- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണമെന്ന് കരുതുന്ന സ്വേച്ഛാധിപതി: റെഡ് ക്യാപിറ്റലിസത്തിലൂടെ രാജ്യത്തെ വളർത്തി; പാർട്ടിയിലെ എതിരാളികളെ മൊത്തം കേസിൽ കുടുക്കി ജയിലിലാക്കി; കാമുകിമാരും സ്വന്തക്കാരും താക്കോൽ സ്ഥാനങ്ങളിൽ; അളിയൻ ബിനാമി; അശാന്തി പരത്തുന്ന കോട്ടിട്ട ക്രൂരൻ; 'ചൈനയുടെ സിഇഒ' ഷി ജിൻ പിങിന്റെ കഥ
'അയാൾ ചൈനയുടെ ഭരണാധികാരിയല്ല, ചൈനയുടെ സിഇഒ ആണ്. കാരണം രാജ്യത്തെ മൊത്തമായി ഒരു കമ്പനി ആയാണ് ആ മനുഷ്യൻ കാണുന്നത്. ഒരു രാജ്യം ആയിട്ടില്ല. ആ കമ്പനിയിൽ ജനങ്ങളുടെ ക്ഷേമമല്ല, ലാഭം മാത്രമാണ് ലക്ഷ്യം. '- ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്് എന്ന ഏകാധിപതിയെക്കുറിച്ച്, ആ രാജ്യത്ത്നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ എത്തിയ വ്ളോഗറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ലൂ ചാൻ പറഞ്ഞ വാചകം ആണിത്. ഷി എന്ന ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയെ കുറിച്ച് ഇതിനേക്കാൾ നല്ല വിലയിരുത്തൽ ഇല്ല. കമ്യുണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾ മുഴവൻ കീറി കുട്ടയിൽ എറിഞ്ഞുകൊണ്ട്, ക്യാപിറ്റിലസിത്തിന്റെ വക്താവാണ് ഷി. പക്ഷേ അപ്പോഴും ജനാധിപത്യബോധം ഒട്ടുമില്ല. തന്നെ എതിർക്കുന്നവരെ ക്രൂരമായി അടിച്ചമർത്തിയ കഥയാണ് ഷീയുടേത്.
ഈയിടെ ചൈനയിൽനിന്ന് അസ്വാസ്ഥ്യ ജനകമായ പല വാർത്തകളും പുറത്തുവരുന്നുണ്ട്. ചൈനയിൽ അട്ടിമറി നടന്നുവെന്നും പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നുമായിരുന്നു ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ. തീർന്നില്ല, ജനറൽ ലി ക്വിയോമിങ് ആയിരിക്കും അടുത്ത പ്രസിഡന്റ് എന്നു വരെ സമൂഹ മാധ്യമങ്ങൾ വിധിയെഴുതി. ചൈനീസ് സൈന്യമായ പീപ്ൾസ് ലിബറേഷൻ ആർമി(പി.എൽ.എ) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ന്യൂ ഹൈലാൻഡ് വിഷൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആദ്യം സന്ദേശം പുറത്തുവന്നത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിങ് ഉസ്ബെക്കിസ്താനിൽ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് ട്വീറ്റിൽ പറയുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്ടോബർ 16ന് നടക്കാനിരിക്കെയാണ് ഇത്തരം പ്രചാരണങ്ങൾ വരുന്നത്.
മുൻ പ്രസിഡന്റ് ഹു ജിന്റാവോയും മുൻ പ്രധാനമന്ത്രി വെൻ ജിയാബോയും ചേർന്ന് മുൻ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെൻട്രൽ ഗാർഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തുവെന്നും കഥകൾ പ്രചരിച്ചു. പ്രസിഡന്റിന്റെയും പാർട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്.
ഉസ്‌ബെകിസ്താനിൽനിന്ന് മടങ്ങിയെത്തിയ ഷി ജിൻപിങ്ങിനെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്ത് പി.എൽ.എ.യുടെ മേധാവിത്വത്തിൽനിന്ന് നീക്കുകയും ചെയ്തുവെന്നാണ് അഭ്യൂഹം പരന്നത്. ചൈനീസ് വംശജരായ വാൻജുൻ ഷീ, ജെനിഫർ ജെങ് തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകർ ബെയ്ജിങ്ങിലേക്ക് നീങ്ങുന്ന സൈനികവ്യൂഹം എന്ന വിശദീകരണത്തോടെ വീഡിയോയും പങ്കുവച്ചു.
പക്ഷേ ഇതെല്ലാം വ്യാജവാർത്തയായിരുന്നു. ചൈനയിൽ ഒരുചുക്കം സംഭവിച്ചിട്ടില്ല എന്ന് മാത്രമല്ല, ഷി ജിൻ പിങിനെ അടുത്ത പത്തുവർഷത്തേക്ക് തൊടാൻപോലും കഴിയില്ല എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. പക്ഷേ കമ്യൂണിസ്റ്റ് ചൈനയിൽ ഷി ക്കെതിരെ വ്യാപകമായി അമർഷമുണ്ട്. അത് കൂടുതൽ പാർട്ടിക്ക് അകത്ത് നിന്നാണ്. പാർട്ടിയേക്കാൾ അയാൾ വളർന്നു കഴിഞ്ഞുവെന്നാണ് ആക്ഷേപം. ഇപ്പോൾ പാർട്ടിയെ നോക്കുകുത്തിയാക്കി പല തീരുമാനങ്ങളും ഷി ഒറ്റക്ക് എടുക്കുന്നു. എതിർക്കുന്നവരെ ഒക്കെ അഴിമതിക്കേസിൽ പെടുത്തി അകത്താക്കുന്നു.
