- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നഗ്നപൂജയും പീഡനവും; വിവാഹം കഴിഞ്ഞയുടൻ ഹണിമൂണെന്ന പേരിൽ നഗരൂരിൽ കൊണ്ടുപോയി ഭർത്താവിന്റെ പീഡനം; ആറുവർഷമായി നഗ്നപൂജയ്ക്ക് വഴങ്ങാത്തതിന്റെ പേരിൽ മർദ്ദനവും; ചടയമംഗലത്ത് യുവതിയുടെ പരാതിയിൽ ഭർതൃവീട്ടുകാർ കസ്റ്റഡിയിൽ; മന്ത്രവാദിക്കായി തിരച്ചിൽ
കൊല്ലം: ഇലന്തൂർ നരബലിക്കേസിന് പിന്നാലെ, കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ ഭർതൃമാതാവിനേയും ഭർതൃസഹോദരനേയും കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും നഗ്‌നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നാഗൂർ, ചടയമംഗലം തുടങ്ങിയവിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ആറ്റിങ്ങൽ സ്വദേശിനിയാണ് പരാതിക്കാരി. രണ്ടായിരത്തി പതിനാറുമുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്‌നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നും, ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ എത്തിച്ചുവെന്നും പരാതിയിൽ പറയുന്നു.
2016ലാണ് യുവതിയും ചടയമംഗലം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിനുശേഷം മന്ത്രവാദത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. നഗ്‌ന പൂജയ്ക്ക് തയ്യാറാകാതിരുന്നപ്പോൾ ഭർത്താവ് നിരന്തരം മർദ്ദിച്ചു. വിവാഹത്തിന് ശേഷം ഹണിമൂണിനെന്ന പേരിൽ നാഗൂരിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. അതിനുശേഷം മന്ത്രവാദത്തിനെത്തിയ അബ്ദുൾ ജബ്ബാർ, അയാളുടെ സഹായി സിദ്ദിഖ് എന്നിവർ ചടയമംഗലത്തെ വീട്ടിൽവെച്ചും മന്ത്രവാദ കേന്ദ്രത്തിൽവെച്ചും പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഭർതൃസഹോദരിയായ ശ്രുതിയാണ് എല്ലാവർക്കും കാഴ്ചവയ്ക്കാനായി നിർബന്ധിച്ചത്. ഭർതൃമാതാവും ഇതിന് കൂട്ടുനിന്നു. സിദ്ദിഖ് എന്നയാൾ തന്റെ വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചുവെന്ന് ഭർത്താവിനോട് പറഞ്ഞപ്പോൾ അതൊന്നും സാരമില്ല ഇതെല്ലാം മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭർത്താവ് പറയാറുള്ളതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പീഡനം സഹിക്കാതായതോടെ വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഇവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആരോപണ വിധേയരായ അബ്ദുൾ ജബ്ബാർ, സിദ്ദിഖ് എന്നിവർ ഒളിവിലാണ്. പരാതി പുറത്തുവന്നതിന് പിന്നാലെ ചടയമംഗലത്തെ ഭർതൃവീട്ടിലേക്ക് വിവിധ യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.
മറുനാടന് മലയാളി ബ്യൂറോ