കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫിനെ (28) ചെന്നൈ ആവടിയില്‍ നിന്നും പിടികൂടിയത് പഴുതുകളില്ലാത്ത അന്വേഷണത്തിന് ഒടുവില്‍. മലപ്പുറം വെട്ടത്തൂര്‍ സ്വദേശിയായ ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ സനൂഫ് ആവടിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അബ്ദുള്‍ സനൂഫ്, പാലക്കാട് കാര്‍ ഉപേക്ഷിച്ചശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ടത് പോലീസിനെ കുഴപ്പിച്ചിരുന്നു.

തുടര്‍ന്ന് കേരളം തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലായി വ്യാപിപ്പിച്ച അന്വേഷണത്തെ ഏകോപിപ്പിച്ചത് 'ഓപ്പറേഷന്‍ നവംബര്‍' എന്ന വാട്സാപ്പ് ഗ്രൂപ്പായിരുന്നു. മലപ്പുറം പാലക്കാട് തൃശൂര്‍ എന്നിവിടങ്ങളില്‍ രഹസ്യാന്വേഷണം നടത്തിയും സി.സി.ടി.വികള്‍ പരിശോധിച്ചും ശേഖരിച്ച വിവരങ്ങള്‍ എ.സി.പി. ഉള്‍പ്പടെയുള്ള പോലീസ് സംഘം പരസ്പരം ചര്‍ച്ചചെയ്ത് നിഗമനത്തിലെത്തിയായിരുന്നു അന്വേഷണം.

പൊലീസിനെ കബളിപ്പിക്കാന്‍ പ്രതി മീശയെടുത്തു കളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍ ഷര്‍ട്ടുകള്‍ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്. പാലക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവില്‍ എത്തിയ സനൂഫ്, പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി അവിടെനിന്നു ചെന്നൈയിലേക്ക് മാറുകയായിരുന്നു.

വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്. നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്നെടുത്ത സിംകാര്‍ഡാണ് ഉപയോഗിച്ചത്. അതില്‍നിന്ന് പ്രതി ഒരാളെ വിളിച്ചതോടെയാണ് നീക്കങ്ങള്‍ മനസ്സിലായത്. സൈബര്‍സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ പൊലീസ് സംഘം ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു.

ഫസീലയെ കൊലപ്പെടുത്തിയത് തനിക്കെതിരെ പീഡന പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമാണെന്ന് സനൂഫ് സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഫസീല മുന്‍പ് നല്‍കിയ പീഡന പരാതി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനാണ് ലോഡ്ജില്‍ മുറിയെടുത്തത്. സംസാരത്തിനിടെ വാക്കേറ്റം ഉണ്ടാവുകയും യുവതി ബഹളംവെച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സനൂഫ് മുന്‍പ് ബസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. അങ്ങനെയാണ് യുവതിയുമായി പരിചയത്തിലായതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച രാത്രി സനൂഫ് പാലക്കാട്ടുനിന്നു ട്രെയിനില്‍ ബെംഗളൂരുവിലേക്കു പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യം കിട്ടിയതു മുതല്‍ പൊലീസ് സനൂഫിനു പിന്നാലെയുണ്ട്. ഒളിവില്‍ പോകാനും സിംകാര്‍ഡ് എടുക്കാനുമെല്ലാം ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

'ഓപ്പറേഷന്‍ നവംബര്‍'

ഫസീലയും സനൂഫും ഒരുമിച്ചാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റാന്വേഷണ വിദഗ്ദ്ധരായ പൊലീസുകാരെ ഉള്‍പ്പെടുത്തി മൂന്നു സംഘങ്ങളായാണ് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സൈബര്‍ വിദഗ്ദ്ധരും സനൂഫിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. സിറ്റി പൊലീസ് അസി. കമ്മിഷണര്‍ ടി.കെ.അഷ്റഫിന്റെ കീഴില്‍ നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷാണ് അന്വേഷണം ഏകോപിപ്പിച്ചത്.

നവംബര്‍ 26-നാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍വെച്ച് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ പ്രതി കൊലപ്പെടുത്തിയത്. അബ്ദുള്‍ സനൂഫ് മുന്‍പ് ബസ് ഡ്രൈവറായി ജോലിചെയ്തിരുന്നു. അങ്ങനെയാണ് ഫസീലയുമായി പരിചയത്തിലാകുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. സിറ്റി പോലീസിന്റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പോലീസ് കമ്മിഷണര്‍ ടി.നാരായണന്റെ കീഴില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം.