രണ്ട് മുൻ മന്ത്രിമാർ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇത്തരം പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചത്. അതിനു പിന്നാലെ ചൈനീസ് പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനു വധശിക്ഷ വിധിക്കുകയും ചെയ്തു. രണ്ടാഴ്ച അഴിമതിക്കേസിൽ അഞ്ച് മുൻ പൊലീസ് മേധാവികളെ ജയിലിലടച്ചിരുന്നു. അതായത്് ഷിയെ എതിർത്താൽ നിങ്ങൾ ചൈനയിൽ അഴിമതിക്കേസിൽ ജയിലിൽ ആവും. പാർട്ടിക്ക് ഇപ്പോൾ ഷിയെ പേടിയാണ്. അയാളെ ആർക്കും നിയന്ത്രിക്കാൻ കഴിയുന്നില്ല.
രാജകുമാരനിൽ നിന്ന് യാചകനിലേക്ക്
ഒറ്റരാത്രികൊണ്ട് പൊട്ടിമുളച്ച പ്രതിഭാസമൊന്നുമല്ല ഷി ജിൻ പിങ്്. അവഗണനയുടെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു രാഷ്ട്രീയ കുടുംബം ആയിരുന്നു അദ്ദേഹത്തിന്റെത്. മുൻ ഉപപ്രധാനമന്ത്രിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവുമായ ഷി ഷോങ്ഷുനിന്റെ മകനായി 1953 ജൂൺ 15നാണ് ബെയ്ജിങ്ങിലാണ് ജനനം. രണ്ട് സഹോദിമാർക്ക് ഇളയനായിരുന്നു അവൻ. പിതാവ് പാർട്ടി പ്രചാരണ പദ്ധതികളുടെ നേതാവ ഒക്കെ ആയതുകൊണ്ട് രാജകുമാരനെപ്പോലെ ആയിരുന്നു ബാല്യം.
എന്നാൽ പൊടുന്നനെ അതല്ലൊം അട്ടിമറിഞ്ഞു. 1962ൽ മാവോയുടെ സാംസ്കാരിക വിപ്ലവം എന്ന ഭ്രാന്തൻ നയത്തിന്റെ ഭാഗമായി പിതാവ് കമ്യുണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്തായി. പിന്നാലെ അദ്ദേഹം തടവിലും ആയതോടെ ഷിയുടെ ജീവിതം ദുരിതത്തിലായി. വെറും 15ാം വയസ്സിൽ എല്ലാ സുഖസൗകര്യങ്ങളം ഇട്ടെറിഞ്ഞ് അയാൾ ഗ്രാമങ്ങളിൽ പോയി പണിയെടുക്കേണ്ടി വന്നു. നഗരത്തിലെ സമ്പന്നരെയും സുഖിയന്മാരെയുമെല്ലാം ഗ്രാമങ്ങളിലേക്ക് മാറ്റി മാടിനെപ്പോലെ പണിയെടുപ്പിക്കാനായിരുന്നു മാവോയുടെ തീരുമാനം. ലിയാങ്ങ് ജിയാങ്ങ് ഗ്രാമത്തിലെ ഏഴുവർഷം നീണ്ട തൊഴിലാളി ജീവിതത്തിൽ നിന്നാണ് ഷി പരുവപ്പെട്ടത്. ഈ ജീവിതം കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ തിരിയാനുള്ള മനസ്സാണ് സ്വാഭാവികമായും ഉണ്ടാക്കുക. എന്നാൽ ഷി തിരിച്ച് ചിന്തിച്ചിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ ജീവതം എഴുതിയവർ പറയുന്നത്. തന്നെ കൗമാരം ദുരിതമയമാക്കിയ ആ പാർട്ടിയുടെ നേതൃത്വത്തിൽ താൻ വരുമെന്ന് അയാൾ തീരുമാനിക്കുന്നു. അങ്ങനെ നിരന്തര പരിശ്രമത്തിന്റെ ഒടുവിൽ 1974ൽ ഷി ജിൻ പിങിനെ കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചു. മുകളിലേക്ക് എത്താൻ അയാൾ ആവതും അധ്വാനിച്ചു.
ഹെയ്ബിയിലെ ലോക്കൽ സെക്രട്ടറി ആയാണ് നേതൃപദവിയുടെ തുടക്കം. പിന്നെ ഷാങ്ങ്ഹായിലെ ജില്ലാ നേതാവായി. അതിനിടെ സിൻഹുവ സർവകാലശാലയിൽനിന്ന് കെമിക്കൽ എഞ്ചീനീയറങ്ങിൽ ബിരുദം എടുത്തു.
