കൊച്ചി: കൊച്ചി കേന്ദ്രീകരിച്ചുള്ള ഫാഷൻ സംരംഭങ്ങൾ വർധിച്ചു വരുമ്പോൾ തട്ടിപ്പുകളും വ്യാപകമാകുന്നു. മോഡലുകളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ളത് പതിവ് സംഭവങ്ങളായി മാറുന്നുവെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം ഫാഷൻ ഷോയുടെ മറവിൽ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകമെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ ഒരു കമ്പനി ഉടമയും അറസ്റ്റിലായി.

പണം വാങ്ങിയ ശേഷം റാംപിൽനിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കമ്പനിക്കെതിരെ മോഡലുകളുടെ പരാതിയെ തുടർന്നാണ് അറസ്റ്റു നടപടികൾ. മോഡലായ ട്രാൻസ് വുമണിനോട് അപമര്യാദയായി പെരുമാറിയ കമ്പനിയുടെ സ്ഥാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കൊച്ചിയിൽ നടന്ന എമിറേറ്റ്‌സ് ഫാഷൻ വീക്കിനെതിരെ ഉയർന്ന പരാതികൾ മോഡലിങ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ലിസാറോ, എമിറേറ്റ്‌സ് മോഡലിങ് കമ്പനികളാണ് ഷോ സംഘടിപ്പിച്ചത്.

ഷോയെ കുറിച്ച് നാളുകൾക്ക് മുൻപേ പരസ്യം നൽകി. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് മോഡലുകൾ പണം നൽകി രജിസ്റ്റർ ചെയ്തു. എന്നാൽ ഭൂരിഭാഗം പേർക്കും റാംപിൽ അവസരം നൽകിയില്ല. ലിസാറോ കമ്പനി സ്ഥാപകൻ ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാൻസ് വുമൺ മോഡലിനെയാണ് ജെനിൽ പരസ്യമായി അധിക്ഷേപിച്ചത്. മോഡലിന്റെ പരാതിയിൽ ജെനിലിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

പെൺക്കുട്ടികളെ ഉൾപ്പെടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കമ്പനികൾക്കെതിരെ കാര്യമായ നടപടികളും ഉണ്ടാകാറില്ല. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ കെണിയിൽ പെടുത്തി കൈമാറുന്ന സംഘങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഓടുന്ന കാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ പിന്നിൽ ഇത്തരം റാക്കറ്റിന്റെ സാന്നിധ്യം വ്യക്തമായതോടെയാണ് അന്വേഷണം.

ഈ കേസിലെ പ്രതികളായ വിവേക്, നിഥിൻ, സുദീപ്, ഡിംപിൾ ലാംബ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങളും ലഭിച്ചിരുന്നു. കൊച്ചി പീഡന കേസിലെ പ്രതി ഡിംപിൾ ലാംബ സമാനമായ രീതിയിൽ മുൻപും പെൺകുട്ടികളെ ബാറുകളിൽ എത്തിച്ചു മദ്യം നൽകി പീഡിപ്പിക്കാൻ അവസരം ഒരുക്കിയതായും സൂചനകളുണ്ടായിരുന്നു.