പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുടെ നടുക്കത്തിലാണ് കേരളം. ഷാഫിയുടെയും ഭഗവൽ സിങിന്റെയും ക്രൂരതകൾക്ക് കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്നതാണ് അറിയേണ്ട കാര്യം. അരുംകൊലയുടെ വാർത്തകൾ പുറത്തുവരുമ്പോളാണ് ചിലർ തങ്ങളും തലനാരിഴയ്ക്ക് രക്ഷപെട്ടതാണോ എന്ന കാര്യമാണ് പലരും ഓർക്കുന്നത്. അത്തരമൊരു സംഭവമാണ് പത്തനംതിട്ട സ്വദേശിനിയായ എസ് സുമ വ്യക്തമാക്കിയത്.

ഷാഫിയുടെ നിർദേശമനുസരിച്ച് ലൈലയും ഭഗവൽ സിങ്ങും നരബലിക്കായി രണ്ടാമത്തെ സ്ത്രീയെ തേടിനടക്കുന്ന സമയമായിരുന്നു അത്. ഈ സംഭവം നടന്ന് രണ്ടാഴ്ചക്കു ശേഷമാണ് പത്മ കൊല്ലപ്പെട്ടത്. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ കലക്ഷൻ ജീവനക്കാരിയാണ് ഇടപ്പോൾ ചരുവിൽ വീട്ടിൽ താമസിക്കുന്ന സുമ. കഴിഞ്ഞ സെപ്റ്റംബർ 10നാണ് സംഭവം. സുമ കലക്ഷനു വേണ്ടി ഭഗവൽ സിങ്ങിന്റെയും ലൈലയുടെയും വീടിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു. ഇവരെ രണ്ടുപേരെയും സുമക്ക് നേരത്തേ പരിചയമില്ല.

ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും. റോഡ് വിജനമായിരുന്നു. ഒരു വീടിന്റെ മുൻഭാഗത്തെ കാവിലേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീയെ കണ്ടു. മോളെ...നീ ഭക്ഷണം കഴിച്ചതാണോ ഇല്ലെന്നു പറഞ്ഞപ്പോൾ ഇവിടെ നിന്ന് കഴിക്കാമെന്ന് അവർ പറഞ്ഞു. വീട്ടിൽ ചെന്നിട്ട് കഴിക്കാമെന്ന് സുമ പറഞ്ഞിട്ടും സ്ത്രീ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. സുമ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ വീട്ടിലേക്ക് കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാമെന്ന് നിർബന്ധിച്ചു.

ഒരു പരിചയവുമില്ലാത്ത ഒരാൾ ഭക്ഷണത്തിന് ക്ഷണിക്കുന്നതിൽ അസ്വാഭാവികത തോന്നിയ സുമ പെട്ടെന്നു തന്നെ അവിടെ നിന്ന് പോവുകയായിരുന്നു. അതിനിടക്ക് ജനസേവന കേന്ദ്രത്തിലേക്ക് സംഭാവനയായി 60 രൂപ കൊടുക്കുകയും ചെയ്തു. ബാബു എന്ന പേരിലാണ് അതിന്റെ രശീതി നൽകിയത്. ഇരുവരും സംസാരിക്കുന്നതിനിടെ മുതിർന്ന ഒരാൾ പുറത്തേക്ക് വന്ന് നോക്കിയെന്നും സുമ പറയുന്നു. അത് ഭഗവൽ സിങ്ങും ലൈലയും ആയിരുന്നുവെന്ന് സുമ ഇപ്പോൾ മനസിലാക്കുന്നു. ഏതായാലും ജീവൻ നഷ്ടപ്പെടാത്തതിന്റെ ആശ്വാസത്തിലാണ് ഈ 45കാരി.