പതുക്കെ പതുക്കെ ഷി പാർട്ടിയിൽ വളർന്നു. വാക്ചാതുര്യവും കഠിനാധ്വാനവും തികഞ്ഞ വിധേയത്വവും അയാളെ പാർട്ടി പ്രവർത്തകരുടെ കണ്ണിലുണ്ണിയാക്കി. പടി പടിയായി അയാൾ വളർന്നു. 2008 -ൽ അദ്ദേഹം ചൈനയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉന്നത അധികാര സ്ഥാനത്തേക്ക് വരുന്നത്. അധികം വൈകാതെ, 2012 നവംബർ 15 ന് ഷി ജിൻപിങ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു. ഏഴംഗ പോളിറ്റ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റിയെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹം അന്ന് നിയുക്തനാവുന്നു. 2013 മാർച്ച് 14 ന് ഷി ജിൻ പിങിനെ ചൈനീസ് പാർലമെന്റ് ഹു ജിൻ താവോയുടെ പിൻഗാമിയായി, ചൈനയുടെ അടുത്ത പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. അതോടെ നാം ഇന്നുകാണുന്ന ഷി യുഗത്തിന് തുടക്കമായി.
അഴിമതിയുടെ മറവിൽ വിമത വേട്ട
അഴിമതിക്കെതിരെ പോരാടി ജനങ്ങളെ കൈയിലെടുത്ത നേതാവാണ് ഷി. പക്ഷേ കഴിമതി ആരോപിച്ച് പാർട്ടിയിലെ തന്റെ ശത്രുക്കളെ ജയലിൽ ആക്കുക ആയിരുന്നു അക്കാലത്ത് കാര്യമായി നടന്നത്. പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത പാടെ ഷി ജിൻപിങ് പ്രഖ്യാപിക്കുന്നത് ഒരു ആന്റി കറപ്ഷൻ ഡ്രൈവ് ആണ്. രാജ്യത്തെ ഭരണ വ്യവസ്ഥ അടിമുടി അഴിമതിയിൽ മുങ്ങികുളിച്ചിരിക്കുകയാണ് എന്നും താൻ അതിനെ വൃത്തിയാക്കി എടുക്കാൻ പോവുന്നു എന്നുമായിരുന്നു ഷി യുടെ പ്രഖ്യാപനം. 'ടൈഗേഴ്‌സ് ആൻഡ് ഫ്‌ളൈസ്' എന്ന പേരിൽ നടന്ന ആന്റി കറപ്ഷൻ സ്വീപ്പിൽ, ആദ്യ അഞ്ചു വർഷത്തിനുള്ളിൽ മാത്രം ഏതാണ്ട് 13 ലക്ഷത്തോളം അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് ഷി ജിൻപിങ് അന്ന് പിടികൂടി വിചാരണ ചെയ്തു തുറുങ്കിൽ അടച്ചത്.
അന്ന് തുറുങ്കിൽ അടക്കപ്പെട്ട ആ ഒരു ലക്ഷത്തിന്റെ കൂടെ തന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളികളെ പലരെയും ഷി രാഷ്ട്രീയത്തിൽ നിന്ന് എക്സിറ്റ് പാസ് അടിച്ച് എന്നെന്നേക്കുമായി പറഞ്ഞു വിടുന്നു. ഭാഗ്യവാന്മാർ ഉടനടി കഴുവേറ്റപ്പെടുന്നു. ദുർഭാഗ്യവാന്മാർ തടവറകളിൽ കിടന്ന് നരകിച്ച് മറിക്കാൻ വിധിക്കപ്പെടുന്നു. ഇങ്ങനെ ഒരു സുപ്രഭാതത്തിൽ പൊതുജീവിതത്തിൽ നിന്ന് നിഷ്‌കാസിതരായവരിൽ പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗവും ആഭ്യന്തര സുരക്ഷാ സമിതി മേധാവിയുമായ സൗ യോങ് കാങ് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും ചോങ് ക്വിങ്ങിലേ, പാർട്ടി സെക്രട്ടറിയുമായ ബോ ക്സി ലായി, , സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ ക്സു കൈഹൗ എന്നിങ്ങനെ ഷി ജിൻ പിങ് ങിന്റെ പ്രധാന ശത്രുക്കൾ മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു.
