ലഖ്നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കൾ ഭർതൃവീടിന് തീയിട്ടു. തീപ്പിടിത്തത്തിൽ ഭർതൃമാതാപിതാക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് നടുക്കുന്ന സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ അൻഷിക കേസർവാണിയെയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ ഇതിനുപിന്നാലെ ഭർത്താവിന്റെ വീടിന് തീയിടുകയായിരുന്നു. വീട്ടിൽ തീപടർന്ന് പിടിച്ചതോടെ പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

തീയണച്ചതിന് ശേഷം വീട്ടിൽ നടത്തിയ തിരച്ചിലിലാണ് അൻഷികയുടെ ഭർതൃമാതാപിതാക്കളായ രാജേന്ദ്ര കേസർവാണി, ശോഭ ദേവി എന്നിവരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർതൃവീട്ടിൽനിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നാണ് പരാതി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചതെന്ന് പ്രയാഗ് രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ഭൂഖർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളും ഭർതൃവീട്ടുകാരും തമ്മിൽ വഴക്കിടുന്നതാണ് കണ്ടത്. ഈ തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കളിൽ ചിലർ ഭർത്താവിന്റെ വീടിന് തീയിട്ടു.

വീടിന് തീപിടിച്ചതോടെ പൊലീസ് സംഘം രക്ഷാപ്രവർത്തനത്തിനിറങ്ങി. അഞ്ചുപേരെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്. ഇതിനുശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിശദീകരിച്ചു.