കണ്ണൂർ: കണ്ണൂർ നഗരത്തിലെ പ്രമുഖ ജൂവലറിയായ താവക്കരയിലെ കൃഷ്ണ ജുവൽസിൽ നിന്നും വിവിധകാലങ്ങളിലായി ഏഴരകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലിസ് കേസെടുത്ത സീനിയർ അക്കൗണ്ടന്റിനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ചിറക്കൽ കടലായി ക്ഷേത്രത്തിന്സമീപം താമസിക്കുന്ന സിന്ധുവിനെതിരെയാണ് കണ്ണൂർ ടൗൺപൊലിസ് വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സ്ഥാപനത്തെ വഞ്ചിച്ചു സിന്ധു ഏഴരകോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കൃഷ്ണ ജുവൽസ് എം. ഡി പൊലിസിൽ നൽകിയ പരാതി. ജൂവലറിയുടെ കണക്കിൽ കൃത്രിമം കാട്ടിയാണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. പുതിയ മാനേജ്മെന്റ് സ്ഥാനമേറ്റതിനു ശേഷം നടത്തിയ ആസ്തി, ബാധ്യത കണക്കെടുപ്പിലാണ് തട്ടിപ്പു വ്യക്തമായത്. ഇതേ തുടർന്നാണ് ഇവർ പൊലിസിനെ സമീപിച്ചത്. ഇത്രയും വലിയ സംഖ്യ പലകാലങ്ങളിലായി സിന്ധു ഭർത്താവിന്റെയും സഹോദരന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചില ബാങ്കുകളിൽ ഇവർ ജോയന്റ് അക്കൗണ്ടുകളും തുടങ്ങിയിട്ടുണ്ട്.

ഇവരുടെ ഭർത്താവ് കണ്ണൂർ നഗരം കേന്ദ്രമായി നടത്തിവരുന്ന റിയൽ എസ്റ്റേറ്റിലും പണം ഇറക്കിയിട്ടുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലിസ് കുറ്റാരോപിതയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയത്. 2004 മുതൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 7,55,30,644 രൂപ തട്ടിയെന്നാണ് പരാതി.

സർക്കാരിലേക്ക് അടക്കേണ്ട ജി. എസ്.ടി ഉൾപ്പെടെയുള്ള വിവിധ നികുതികളിലും ഇവർ തിരിമറി നടത്തിയതായും ആരോപണമുണ്ട്. മുന്മാനേജ്മെന്റുമായുള്ള അടുപ്പം ഉപയോഗിച്ചു മറ്റു ജീവനക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായും പറയുന്നു. സ്ഥാപനത്തിന്റെ കോടികളുടെ കണക്കുകൾ സിന്ധു തനിച്ചാണ് കൈക്കാര്യം ചെയ്തതെന്നും ഇക്കാര്യത്തിൽ മറ്റുള്ളവരെ ഇടപെടുത്തിയിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെ പരാതി നൽകിയതിനു ശേഷം ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. ഇവർ കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയം പൊലീസിനുണ്ട്. അതുവഴി വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കണ്ണൂർ നഗരത്തിലെ പ്രമുഖ ജൂവലറികളിലൊന്നാണ് കൃഷ്ണ ജൂവൽസ്.