ചൈനയിലെ അധികാര കൈമാറ്റങ്ങൾക്കു പിന്നാലെ എല്ലാക്കാലത്തും ഇത്തരത്തിലുള്ള പർജിങ്ങുകൾ ഉണ്ടായിട്ടുണ്ട്. ചൈനയിലെ പാർട്ടിയുടെ അച്ചടക്ക സമിതിയായ അച്ചടക്ക സമിതിയുടെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് അടുത്തിടെ ബിബിസി റിപ്പോർട്ട് ചെയ്തത്, 1949 നും 2012 നും ഇടക്ക് മാവോ മുതൽ ഹു ജിൻ താവോ വരെയുള്ള എട്ടു പ്രെസിഡന്റുമാരുടെ കീഴിൽ ആകെ അച്ചടക്ക നടപടികൾക്ക് വിധേയരായ അത്രയും പാർട്ടി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ 2012 മുതൽ ഇന്നുവരെയുള്ള ഷിജിൻപിങ് ങിന്റെ കീഴിൽ മാത്രം അച്ചടക്ക നടപടികൾക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട് എന്നാണ
എവിടെയും അക്രമം; ആഗോള ഭീതി
എവിടെയും അതിർത്തി തകർക്കം ഉണ്ടാക്കുന്ന പഴയ കാരണവന്മാരെപ്പോലെയാണ് ഷിയുടെ രീതി. എല്ലാ അയൽവാസികളുമായി ചൈനക്ക് അതിർത്തി തർക്കം നിലനിൽക്കയാണ്. ഷി അധികാരത്തിൽ കയറിതിന് ശേഷമാണ് ഈ രീതിയിൽ ചൈന അക്രമാസക്തമായ ഒരു സൈനിക ശക്തിയായി പുർണ്ണമായും മാറിയത്. ഷിയുടെ ഭരണകാലത്ത് ചൈനയുടെ സൈനികബലവും എത്രയോ ഇരട്ടിച്ചിട്ടുണ്ട്. നേവി, എയർഫോഴ്സ്, ആർമി എന്നിവ ഷിയുടെ കീഴിൽ കാലാനുസൃതമായ പരിഷ്‌ക്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള എതിർപ്പിനും അന്താരാഷ്ട്ര നിയമങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ട്, കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ സൗത്ത് ചൈന സീ ഏകദേശം മുഴുവനായും കയ്യേറി ചൈന സൈനിക ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ഹോങ്കോങ്ങിലും, തായ്വാനിലും, ലഡാക്കിലും സൗത്ത് ചൈനാ കടലിലുമൊക്കെ ചൈന അശാന്തി വിതക്കുന്നു. ലഡാക്ക് അതിർത്തിയിലൂടെ അടുത്തിടെ ഇന്ത്യൻ മണ്ണിലേക്കുണ്ടായ കടന്നു കയറ്റങ്ങൾ, അതിന്റെ പിന്നാലെ ഇരുപക്ഷത്തുമുള്ള സൈനികർക്ക് ജീവാപായമുണ്ടായ സംഘർഷങ്ങൾ, ഇന്തോനേഷ്യ വിയറ്റ്നാം അടക്കമുള്ള അയൽ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ തൊട്ട് ഷി ജിൻ പിങിന്റെ ഭരണത്തിന് കീഴിൽ ചൈന അശാന്തിയാണ് എവിടെയും ഉണ്ടാക്കുന്നത്.
ഉയിഗൂർ മുസ്ലീങ്ങളോട് ചൈന ചെയ്യുന്ന ക്രുരത പറയുകയും വേണ്ട. വടക്കൻ പ്രവിശ്വകളിൽ ഉയിഗൂർ മുസ്ലീങ്ങളെ പാർപ്പിച്ചിരിക്കുന്ന പുനർവിദ്യാഭ്യാസ കേന്ദ്രങ്ങൾ പോൾപോട്ടിന്റെ കാലത്തിലെ റി എഡ്യുക്കേഷൻ സെന്ററുകളുടെ മിനി പതിപ്പുകളാണു എന്നതാണ് മറ്റൊരു ആക്ഷേപം.
നിന്ന നിൽപ്പിൽ ആളുകളെ കാണാതാവുന്നു
അതുപോലെ കോവിഡ് കാലത്തെ ഷി ജിൻ പിങിന്റെ പല നടപടികളും വൻതോതിലുള്ള വിമർശനങ്ങൾക്കു കാരണമായതാണ്. തങ്ങളുടെ ഇരുമ്പുമറ കൊണ്ട് എല്ലാം മറച്ചുപിടിച്ച് ലോകമെമ്പാടും കോവിഡ് പടർത്തുകയാണ് ചൈന ചെയ്തത്്. ഭരണകൂടത്തെയോ ഷി ജിൻ പിങിനെയോ വിമർശിക്കുന്നവർ നിന്ന നിൽപ്പിൽ കാണാതാവുന്നതും ചൈനയിൽ സർവസാധാരണമാണ്.
