തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമന വിവാദത്തിൽ അടക്കം സിബിഐ അന്വേഷണം വരുമോ എന് ഭയത്തിൽ സിപിഎം. മേയറുടെ വിവാദമായ കത്ത് പുറത്തുവന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. ബിജെപി പ്രതിഷേധം കുറയ്ക്കില്ലെന്ന വാശിയിലാണ് സമരം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണ സാധ്യത കൂടുതലുമാണ്. അതുകൊണ്ട് തന്നെയാണ് സിബിഐയിലേക്ക് അന്വേഷണം പോകുന്നതിന് മുമ്പ് വിജിലൻസിനെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്.

കോർപറേഷനിലെ കത്തുവിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയതാകട്ടെ ആരോപണ വിധേയരായ മേയർ ആര്യ രാജേന്ദ്രനും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെയും കത്ത് പരിഗണിക്കു കൊണ്ടും. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. അഴിമതിയുണ്ടോ എന്ന പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്. ഇത്തരമൊരു നീക്കത്തിലൂടെ മറ്റ് ഏജൻസികളിലേക്ക് അന്വേഷണം പോകാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോർപ്പറേഷനിലെ മുൻകാല അഴിമതികളിൽ അന്വേഷണം വന്നാൽ അത് പാർട്ടിയെ കാര്യമായി തന്നെ ബാധിക്കുമെന്ന് സിപിഎം ഭയന്നുണ്ട്.

കോർപറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രനും, എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ചോദിച്ച് ഡി.ആർ.അനിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നിരുന്നു. മേയറുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ, 2 വർഷത്തിനിടെ കോർപറേഷനിൽ നടന്ന ആയിരത്തോളം താൽക്കാലിക നിയമനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ജി.എസ്.ശ്രീകുമാർ വിജിലൻസിൽ പരാതി നൽകിയിരുന്നു. പിൻവാതിൽ നിയമനങ്ങളിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്താനുള്ള ശ്രമമാണു കത്തിലൂടെ പുറത്തായതെന്നു പരാതിയിൽ ചൂണ്ടിക്കാന്നു.

അതേസമയം കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് അയച്ചിരുന്നു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു. നവംബർ 25 ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മേയറുടെ വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ നൽകിയ ഹർജിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആയിരത്തിലേറെ അനധികൃത നിയമനം തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നുമാണ് ആവശ്യപ്പെടുന്നത്.

ബിജെപി. നേതാവ് പ്രകാശ് ജാവ്ദേക്കർ ഇന്ന് വിഷയത്തിൽ ഇടപെട്ടു സംസാരിച്ചിൽ അടക്കം സിപിഎം അപകടം മണക്കുന്നുണ്ട്. മേയറുടെ കത്ത് ആസൂത്രിതമാണെന്നും ന്യായമായ രീതിയിൽ നിയമനം നടത്താതെ സിപിഎമ്മിന്റെ ആളുകളെ മാത്രം നിയമിക്കാൻ ഉദ്ദേശിച്ച് നൽകിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം പ്രതിപക്ഷം സമരം ശക്തമാക്കുമ്പോഴും രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആവർത്തിച്ചു വ്യക്തമാക്കി. കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.

ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മൊബൈൽ പരിശോധനയോട് അടക്കം സഹകരിക്കും. കോർപ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധത്തോടും മേയർ പ്രതികരിച്ചു. സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവർ വളർന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. പക്ഷേ 'കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്ന മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ എംപിയുടെ പരാമർശവും പ്ലക്കാഡും വിമർശനാത്മകമാണ്.

ഇക്കാര്യത്തിൽ മാനനഷ്ട കേസടക്കമുള്ള നിയമനടപടികൾ ആലോചിച്ച് മുന്നോട്ട് പോകും. സമരമാകാം. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി. അത് പാടില്ലെന്നും മേയർ പറഞ്ഞു. നോട്ടീസ് അയച്ച കോടതി നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച മേയർ, തന്റെ ഭാഗം കേൾക്കാൻ അവസരം നൽകുന്നതിൽ നന്ദിയറിയിക്കുകയും ചെയ്തു.