- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ ഫ്രണ്ടസ് ആയിരുന്നു, ഫ്രണ്ട്ഷിപ്പ് റിലേഷൻഷിപ്പാകണമെന്ന് ആവശ്യപ്പെട്ട് പയ്യൻ ശല്യം ചെയ്തിരുന്നു; അശ്ലീല വീഡിയോകൾ അയച്ചു; ഫോണിലൂടെ മോശം സംസാരം; മർദ്ദിക്കാൻ മകൾ ക്വട്ടേഷൻ നൽകിയിട്ടില്ല; അടിക്കല്ലേ എന്നാണ് മകൾ പറഞ്ഞത്; ലക്ഷ്മിപ്രിയയുടെ മാതാവ് പറയുന്നു
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിലായതോടെ പ്രതികരണവുമായി മാതാവ്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ പൊലീസ് വാദങ്ങൾ തള്ളിക്കൊണ്ടാണ് ലക്ഷ്മിപ്രിയയുടെ മാതാവ് രംഗത്തുവന്നത്.
അതേസമയം ലക്ഷ്മിപ്രിയയും മർദ്ദനമേറ്റ 19 കാരനായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞു. അവർ സുഹൃത്തുക്കളായിരുന്നു. ആ പയ്യനെ അടിക്കാൻ വേണ്ടി മകൾ ക്വട്ടേഷൻ നൽകിയിരുന്നില്ല. ഒരേ പ്രായക്കാരായ അവർ തമ്മിൽ ഫ്രണ്ട്സായിരുന്നു. എന്നാൽ ഫ്രണ്ട്ഷിപ്പ് റിലേഷൻഷിപ്പാകണമെന്ന് ആവശ്യപ്പെട്ട് പയ്യൻ ശല്യം ചെയ്തിരുന്നു.
ഫോണിലൂടെ മോശപ്പെട്ട രീതിയിൽ സംസാരിക്കുമായിരുന്നു. മോശം വീഡിയോകളും അയക്കുമായിരുന്നു. മകളെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് ശല്യം ചെയ്യുന്നത് ഒഴിവാക്കിത്തരണമെന്ന് മറ്റു കൂട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. അടിക്കാനൊന്നും പറഞ്ഞിട്ടില്ല. മർദ്ദിച്ച സമയത്ത് അടിക്കുകയൊന്നും ചെയ്യരുതെന്ന് പറഞ്ഞ് മകൾ തടഞ്ഞു. ക്വട്ടേഷനൊന്നും കൊടുത്തിട്ടില്ല. മകൾ അങ്ങനെയൊരു കുട്ടിയല്ലെന്നും അമ്മ പറഞ്ഞു.
മർദനത്തിൽ മകൾക്ക് പങ്കില്ലെന്നും യുവാവിന്റെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ഇത് ഒഴിവാക്കി തരാനാണ് മകൾ കൂട്ടുകാരോട് പറഞ്ഞതെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പ്രതികരിച്ചു. ശല്യംസഹിക്കവയ്യാതായപ്പോൾ അത് വിലക്കാനാണ് ശ്രമിച്ചത്. അടിയെല്ലാം പയ്യന്മാർ പ്ലാൻ ചെയ്തതാണ്. അടികൊടുത്ത സമയത്ത് അവനെ അടിക്കരുതെന്ന് മകൾ പലതവണ പറഞ്ഞിരുന്നു. എന്നാൽ അവളെയും അടിക്കുമെന്ന് പറഞ്ഞാണ് യുവാവിനെ അവർ അടിച്ചതെന്നും സംഘത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ തനിക്കറിയില്ലെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു.
അതിനിടെ, തിരുവനന്തപുരത്തെ ഒരുസുഹൃത്തിന്റെ വീട്ടിൽനിന്നാണ് കേസിലെ ഒന്നാംപ്രതിയായ ലക്ഷ്മിപ്രിയയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയശേഷം തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ ഒളിത്താവളത്തിൽ നിന്നും ലക്ഷ്മിപ്രിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലക്ഷ്മിപ്രിയയുടെ മൊബൈൽ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് ഒളിച്ചുകഴിഞ്ഞ വീടു കണ്ടെത്തിയത്.
കേസിലെ മറ്റൊരു പ്രതിയായ മഞ്ഞുമ്മൽ സ്വദേശി അമലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിസിഎയ്ക്ക് പഠിക്കാൻ കൊച്ചിയിലേക്ക് പോയപ്പോൾ, ബിസിഎയ്ക്ക് ഒപ്പം പഠിച്ചിരുന്ന സഹപാഠിയുടെ സുഹൃത്തുമായി പ്രണയത്തിലായി എന്നാണ് ലക്ഷ്മിപ്രിയ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ അയിരൂർ സ്വദേശിയായ യുവാവ് പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല.