ഡോ. ലീ വെൻ ലിയാങ് എന്ന കോവിഡ് ആദ്യമായി തിരിച്ചറിഞ്ഞ ഡോക്ടർ എവിടെയാണെന്ന് ഇന്ന് ആർക്കും അറിയില്ല. കോവിഡ് 19 ചൈനയിൽ നിത്യേന നൂറുകണക്കിനുപേരുടെ ജീവനെടുത്തുകൊണ്ടിരുന്നപ്പോൾ, ആശുപത്രികളിലെ കെടുകാര്യസ്ഥതയും ദയനീയാവസ്ഥയും അന്താരാഷ്ട്രസമൂഹത്തിനു മുമ്പിലേക്ക് വീഡിയോയിലൂടെ എത്തിച്ച യൂട്ഊബർ ചെൻ ക്വിഷി, വേണ്ടത്ര തയ്യാറെടുപ്പൊന്നും കൂടാതെ കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ ' വിവസ്ത്രനായ കോമാളി' എന്നുവിളിച്ചതിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായിരുന്ന പ്രസിദ്ധനായ റിയൽ എസ്റ്റേറ്റ് കമ്പനി മേധാവി റെൻ സിക്വിയാങ്ങ് എന്നിവരും നിന്ന നിൽപ്പിലാണ് അവഅപ്രത്യക്ഷരായത്. രാജ്യത്തിന്റെ വൈസ് പ്രീമിയർ ആയ സാങ് ഗാവോലി തന്നെ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് വെളിപ്പെടുത്തിയ പെങ് ഷുവായി എന്ന വനിതാ ടെന്നീസ് താരത്തെക്കുറിസിച്ചും ദിവസങ്ങളായി ഇപ്പോൾ വിവരമൊന്നുമില്ല. രാജ്യത്തെ സെർച്ച് എഞ്ചിനുകളിൽ പെങ് ഷുവായി എന്ന കീവേഡ് സെർച്ച് ചെയ്താൽ കിട്ടാത്ത അവസ്ഥയാണ്. ഗൂഗിളിനു പകരം ചൈന ചൈനയുടേതായ സേർച്ച് എഞ്ചിനാണ് ഉപയോഗിക്കുന്നത്.
മേൽപറഞ്ഞവരെയൊക്കെ, സർക്കാർ നിയന്ത്രണത്തിലുള്ള ഡിറ്റെൻഷൻ സെന്ററുകളിൽ അടച്ചിട്ടു പീഡിപ്പിക്കുകയാണ് എന്നാണ് ബന്ധുക്കൾ ആക്ഷേപിക്കുന്നത്. തനിക്കെതിരെയുള്ള നേരിയൊരു വിമർശനം പോലും സഹിക്കാനുള്ള മനസ്ഥിതിയില്ലാത്ത ഒരു ഭരണാധികാരിയാണോ ഷി ജിൻപിങ് എന്ന ആശങ്കയിലേക്കാണ് തുടർച്ചയായ ഈ പരാതികൾ നയിക്കുന്നത്.
മാവോക്ക്ശേഷം ചൈനയുടെ ചക്രവർത്തി
ബൂർഷ്വെയതോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണമെന്ന് കരുതുന്ന സേഛ്വാധിപതിയാണ് ഷി. മാവോക്ക്ശേഷം സകല അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട ചൈനയിലെ ഏക വ്യക്തി. ഡെങ് സിയാവോ പിങിന്റെ കൂട്ടായ നേതൃത്വം എന്ന ആശയം തന്നെ ഷി എടുത്തുകളഞ്ഞു.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ചൈനയുടെ ചക്രവർത്തിയെന്ന് ഇപ്പോൾ വിളിക്കുന്നത്. ഷി ജിൻ പിങിന്റെ ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യം ആണ് എന്ന് പറയുന്നതിൽ യാതൊരു വസ്തുതയും ഇല്ല. ഇപ്പോൾ അവിടെ നിലവിലുള്ളത് 'സ്റ്റേറ്റ് ഡിക്ടേറ്റഡ് കാപ്പിറ്റലിസം' മാത്രമാണ്. ഷിയുടെ ഭരണത്തിന് കീഴിൽ, തികഞ്ഞ 'അതോറിറ്റേരിയൻ ഭരണക്രമത്തിലേക്ക് രാജ്യം മാറുകയാണ് എന്നും നിരീക്ഷകർ പറയുന്നു. എതാണ്ട് മൂവായിരം അംഗങ്ങളുള്ള നാഷനൽ പീപ്പിൾസ് കോൺഗ്രസിൽ ൽ രണ്ടു വെറും രണ്ടു പേരാണ് ഷി ജിൻ പിങിന് എതിരായി വോട്ട് ചെയ്തത്. ചൈനയിലെ തിരഞ്ഞെടുപ്പ് എന്തുവലിയ പ്രഹസനമാണ് എന്നതിന്റെ ലക്ഷണമാണിത്. ഷിയുടെ മുൻഗാമി ആയിരുന്ന ഹൂ ജിന്താവോയുടേ കാലത്ത് ധാരാളം വിഭാഗങ്ങൾ ഉള്ള ചൈനീസ് കംയുണിസ്റ്റ് പാർട്ടിയിൽ അഭിപ്രായം പറയുന്നതിനുള്ള വേദികളുണ്ടായിരുന്നു, നാഷണൽ ഡിബേറ്റുകൾ നടക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഡിബേറ്റുകൾ ഇല്ലാതാകുന്നതും, എതിരഭിപ്രായങ്ങൾ ഉള്ളവർ ഇല്ലാതെ വരുന്നതും ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ സ്വഭാവങ്ങളല്ല എന്നും വിമർശകർ പറയുന്നു.
