത് വർഷങ്ങൾക്ക് ശേഷം; കോവിഡ് കാലത്ത് നിർത്തിവെച്ച കലോത്സവം വീണ്ടും തുടങ്ങിയതോടെ സന്തോഷം; കണ്ണീരിൽ മുക്കി ദുരന്തവും; പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് ഉറ്റവർ; ആശ്വസിപ്പിക്കാൻ പണിപ്പെട്ട് നേതാക്കളും
കളമശേരി: കളമശ്ശേരി രാജ്യത്തെ ഞെട്ടിക്കുന്നത് അടുത്തിടെ ഇത് രണ്ടാം തവണയാണ്. ഒരു സ്‌ഫോടനത്തിന്റെ ആഘാതത്തിൽനിന്നു കരകയറുന്നതിനു മുൻപ് കളമശേരിയിൽ വീണ്ടുമുണ്ടായ ദുരന്തം പരിസരവാസികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. 6 പേർ മരിച്ച ഒക്ടോബർ 29ലെ സ്‌ഫോടനത്തിൽ പരുക്കേറ്റവരിൽ പലരും തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെ ഇപ്പോഴും ചികിത്സയിലാണ്. ഈ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണു തിരക്കിന്റെ രൂപത്തിൽ വീണ്ടും 4 പേരുടെ ജീവനെടുക്കുന്നത്.
അപകട വിവരമറിഞ്ഞ് ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ കർമനിരതരായി അടിയന്തര ഘട്ടത്തെ നേരിട്ടു. ഇതിനിടയിലാണു 4 യുവാക്കളുടെ മരണവിവരം എത്തിയത്. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണമായി പിന്നീട്. വിവരം അറിഞ്ഞ് ബന്ധുക്കളും കുസാറ്റ് വിദ്യാർത്ഥികളും ആശുപത്രി പരിസരത്തും സർവകലാശാല പരിസരത്തും തടിച്ചുകൂടി. ആശങ്കയും ഉത്കണ്ഠയുമായി സമീപ ജില്ലകളിൽ നിന്നുപോലും ജനങ്ങൾ കളമശേരിയിലേക്ക് ഓടിയെത്തി.
കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു ഇരുണ്ട ചരിത്രമാണുള്ളത്. ആ ഓഡിറ്റോറിയമാണ് വീണ്ടുമൊരു ദുരന്തഭൂമിയായി മാറിയത്. 1990 ലെ ദേശീയ സയൻസ് കോൺഗ്രസ് നടത്തുന്നതിനു നിർമ്മിച്ച ഓഡിറ്റോറിയം പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ് ഉദ്ഘാടനത്തിനു വരുന്നതിനു മുൻപേ ഇടിഞ്ഞുവീണിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചു. ഏറെക്കാലം അതേ നിലയിൽ കിടന്ന ഓഡിറ്റോറിയം വർഷങ്ങൾക്കുശേഷം കുസാറ്റ് പുതുക്കിപ്പണിയുകയായിരുന്നു. തുറന്ന ഓഡിറ്റോറിയം എന്നാണു പറയുന്നതെങ്കിലും മേൽക്കൂര ഷീറ്റ് മേഞ്ഞിട്ടുണ്ട്. വശങ്ങളിൽ കൈവരി നിർമ്മിച്ചിട്ടുമുണ്ട്. കുസാറ്റിന്റെ കലോത്സവങ്ങളെല്ലാം ഇവിടെയാണു നടക്കുന്നത്.
കുസാറ്റിലെ സ്‌കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികൾ വർഷങ്ങളായി നേരിട്ടു നടത്തുന്ന സാങ്കേതിക കലോത്സവമാണു 'ധിഷണ'. കോവിഡ് കാലത്തു നിർത്തിവച്ച കലോത്സവം 3 വർഷത്തിനുശേഷമാണ് പുനരാരംഭിച്ചത്. അതുകൊണ്ടുതന്നെ എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. ആ സന്തോഷമാണ് ചുരുങ്ങിയ സമയം കൊണ്ട് കണ്ണീരമായി മാറിയത്.
ഉച്ചയ്ക്ക് 2ന് അറ്റ്‌മോസ്ഫറിക് റിസർച്ചിന്റെ സഹായത്തോടെ ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കാനുള്ള ബലൂൺ ചാലഞ്ചിൽ പങ്കെടുത്തു. രാഷ്ട്രീയഭിന്നതയില്ലാതെ ഒറ്റക്കെട്ടായി പരിപാടിയുടെ വിജയത്തിനായി ഒരുമാസമായി വിദ്യാർത്ഥികൾ ഓടിനടക്കുകയായിരുന്നു. പകലത്തെ തിരക്കുകൾക്കൊരു ആശ്വാസമായിട്ടാണ് രാത്രിയിൽ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ ഒരുക്കിയത്.
സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർത്ഥികൾ നേരത്തേ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറിയിരുന്നു. ഓഡിറ്റോറിയത്തിനകത്തും പുറത്തും ആയിരങ്ങളാണു തിങ്ങിനിറഞ്ഞത്.സന്തോഷം പൊടുന്നനെ പൊട്ടിക്കരച്ചിലിനു വഴിമാറി. കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെയും കൊണ്ടു പായുകയായിരുന്നു. അപകടം അറിഞ്ഞവരെല്ലാം മെഡിക്കൽ കോളജിലെക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും ഓടിയെത്തി. തിരക്കു നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹവും ജാഗ്രത പുലർത്തി
ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തൃശൂരിൽനിന്ന് വിദഗ്ധഡോക്ടർമാരുടെ സംഘവും എത്തിയിരുന്നു. രാത്രി മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിന്റെ വേദനകളുമായി വിദ്യാർത്ഥികളെത്തിയപ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അവർക്ക് ആശ്വാസമൊരുക്കി ഓടി നടന്നു. എല്ലാവരും വിവരമറിഞ്ഞ് മെഡിക്കൽ കോളജിലേക്കാണ് ആദ്യമെത്തിയത്. സൂപ്രണ്ട് ഗണേശ് മോഹൻ ഡ്യൂട്ടി കഴിഞ്ഞു പോയവരെ മടക്കിവിളിച്ചു. ആശുപത്രിക്ക് ചുറ്റും വലിയ ജനക്കൂട്ടവുമെത്തി.
അപ്രതീക്ഷിത ദുരന്തത്തിൽ തളർന്നു പോയ പ്രിയപ്പെട്ടവരുടെ പൊട്ടിക്കരച്ചിൽ കണ്ടു നിന്നവർക്കും വേദനയായി. പറവൂരിൽനിന്ന് അൻ റിഫ്തയുടെ ബന്ധുക്കളാണ് ആദ്യമെത്തിയത്. കോളജിൽ പൊട്ടിച്ചിരിച്ച് നടന്ന പ്രിയ പുത്രിയുടെ ചേതനയറ്റ ശരീരത്തിനു മുന്നിൽ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാൻ നാട്ടുകാരനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഏറെ പണിപ്പെടേണ്ടി വന്നു.
മരച്ച ആൻ റിഫ്ത്തയുടെ പിതാവ് റോയ് ജോർജുകുട്ടി ചവിട്ടുനാടക ആശാനാണ്. മാതാവ്: സിന്ധു ഇറ്റലിയിലാണ്. സഹോദരൻ: റിഥുൽ.
അതുൽ തമ്പി കോളജ് ഹോസ്റ്റലിലായിരുന്നു താമസം. പിതാവ് തമ്പി കൂലിപ്പണിക്കാരനാണ്. മാതാവ് ലില്ലി റിട്ട. പി.ഡബ്ലിയു.ഡി ജീവനക്കാരിയാണ്. കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരനായ അജിൻ തമ്പിയാണ് സഹോദരൻ.
സാറ തോമസിന്റെ സഹോദരങ്ങൾ: സൂസൻ, സാനിയ.
ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് ദുരന്തമുണ്ടായത്. കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ (എസ്.ഒ.ഇ) ഏറ്റവും വലിയ ആഘോഷമായ ടെക്നിക്കൽ ഫെസ്റ്റ് 'ധിഷണ'ക്കിടെയാണ് ദുരന്തം. 'ധിഷണ'യുടെ സമാപന ദിനത്തിതൽ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയാണ് നടക്കാനിരുന്നത്. കാമ്പസിലെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ദുരന്തം. വൈകുന്നേരത്തോടെ വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. നിരവധി കാമ്പസുകളിൽ നിന്നും വിദ്യാർത്ഥികളടക്കം ഇവിടെ എത്തിച്ചേർന്നിരുന്നു.
പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികൾ ഇടംപിടിച്ചിരുന്നു. 600നടുത്ത് പേർക്ക് ഇടമുള്ള ഓഡിറ്റോറിയം നിറഞ്ഞിരുന്നു. വകുപ്പുകളുടെയും സെമസ്റ്ററുകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, മറ്റു വകുപ്പുകളിൽനിന്നുള്ള വിദ്യാർത്ഥികളുൾപ്പെടെ 2000ത്തോളം പേർ ഓഡിറ്റോറിയത്തിനു പുറത്ത് പരിപാടി ആസ്വദിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ മഴ പെയ്തതോടെ പുറത്തുനിൽക്കുന്നവർ ഒന്നാകെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറി. ഇതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലരും തലകീഴായി താഴെ വീണു. ഇവരുടെമേൽ നിരവധിപേർ ചവിട്ടിക്കയറുകയുമായിരുന്നു. തിരക്കിൽ നിലത്തുവീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്.
ജില്ല കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി. വിദ്യാർത്ഥികളുടെ ചെരിപ്പുകളും ഐ.ഡി കാർഡുകളും ചിതറിക്കിടക്കുന്ന കാഴ്ചയാണ് ഓഡിറ്റോറിയത്തിലുണ്ടായിരുന്നത്. ഒരു വഴി മാത്രമാണ് ഓഡിറ്റോറിയത്തിലേക്ക് ഉള്ളത്. എൻട്രി ഗേറ്റ് അല്ലാതെ എക്‌സിറ്റ് ഗേറ്റ് ഇല്ല. അടിയന്തിര അവസ്ഥയുണ്ടായൽ പുറത്തേക്ക് പോകാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