പ്രതിയുടെ ലഭ്യമായ ഫോട്ടോകളും ഫോണ്‍ നമ്പരുകളും സി.സി.ടി.വി. ദൃശ്യങ്ങളും അതത് സമയത്ത് ഗ്രൂപ്പില്‍ പങ്കുവെച്ചത് അന്വേഷണ വേഗത കൂട്ടി. കൊലനടന്നതിന്റെ പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാലക്കാട് കണ്ടെത്തിയ കാറാണ് ആദ്യസൂചന നല്‍കിയത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതി ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയതായി മനസിലാക്കി. മുറിയില്‍നിന്ന് രക്ഷപ്പെട്ട സമയത്തെ വേഷവിധാനങ്ങള്‍ മാറ്റിയും മീശവടിച്ചും രൂപമാറ്റം വരുത്തി പ്രതി റെയില്‍വെ സ്റ്റേഷനിലെത്തിയതായി അന്വേഷണസംഘം കണ്ടെത്തി. പക്ഷേ, എവിടേക്കാണ് പോയതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല.

തുടര്‍ന്ന് കര്‍ണാടകയില്‍ വെച്ച് രണ്ടുതവണ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ കിട്ടി. ആ രണ്ടുസമയവും പാലക്കാട്-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ സമയമാണെന്ന് മനസ്സിലാക്കിയതോടെ യാത്ര ബെംഗളൂരുവിലേക്കാണെന്ന നിഗമനത്തില്‍ പ്രത്യേകസംഘം എത്തി. തുടര്‍ന്നായിരുന്നു നടക്കാവ് എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തില്‍ രണ്ടു ടീമുകള്‍ ബാംഗ്ലൂരില്‍ എത്തി അന്വേഷണം നടത്തിയത്. പോലീസ് ബെംഗളൂരുവിലുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതെ വൈഫൈ ഉപയോഗിച്ചും വാട്സ്ആപ് കോള്‍ ചെയ്തുമാണ് കാര്യങ്ങള്‍ അറിഞ്ഞിരുന്നത്.

പൊലീസ് പിന്നാലെയുള്ളത് അറിഞ്ഞു...

ബെംഗളൂരുവില്‍ ഹോട്ടലില്‍ മുറിയെടുത്ത് യുട്യൂബില്‍ ടി.വി. വാര്‍ത്തകള്‍ കണ്ട് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച സനൂഫ് തന്റെ ഫോട്ടോ പതിച്ച ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ച് മനസിലാക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ഇത് കണ്ട ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയായ ചൗഢ ഗൗഢ എന്നയാളുടെ സിം സംഘടിപ്പിച്ച് വിളിച്ച് തമിഴ്നാട്ടിലേക്ക് നീങ്ങിയ പ്രതി, ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടത് പോലീസ് കണ്ടെത്തി.

ഗൂഗിള്‍ വഴി ഹോട്ടലിനെക്കുറിച്ച് സകലവിവരവും ശേഖരിച്ച പോലീസ് സംഘം ഹോട്ടല്‍ വളഞ്ഞപ്പോള്‍ സനൂഫ് മുറിയിലെ ടി.വിയില്‍ യൂട്യൂബില്‍ ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുപോലും നല്‍കാതെ ഓപറേഷന്‍ നവംബര്‍ ചെന്നൈ ആവഡിയിലെ ലോഡ്ജില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് സനൂഫ് താന്‍ ചെയ്ത കുറ്റമെല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു.

തനിക്കെതിരെ ഫസീല ഒറ്റപ്പാലത്ത് ബലാത്സംഗ കേസ് നല്‍കിയതും രണ്ടരമാസം റിമാന്‍ഡിലായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് പറഞ്ഞുതീര്‍ത്ത് കരാര്‍ എഴുതണമെന്ന് പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയുമായി ഇക്കാര്യത്തില്‍ വാക്കേറ്റം നടക്കുകയും കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.

നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ് എസ്.ഐമാരായ ബിനുമോഹന്‍, ലീല, സാബു, രമേശന്‍, ബാബു മമ്പാട്ടില്‍, എ.എസ്.ഐ. നിഷ, വനിതാ സി.പി.ഒ. സോമിനി എന്നിവര്‍ക്ക് പുറമെ എസ്.സി.പി.ഒമാരായ സജിഷ്, ശ്രീരാഗ്, റിജേഷ്, സിറ്റി സ്‌ക്വാഡിലെ ഷാലു, സുജിത്ത്, ജിനീഷ്, പ്രശാന്ത് കുമാര്‍, ഹാദില്‍ കുന്നുമ്മല്‍, രാഗേഷ്, ഷാഫി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.