മുംബൈ: ലോറൻസ് ബിഷ്‌ണോയിയുടെ മാഫിയ സംഘം മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത സന്ദേശം. മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഫോൺകോളിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കോൾ ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂം തുടർനടപടികൾക്കായി ലോക്കൽ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു.

ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് സമീപത്തു നിന്നും ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ടാക്‌സി വിളിച്ച യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ മംബൈ പൊലീസിന് തലവേദനയായി ഈ ക്രിമിനൽ സംഘം മാറിയിട്ടുണ്ട്. ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായുള്ള ലോറൻസ് ബിഷ്‌ണോയിയുടെ ബന്ധത്തെക്കുറിച്ചുള്ള എൻഐഎ റിപ്പോർട്ടിന് പിന്നാലെ തിഹാർ ജയിലിലാണ് 31 വയസുകാരനായ ഈ മാഫിയാ തലവനുള്ളത്.

എന്നാൽ ജയിലിനുള്ളിൽ നിന്ന് തയ്യാറാക്കുന്ന പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്ന 700ൽ അധികം ഷാർപ്പ് ഷൂട്ടർമാരാണ് ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ളത്. സൽമാൻ ഖാന്റെ വീടിനെതിരായ ആക്രമണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ലോറൻസ് ബിഷ്‌ണോയി മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്നുവെന്ന അജ്ഞാത സന്ദേശം വന്നത്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ് നടന്ന സംഭവത്തിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് ലോറൻസ് ബിഷ്‌ണോയി എന്ന മാഫിയാ തലവൻ. 1998ൽ കൃഷ്ണ മൃഗത്തെ കൊന്ന കേസിൽ സൽമാൻ ഖാൻ പ്രതിയായതിന് പിന്നാലെയാണ് ലോറൻസ് ബിഷ്‌ണോയി സൽമാൻ ഖാന് പിന്നാലെ കൂടിയത്. അടുത്തിടെ ലോറൻസ് ബിഷ്‌ണോയി - ഗോൾഡി ബ്രാർ സംഘത്തിന്റെ വധഭീഷണി സൽമാൻ ഖാന് ലഭിക്കുകയും ചെയ്തു. ബിഷ്‌ണോയി വിഭാഗത്തിന്റെ വിശുദ്ധമൃഗമാണ് കാലാഹിരൺ എന്ന കൃഷ്ണമൃഗം. ആന്റിലോപ്പ് വിഭാഗത്തിലുള്ള ഈ ചെറുമാനുകളെ സിനിമാ ചിത്രീകരണത്തിനായി എത്തിയ സൽമാൻ ഖാനും സംഘവും വേട്ടയാടിയതിനെ തുടർന്നാണ് പകയുടെ തുടക്കം.

പഞ്ചാബ് സർവ്വകലാശാലയിലെ പഠന കാലത്താണ് ഗോൾഡി ബ്രാറുമായി ലോറൻസ് ചങ്ങാത്തത്തിലായത്. 2018ലാണ് ലോറൻസ് ബിഷ്‌ണോയി സംഘാംഗം സൽമാൻ ഖാനെതിരെ ആദ്യമായി വധശ്രമം നടത്തിയത്. ലോറൻസ് ബിഷ്‌ണോയി സംഘാംഗായ സാംപത് നെഹ്‌റ പൊലീസ് പിടിയിലായതോടെ ഈ ശ്രമം പാളി. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണെന്ന് സൂചനയുണ്ട്.