2017 -ൽ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഷി ജിങ് പിൻ പറയുന്നത്, 'ലോകത്തിലെ ഏറ്റവും നിർണായകമായ കേന്ദ്രശക്തിയായി മാറുക എന്നതാണ് ചൈനയുടെ നിയോഗം' എന്നാണ്. ഇപ്പോൾ ആ സ്ഥാനത്ത് കയറി ഇരിക്കുന്ന അമേരിക്കയെ ആയുധ ബലത്തിന്റെയും, സമ്പത്തിന്റെയും സ്വാധീന ശക്തിയുടെയും എല്ലാം കണക്കിൽ പിന്നിലാക്കി, അവിടേക്ക് കയറിപ്പറ്റാൻ വേണ്ടിയുള്ള പരിശ്രമങ്ങളാണ് അധികാരത്തിലേറിയ അന്നുതൊട്ടുതന്നെ ഷി ജിൻപിങ് നടത്തിവരുന്നത്. അതിന് അദ്ദേഹം മുന്നോട്ടു വെക്കുന്നത് 'സോഷ്യലിസം വിത്ത് ചൈനീസ് ക്യാരക്റ്ററിസ്റ്റിക്സ് ' എന്ന തന്റെ ചിന്താധാരയാണ്. മാനവ രാശി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ചൈനീസ് ബുദ്ധിയും ചൈനീസ് നിലപാടുകളും വെച്ച് താൻ പരിഹാരം കണ്ടെത്തും എന്നാണ് അദ്ദേഹം പറയുന്നത്.
ലോകത്തിനു മുഴുവൻ അനുകരിക്കാവുന്ന മാതൃകയാണ് ചൈന എന്ന് ചെയർമാൻ മാവോക്കു ശേഷം ആത്മവിശ്വാസത്തോടെ ഉറക്കെ വിളിച്ചു പറയുന്ന ആദ്യത്തെ നേതാവാണ് ഷി. പക്ഷേ മാവോയുടെ കാലമൊക്കെ ചൈനയുടെ പട്ടിണിക്കാലം ആയിരുന്നു. ഡെങ്ങ് സിയാവോ പിങ്ങ് ക്യാപിറ്റലിസ്റ്റ് രീതിയിലുള്ള വികസനം തുടങ്ങിയ ശേഷമാണ് ചൈന രക്ഷപ്പെട്ടത്. അതിനെ ഒന്നുകൂടി വികസിപ്പിച്ച് പക്കാ ക്യാപിറ്റലിസ്റ്റ് രാജ്യമാക്കി മാറ്റുകയാണ് ഷി ചെയ്യുന്നത്.
അങ്കിൾ ഷീയായി പ്രതിഛായ നിർമ്മാണം
സ്റ്റാലിൻ കാലത്തുതൊട്ടുതന്നെ നിലവിലുള്ള ഒരു പ്രഖ്യാപിത കമ്യൂണിസ്റ്റ് രീതിയാണ് വ്യാജ സമ്മതിയുടെ നിർമ്മിതി. സ്റ്റാലിൻ കുട്ടികൾക്ക് പൂച്ചെണ്ട് കൊടുക്കുന്നതിന്റെ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കാനും എന്തിന് യോഗങ്ങളിൽ അദ്ദേഹത്തിനുവേണ്ടി കയ്യടിക്കാൻപോലും പ്രത്യേകം ആളുകൾ ഉണ്ടായിരുന്നു. തീർത്തും ആസൂത്രിതമായ ഒരു പബ്ലിക്ക് റിലേഷൻ വർക്കിലൂടെ അടിനെ പട്ടിയാക്കാൻ അവർക്ക് കഴിയുമായിരുന്നു. ചെർണോബിൽ ദുരന്തകാലത്തെ രാഷ്ട്രീയ പിടിപ്പുകേടുകൾ ഒന്നും അതുകൊണ്ടാണ് പുറത്തുവരാത്തത്. എന്നാൽ സ്റ്റാലിനെ കടത്തിവെട്ടുന്ന അതി ശക്തമായ പ്രൊപ്പഗൻഡ മാനേജ്മെന്റ് ടീം ആണ് മാവോയുടെ കാലം തൊട്ടുതന്നെ ചൈനയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഷീ ജൻ പിങ്ങ് ഭരണത്തിൽ അത് പതിനായിരങ്ങളായി. 50 സെന്റ് ആർമി എന്ന് കളിയാക്കപ്പെടുന്ന ഒരു വമ്പൻ പടയെ ഇന്റർനെറ്റ് കമന്റുകൾ എഴുതാൻ ചുമതലപ്പെടുത്തി നിർത്തിയിട്ടുള്ള രാജ്യമാണ് ചൈന. 2017 ലെ ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്തുകാണുന്നത് , ഒരൊറ്റ വർഷത്തിൽ , 44.8 കോടി സോഷ്യൽ മീഡിയ കമന്റുകൾ ചൈനീസ് സർക്കാർ ഇങ്ങനെ പടച്ചു വിടുന്നുണ്ട് എന്നാണ്. ഇപ്പോൾ അത് 50 കോടി കമൻസായി എന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്്!
