മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അന്മോൽ ബിഷ്ണോയ്. അന്മോലിന്റെ അക്കൗണ്ട് എന്ന് കരുതപ്പെടുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടന്റെ വീടിന് നേരെ നടന്ന ആക്രമണം തങ്ങളാണ് ചെയ്തതെന്ന് അറിയിച്ചത്. ഇത് ആദ്യത്തേതും അവസാനത്തേതുമായ മുന്നറിയിപ്പാണെന്നും സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നു.

'ഞങ്ങൾക്ക് സമാധാനം വേണം. അടിച്ചമർത്തലിനെതിരായ ഏക പോംവഴി യുദ്ധമാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. സൽമാൻ ഖാൻ, ഞങ്ങളുടെ ശക്തിയുടെ വ്യാപ്തി മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങൾക്ക് ഒരു ട്രെയ്ലർ കാണിച്ചുതന്നു. ഇത് ആദ്യത്തേതും അവസാനത്തേതുമാണ്. ഇനി വീടിന് പുറത്ത് മാത്രമായിരിക്കില്ല വെടിവെയ്‌പ്പ് നടക്കുക. ഞങ്ങൾക്ക് ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ എന്നീ പേരുകളുള്ള നായ്ക്കളുണ്ട്. അവരെ നിങ്ങൾ ദൈവ തുല്യരായാണ് കാണുന്നത്,' പോസ്റ്റിൽ പറയുന്നു.

ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്‌പ്പ് നടന്നത്. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിലിൽക്കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ നോട്ടപുളികളിൽ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം എൻഐഎ വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്‌ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്‌ണോയി പറയുന്നത്.

ബിഷ്‌ണോയിയുടെ സംഘത്തിലെ സംപത് നെഹ്‌റ സൽമാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാൻ തയ്യാറെടുപ്പ് നടത്തിയതായും ബിഷ്‌ണോയി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്‌റയെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് നടന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റി.

1998-ൽ സൽമാൻഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ബിഷ്‌ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാൽ സൽമാനെ വധിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ തന്റെ സഹായി സമ്പത്ത് നെഹ്റ, സൽമാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറൻസ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്റയെ ഹരിയാണ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു.

ജീവനു ഭീഷണിയുള്ളതിനാൽ സൽമാൻഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്‌ണോയി നിലവിൽ തിഹാർ ജയിലിലാണ്. പഞ്ചാബി പോപ്പ് ഗായകൻ സിദ്ധുമൂസെവാലയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ലോറൻസ് ബിഷ്‌ണോയി. എന്നാൽ ഈ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ലോറൻസ് അവകാശപ്പെട്ടു. സൽമാൻ ഖാനും പിതാവിനും സിദ്ധുമൂസെവാലയുടെ ഗതി വരും എന്ന അജ്ഞാത ഭീഷണി സന്ദേശം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. തുടർന്ന് ഇരുവർക്കും മഹാരാഷ്ട്ര സർക്കാർ വൈ പ്ലസ് സുരക്ഷ നൽകി.