കണ്ണൂര്‍::കരിവെള്ളൂരില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സംശയ രോഗവും കുടുംബ കലഹവുമെന്ന് പ്രാഥമിക നിഗമനം. ഭര്‍ത്താവ് രാജേഷ് ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

കാസര്‍കോട് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീ. രാജേഷ് വ്യാഴാഴ്ച വൈകുന്നേരം 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി പൊലിസ് തെരച്ചില്‍ തുടരുകയാണ്.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമാണെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

ദിവ്യശ്രീയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് വെട്ടിക്കൊന്നതെന്നാണ് സൂചന. കഴുത്തിനും ദേഹത്തും വെട്ടുകളേറ്റിട്ടുണ്ട്. വീട്ടിലേക്ക് വന്ന ഭര്‍ത്താവ് രാജേഷ് അക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഇവരുടെ പിതാവ് വാസുവിനും വെട്ടേറ്റത്.നാട്ടുകാരും അയല്‍വാസികളും ഓടിയെത്തുമ്പോഴെക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ചോര വാര്‍ന്നൊഴുകിയ ദിവ്യശ്രീയെയും പിതാവിനെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിവ്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പയ്യന്നൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ദിവ്യശ്രീയുടെ പിതാവ് വാസുവിന് മകള്‍ക്ക് നേരെയുള്ള അക്രമം തടയുന്നതിനിടെ കൈക്കും ദേഹത്തിനുമാണ് പരുക്കേറ്റത്.