എല്ലാ ഏകാധിപതികളെയും പോലെ സ്വന്തം പ്രതിഛായാ നിർമ്മാണത്തിലും ബദ്ധശ്രദ്ധനാണ് ഷീ. ചൈനയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ദേശീയ പാതയ്ക്ക് സമീപത്തായി സ്ഥാപിച്ചിട്ടുള്ള പതിനായിരക്കണക്കിന് ഹോർഡിങ്ങുകളിൽ ചിരിച്ചു കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയുന്ന ഷിയുടെ ചിത്രം കാണാം. 'ഷി ദാദ' അഥവാ 'അങ്കിൾ ഷി' എന്നാണ് ഷി ജിൻപിങ് ജനങ്ങളെക്കൊണ്ട് അവനവനെ വിളിപ്പിക്കാൻ ശ്രമിച്ചുവരുന്നത്. 'സാധാരണക്കാരിൽ സാധാരണക്കാരനായ, അവരെപ്പോലെ അവർക്കൊപ്പം ഉണ്ടുറങ്ങുന്ന ഒരു ചൈനീസ് പ്രസിഡന്റ്' എന്ന ഇമേജ് നിലനിർത്താൻ വേണ്ടി ചില്ലറ പ്രോപഗണ്ടകൾ ഒന്നുമല്ല അദ്ദേഹത്തിൽ നിന്നുണ്ടാവുന്നത്. 'ഷി ജിൻപിങ് തോട്ട്' അഥവാ 'ഷി ജിൻ പിങ് ങിന്റെ തത്വ ചിന്ത' എന്നത് ഇന്ന് ഭരണഘടനയുടെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞു. അതിന്റെ പുസ്തക രൂപത്തിലുള്ള പതിപ്പ് ചൈനയിലെ ബുക് സ്റ്റോറുകളിൽ ഇന്ന് ഒരു ബെസ്റ്റ് സെല്ലർ പുസ്തകമാണ്.
19ഓളം കാമുകിമാർ; അഴിമതിക്കാരൻ
മിക്ക ഏകാധിപതികളും തികഞ്ഞ സ്ത്രീ ലമ്പടന്മാരുമാണ്. ഷീ ജിൻ പിങ്ങിന്, വ്ളാദിമിർ പുടിനെപ്പോലെ ലോകം എമ്പാടം കാമുകിമാർ ഉണ്ടെന്നാണ്, പല വിമത ബ്ലോഗർമാരും പറയുന്നത്. ഇവരെ പല അധികാരകേന്ദ്രങ്ങളിലും അയാൾ നിയമിച്ചിട്ടുമുണ്ട്. പക്ഷേ ചൈന ആയതുകൊണ്ട് കൃത്യമായ വിവരങ്ങൾ പുറത്തുവരില്ല. അതുപോലെ ഷീയുടെ മകൾ എവിടെ ആണെന്നുപോലും യാതൊരു വിവരവും ഇല്ല.
1980 കളുടെ തുടക്കത്തിൽ യുകെയിലെ ചൈനയുടെ അംബാസഡറായിരുന്ന കെ ഹുവയുടെ മകൾ കെ ലിങ്ലിംഗുമായി ആയിരുന്നു ഷിയുടെ ആദ്യ വിവാഹം. ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ വിവാഹമോചനം നേടി. അയാളുടെ ഫാസിസ്റ്റ് സ്വഭാവവുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നും ഏതാണ്ട് എല്ലാ ദിവസവും ഇരുവരും വഴക്കിടാറുണ്ടെന്നും വിവാഹമോചനത്തിന് ശേഷം അനുവദിച്ച ഒരു അഭിമുഖത്തിൽ ആദ്യ ഭാര്യ പറയുന്നത്. യുകെയിൽ ആയതകൊണ്ട് മാത്രം അവരെ നിന്ന നിൽപ്പിൽ കാണാതെ ആയില്ല.
1987ൽ, പ്രമുഖ ചൈനീസ് ഗായിക പെങ് ലിയുവാനെ ഷി വിവാഹം കഴിച്ചു. പക്ഷേ അവരുടെ വേറിട്ട തൊഴിൽ ജീവിതങ്ങൾ കാരണം ദമ്പതികൾ പലപ്പോഴും വേർപിരിഞ്ഞാണ് താമസിച്ചത്. തന്റെ മുൻഗാമികളെ അപേക്ഷിച്ച് ചൈനയുടെ 'പ്രഥമ വനിത' എന്ന നിലയിൽ പെങിന് വിസിബിലിറ്റി കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, 2014 മാർച്ചിൽ യു.എസ് പ്രഥമ വനിത മിഷേൽ ഒബാമയുടെ ചൈനാ സന്ദർശന വേളയിൽ പെങ് ആതിഥേയത്വം വഹിച്ചു. ഈ ബന്ധത്തിൽ ഷി മിങ്‌സെ എന്നൊരു മകളുണ്ട്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ഇവളെക്കുറിച്ച് കാര്യമായ ഒരു വിവരമില്ല. പഠിക്കുന്ന സമയത്തുപോലും അവർ വ്യാജപേരാണ് ഉപയോഗിച്ചത്.
