കഴക്കൂട്ടം: വിദേശത്ത് ജോലി നേടുന്നതിനായി പാസ്‌പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്‌പോർട്ട് ഓഫിസിൽ ഹാജരാക്കിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വ്യാജരേഖകളെടുക്കാൻ സഹായിക്കുകയും പൊലീസ് വെരിഫിക്കേഷനിൽ ഇടപ്പെട്ട് പാസാക്കാൻ സഹായിക്കുകയും ചെയ്ത തുമ്പ പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം.

ഇതിന്റെ ഭാഗമായി അൻസിൽ അസീസിന്റെ വെമ്പായം കൊഞ്ചിറയിലെ വീട്ടിലും കഴക്കൂട്ടത്തെ ഭാര്യവീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുമ്പ പൊലീസിലെ 20 ഓളം പാസ്‌പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും ഇയാളുടെ ഇടപെടൽ കണ്ടെത്തി.

മറ്റ് സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽപെട്ട പ്രതികൾക്കുപോലും പാസ്‌പോർട്ട് എടുക്കുന്നതിന് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ അഡ്രസ് ഉണ്ടാക്കുകയും വ്യാജ ഇലക്ഷൻ ഐഡി കാർഡ് നിർമ്മിക്കുന്നതിന് ഒത്താശ നൽകിയതും ഇയാളാണെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ അപേക്ഷിച്ച ഇരുപതോളം പാസ്പോർട്ടുകളിൽ 13 എണ്ണത്തിലും അൻസിൽ ഇടപെട്ടിട്ടുണ്ട്. മറ്റു സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികൾക്കുപോലും തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജവിലാസം ഉണ്ടാക്കാനും വ്യാജ വോട്ടർഐഡി കാർഡ് നിർമ്മിച്ചു നൽകാനും അൻസിൽ ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ആരെങ്കിലും വിദേശത്തേക്കു പോയോ എന്നും മനുഷ്യക്കടത്തുമായി ഇതിനു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നേരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്പോർട്ട് വെരിഫിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അൻസിൽ അന്ന് വെരിഫിക്കേഷൻ ചെയ്ത പാസ്പോർട്ടുകളും പരിശോധിക്കും. അൻസിൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ വാങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ രേഖകൾ തുമ്പ പൊലീസ് പരിശോധിച്ചപ്പോഴാണ് അവ തെറ്റാണെന്നു കണ്ടെത്തിയത്.
കഴക്കൂട്ടം അസി. കമ്മിഷണറെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 6 പേർ അറസ്റ്റിലായത്. ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയിട്ടുണ്ട്. കൊല്ലം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54), കൊല്ലം ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ മൊയ്ദീൻ കുഞ്ഞ് (65), മലയിൻകീഴ് സ്വദേശി കമലേഷ് (39), കുളത്തൂർ മൺവിള സ്വദേശി പ്രശാന്ത് (40), വർക്കല കണ്ണമ്പ നാദത്തിൽ സുനിൽകുമാർ (60), വട്ടപ്പാറ ആനി വില്ലയിൽ എഡ്വേഡ് (62) തുടങ്ങിയവരാണ് അറസ്റ്റിലായത്.

മരിച്ച ആളിന്റെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ച് 12 പേർക്ക് പാസ്പോർട്ട് എടുക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചു നൽകിയത് കമലേഷ് ആണ്. രാജ്യം വിട്ട ഗുണ്ടകൾ അടക്കമുള്ളവർക്ക് ഇപ്രകാരം വ്യാജ രേഖകൾ ഉപയോഗിച്ചു പാസ്പോർട്ട് നിർമ്മിച്ചു നൽകി എന്നാണു കണ്ടെത്തൽ. കമലേഷ് ഉണ്ടാക്കി നൽകുന്ന വ്യാജ രേഖകൾക്ക് ക്ലിയറൻസ് നേടിക്കൊടുത്തത് അൻസിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനായി വൻതുക ഇരുവരും കൈപ്പറ്റിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് ഉണ്ടാക്കി നൽകാൻ അൻസിലിനു പണം കൊടുത്തതിനാണ് മൺവിള സ്വദേശി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.

തുമ്പ സ്റ്റേഷൻ പരിധിയിൽ പാസ്പോർട്ട് വെരിഫിക്കേഷനു പോകുന്ന അൻസിൽ അസീസ്, കമലേഷ് നിർമ്മിച്ചു നൽകിയ വ്യാജ രേഖകൾക്ക് ക്ലിയറൻസ് നൽകി പാസ്പോർട്ട് ഓഫിസിൽ അയയ്ക്കുകയായിരുന്നു പതിവ്. ഇയാളുടെ പങ്കിനെക്കുറിച്ച് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു. പിടിയിലായ സഫറുള്ളാഖാനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ അൻസിൽ അസീസിനു പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.