തിരുവനന്തപുരം: കുവൈറ്റിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥയിലുള്ള മംഗഫ് തൊഴിലാളി ക്യാമ്പിലെ ആറുനില കെട്ടിടത്തിലെ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്. കുവൈത്ത് ഫയർഫോഴ്‌സ് അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. ഗാർഡ് റൂമിൽ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയർഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു കുവൈറ്റി പൗരനും, ഒര വിദേശ പൗരനുമാണ് റിമാൻഡിലായത്. നടപടി കൂട്ടമരണങ്ങൾക്ക് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈറ്റിലെ അനധികൃത കെട്ടിടങ്ങൾ ലക്ഷ്യമിട്ട് വിവിധ ഭാഗങ്ങളിൽ പരിശോധന തുടങ്ങി. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദിന്റെ നിർദ്ദേശപ്രകരമാണ് പരിശോധന. കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് ഫഹദ് വ്യക്തമാക്കി. തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപ്പാർട്ട്‌മെന്റുകൾക്കും മുറികൾക്കും ഇടയിലെ പാർട്ടീഷനുകൾക്ക് പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചത് കനത്ത പുകയ്ക്ക് ഇടയാക്കിയെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് മേധാവി സയിദ് അൽ മൂസാവി പറഞ്ഞു. പുക നിറഞ്ഞ കോണിപ്പടികൾ വഴി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പലരും ശ്വാസം മുട്ടി മരിച്ചു. റൂഫ് ടോപ്പിലേക്കുള്ള വാതിൽ അടച്ചിരുന്നതും വലിയൊരു രക്ഷാമാർഗ്ഗം ഇല്ലാതാക്കിയെന്നും ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.

മൃതദേഹങ്ങൾ നാളെ രാവിലെ എത്തിക്കും

കുവൈത്ത് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ എംബാം ചെയ്തു തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെയോടെയായിരിക്കും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുക. ആദ്യ വിമാനം കേരളത്തിലേക്കായിരിക്കുമെന്നാണ് വിവരം. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പോയി. വ്യോമസേന വിമാനം കുവൈത്തിൽ നിന്നും നാളെ മൃതദേഹങ്ങളുമായി നാട്ടിലെത്തുമെന്ന് വ്യോസേനാ അധികൃതർ അറിയിച്ചു.

ഡൽഹിയിൽ നിന്നാണ് വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തിൽ നിന്നും നടപടികൾ പൂർത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30ഓടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മുഖ്യമന്ത്രി അടക്കമുള്ള സംഘം വിമാനത്താവളത്തിൽ അന്തിമോപരാചാരം അർപ്പിക്കും. വീടുകളിലേക്ക് മൃതദേഹം എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാണ്. മൃതദേഹങ്ങൾ അതാത് സ്ഥലങ്ങളിൽ എത്തിക്കുന്നതിന് ജില്ലാ കളക്ടർമാർക്കാണ് ഏകോപന ചുമതല. പരിക്കേറ്റവരിൽ 45 പേർ ഡിസ്ചാർജ് ആയിട്ടുണ്ട്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പ്രവാസികളുടെ മൃതദേഹങ്ങളും കൊച്ചിയിൽ എത്തിക്കും അവിടെ നിന്ന് കൊണ്ടുപോകുന്നതിനുള്ള ഏകോപന ചുമതല എറണാകുളം കളക്ടർക്കാണെന്നും നോർക്ക സിഇഒ അറിയിച്ചു.