ഷി യുടെ അഴിമതി വിരുദ്ധ പ്രതിഛായ വെറും തട്ടിപ്പാണെന്ന് പ്രമുഖ സാമ്പത്തിക വിശകലന ഗ്രൂപ്പായ ബ്ലൂംബെർഗ് പറയുന്നത്. ഭാര്യാസഹോദരൻ ഡെങ് ജിയാഗുയിയെ ബിനാമിയാക്കിയാണ് ഷി കോടികളുടെ ബിസിനസ് നടത്തുന്നത്. 2012 ജൂണിൽ ബ്ലൂംബെർഗ് ഷി യുടെ കുടുംബത്തിലെ അംഗങ്ങൾക്ക് കാര്യമായ ബിസിനസ്സ് താൽപ്പര്യങ്ങളുണ്ടെന്ന്, റിപ്പോർട്ട് ചെയ്തു. ഈ ലേഖനത്തോടുള്ള പ്രതികരണമായി ബ്ലൂംബെർഗ് വെബ്സൈറ്റ് ചൈനയിൽ തടഞ്ഞു. ഷി ഒരു അഴിമതി വിരുദ്ധ കാമ്പെയ്ൻ ആരംഭിച്ചതിനുശേഷം, അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങൾ അവരുടെ കോർപ്പറേറ്റ്, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ 2012 മുതൽ വിൽക്കുന്നതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. സിസിപിയുടെ പൊളിറ്റ്ബ്യൂറോയിലെ നിലവിലുള്ളതും മുൻ മുതിർന്നതുമായ ഏഴ് നേതാക്കൾ ഉൾപ്പെടെ ഉയർന്ന സ്ഥാനമുള്ള ചൈനീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ പേരുകൾ പനാമ പേപ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതിൽ ഷിയുടെ ഭാര്യാസഹോദരൻ ഡെങ് ജിയാഗുയിയും ഉൾപ്പെടുന്നു. ഷി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്ന സമയത്ത് ഡെങ്ങിന് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ രണ്ട് ബിനാമി കമ്പനികൾ ഉണ്ടായിരുന്നു, എന്നാൽ 2012 നവംബറിൽ സി സിപിയുടെ ജനറൽ സെക്രട്ടറിയായപ്പോഴേക്കും അവ പ്രവർത്തനരഹിതമായി. പക്ഷേ ഇവ ബിനാമി പേരിൽ ലോകത്തിന്റെ പല ഭാഗത്തായി പ്രവർത്തിക്കുന്നുണ്ട്.
അതായത് ഷി യുടെ അഴിമതി വിരുദ്ധ പ്രതിഛായ ശുദ്ധ തട്ടിപ്പാണെന്ന് ചുരുക്കം. ഇപ്പോൾ താക്കോൽ സ്ഥാനങ്ങളിൽ എല്ലാം തന്റെ ഏറാന്മുളികളെ തിരുകിക്കയറ്റി ഷി പാർട്ടി പിടിച്ചിരിക്കയാണ്. അടുത്ത പത്തുവർഷത്തേക്ക് അയാളെ തൊടൻ കിട്ടില്ല. പാർട്ടിക്ക് മുകളിൽ വളർന്ന മരമായി അയാൾ ഇവിടെ ഉണ്ടാവും.
പക്ഷേ ചൈനയിൽ ജനാധിപത്യത്തിനായി വാദിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നതും പ്രതീക്ഷ നൽകുന്നുണ്ട്. അടുത്തകാലത്തായി ചൈനയിലെ റിയൽ എസ്റ്റേററ്റ് കമ്പനികൾ തകർന്നപ്പോൾ, ജനം തെരുവിൽ ഇറങ്ങിയിരുന്നു. ടിയാനമെൻ സ്‌ക്വയർ സംഭവത്തിനുശേഷം ചരിത്രത്തിൽ ആദ്യമായാണ്, ചൈനയിൽ ആൾക്കൂട്ടത്തെ ഒതുക്കാൻ ടാങ്കുകൾ ഇറക്കേണ്ടി വന്നത്. ചിന്തിക്കുന്ന, അഭിപ്രായ സ്വതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഒരു പുതിയ തലമുറ ചൈനയിൽ ഉയർന്നുവരുന്നുണ്ട്്. അവരെ ഷി ജിൻ പിങ് എന്ന കോട്ടിട്ട ക്രൂരൻ ശരിക്കും ഭയക്കുന്നുണ്ട്.
വാൽക്കഷ്ണം: വ്യക്തികളെ കയറൂരി വിട്ടാൽ അവർ പാർട്ടിക്ക് മുകളിൽ വളരും എന്നും പാർട്ടിക്ക് പിന്നെ അവരെ നിയന്ത്രിക്കാൻ കഴിയില്ല എന്ന ചൈനീസ് പാഠം, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും ഓർത്തിരിക്കുന്നത് നല്ലതാണ്. കേരളത്തിലും ചൈനീസ് മോഡൽ ആയിരുന്നെങ്കിൽ നമ്മുടെ വി എസ് പക്ഷക്കാർ ഒക്കെ ഇപ്പോൾ ജയിലിൽ ആയേനെ!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