ബന്ധത്തിൽനിന്ന് പിന്മാറാതിരുന്നതോടെ ഇയാളെ തല്ലിച്ചതക്കാനായി പുതിയ കാമുകന് ലക്ഷ്മിപ്രിയ ക്വട്ടേഷൻ നൽകുകയായിരുന്നു. പുതിയ കാമുകനും ലക്ഷ്മിപ്രിയയും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ഇതനുസരിച്ച് കാമുകന്റെ സുഹൃത്തുക്കളായ ഗുണ്ടാ സംഘം ഈ മാസം അഞ്ചിന് അയിരൂർ സ്വദേശിയായ 19 കാരനെ തട്ടിക്കൊണ്ടു പോയി. ഏറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു വിവസ്ത്രനാക്കി മർദിക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു.
ഇതിനുശേഷം യുവാവിന്റെ പണവും മൊബൈലും വാച്ചുമെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു. ക്രൂരമർദ്ദനത്തെത്തുടർന്ന് അവശനായ യുവാവിനെ പിന്നീട് പ്രതികൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ലക്ഷ്മിപ്രിയയും പുതിയ കാമുകനും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട ആറുപേരുമാണ് കേസിലെ പ്രതികൾ. അതിനിടെ യുവതിയുമായി മകൻ പ്രണയത്തിലായിരുന്നില്ലെന്നും മകനെ വിട്ടുകിട്ടാൻ സംഘം പണം ആവശ്യപ്പെട്ടെന്നും യുവാവിന്റെ പിതാവ് പറഞ്ഞു.
ുയുവാവിനെ തട്ടിക്കൊണ്ടു പോയ ശേഷം കാർ ആലപ്പുഴയിൽ എത്തിയപ്പോൾ മൂന്നാംപ്രതി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വർണമാല ഊരിവാങ്ങി. കൈയിലുണ്ടായിരുന്ന ആപ്പിൾ വാച്ചും 5500 രൂപയും പ്രതികൾ കൈക്കലാക്കി. ഇതിനുപുറമേ 3500 രൂപ ഗൂഗിൾപേ വഴിയും വാങ്ങിയെടുത്തു. ഈ സമയത്ത് 'ഇപ്പോഴെങ്കിലും എന്നെ മനസിലായോ' എന്നുപറഞ്ഞ് ലക്ഷ്മിപ്രിയയും യുവാവിനെ മർദിച്ചു. യുവാവിന്റെ ഇടതുചെവിയടക്കം ചേർത്താണ് യുവതി മർദിച്ചത്.
എറണാകുളം ബൈപ്പാസിലെ ഒരു വീട്ടിലാണ് പിന്നീട് കാർ എത്തിയത്. ഇവിടെവെച്ച് പ്രതികൾ യുവാവിനെ വീണ്ടും മർദിച്ചു. മൊബൈൽചാർജറിന്റെ ഒരറ്റം നാക്കിൽവെച്ച് ഷോക്കടിപ്പിക്കുകയും ചെയ്തു. പച്ചപ്പുല്ല് പോലെ ഒരു സാധനം പേപ്പറിൽനിറച്ച് നിർബന്ധിച്ച് വലിപ്പിച്ചു. യുവാവിന്റെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങളും ചാറ്റുകളുമെല്ലാം പ്രതികളുടെ ഫോണിലേക്ക് അയച്ചു. യുവാവിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലക്ഷ്മിപ്രിയ അടക്കമുള്ളവർ ഈ നഗ്നവീഡിയോ ഫോണിൽ പകർത്തി. തുടർന്ന് വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ചാണ് പ്രതികൾ കടന്നുകളഞ്ഞതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
മണിക്കൂറുകളോളം കാമുകിയുടെയും ക്വട്ടേഷൻസംഘത്തിന്റെയും തടങ്കലിലായിരുന്ന യുവാവിന് നേരേ ക്രൂരമായ ആക്രമണമാണുണ്ടായത്. ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചും നിർബന്ധിച്ച് ലഹരിമരുന്ന് നൽകിയും ലക്ഷ്മിപ്രിയ അടക്കമുള്ളവർ യുവാവിനെ ഉപദ്രവിച്ചു. ഇതിനിടെ, യുവാവിനെ വിട്ടയക്കാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